Skip to main content

കൊട്ടിയൂര്‍ സ്‌പെഷ്യല്‍ പ്രൊജക്റ്റ് : വിവരശേഖരണം ആരംഭിച്ചു

 

കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ പണിയ മേഖലയിലെ കുടുംബങ്ങളെ കേന്ദ്രീകരിച്ച് മൈക്രോപ്ലാന്‍ തയ്യാറാക്കുന്നതിനുള്ള വിവരശേഖരണം ആരംഭിച്ചു. ഓരോ കുടുംബങ്ങളുടെയും അവസ്ഥ വിശകലനം ചെയ്ത് അവര്‍ക്ക് അനുയോജ്യമായ പ്ലാന്‍ തയ്യാറാക്കുകയാണ് പദ്ധതി. ഇതിന്റെ ആദ്യഘട്ടമായാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച വിവര ശേഖരണം. ഇതിലൂടെ ലഭിക്കുന്ന വസ്തുതകൾ ഉന്നതി തലത്തില്‍ വിശകലനം ചെയ്ത് പഞ്ചായത്ത് തലത്തില്‍ മൈക്രോ പ്ലാന്‍ രൂപപ്പെടുത്തും. . 

കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ 194 വീടുകളിലായി 269 പണിയ കുടുംബങ്ങളാണുള്ളത്.  ഇത്രയും കുടുംബങ്ങൾക്ക് വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ആവശ്യമായ മേഖലകളിൽ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ഇതോടൊപ്പം വ്യാപിപ്പിക്കുകയും നൂതന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യും. 

കൊട്ടിയൂരില്‍ നടന്ന മൈക്രോപ്ലാന്‍ എന്യുമറേറ്റര്‍മാര്‍ക്കുള്ള പരിശീലനത്തില്‍ സംസ്ഥാന പ്രോഗ്രാം മാനേജര്‍ പ്രഭാകരന്‍ ക്ലാസെടുത്തു. സി ഡി എസ് ചെയര്‍പേഴ്‌സന്‍ ബീന പുതുശ്ശേരി, വൈസ് ചെയര്‍പേഴ്‌സന്‍ പുഷ്പ കുമാരി, അസി. ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ വിജിത്ത്, ജില്ലാ പ്രോഗ്രാം മാനേജര്‍ പി വിനേഷ്, അനിമേറ്റര്‍ കോ ഓര്‍ഡിനേറ്റര്‍ ജോബി രാഘവന്‍, മെന്റര്‍മാര്‍, അനിമേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

date