Skip to main content

കേരളത്തിന്റെ സമുദ്രാധിഷ്ഠിത വികസന യാത്രയില്‍ പുതിയ ദിശാബോധം നല്‍കി 'വിഷന്‍ 2031'തുറമുഖ വകുപ്പ് സെമിനാര്‍

 

സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് ദിശാബോധം നല്‍കുന്ന 'വിഷന്‍ 2031'ന്റെ ഭാഗമായി അഴീക്കല്‍ തുറമുഖത്ത് സംഘടിപ്പിച്ച തുറമുഖ വകുപ്പിന്റെ സംസ്ഥാനതല സെമിനാര്‍ ആശയങ്ങള്‍ കൊണ്ട് സമ്പന്നമായി. ഏഴു സെഷനുകളിലായി നടന്ന സെമിനാറുകള്‍ തുറമുഖ രംഗത്ത് കേരളത്തിന്റെ ഭാവി വികസനത്തിന് വഴിയൊരുക്കുന്ന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. തുടര്‍ന്ന് പാനല്‍ ചര്‍ച്ചയും നടന്നു.

 

മലബാര്‍ അന്താരാഷ്ട്ര തുറമുഖം:
9000 കോടിയുടെ നിക്ഷേപം; മലബാറിന്റെ വികസനകുതിപ്പിന്റെ മുഖം

 

വിഴിഞ്ഞം കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവുമധികം നിക്ഷേപവും വികസനവും സാധ്യമാക്കുന്ന പദ്ധതിയാണ് മലബാര്‍ അന്താരാഷ്ട്ര തുറമുഖമെന്ന് പഠനം. വിഷന്‍ 2031 ന്റെ ഭാഗമായ തുറമുഖ വികസന സദസ്സില്‍ മലബാര്‍ തുറമുഖം സംബന്ധിച്ച് പോര്‍ട്ട് എം.ഡി യും സിഇഒ യുമായ എല്‍. രാധാകൃഷ്ണന്‍ അവതരിപ്പിച്ച സെമിനാറിലാണ് തുറമുഖത്തിന്റെ സാധ്യതകള്‍ പരാമര്‍ശിച്ചത്. 2026ല്‍ തുറമുഖത്തിന്റെ നിര്‍മ്മാണം ആരംഭിച്ച് 2031 ല്‍ഒന്നാം ഘട്ടം പൂര്‍ത്തിയാക്കും വിധമാണ് ലക്ഷ്യമിടുന്നത്. 14 മീറ്റര്‍ ആണ് തുറമുഖത്തിന്റെ ആഴം. മൂന്നര കിലോമീറ്റര്‍ പുലിമുട്ട്, അര കിലോമീറ്റര്‍ ബര്‍ത്ത്, എന്നിവയും അനുബന്ധ സൗകര്യങ്ങളും പോര്‍ട്ടില്‍ നിര്‍മ്മിക്കും. ആദ്യഘട്ടത്തില്‍ 3742 കോടി രൂപയാണ് ചെലവ് വരിക. പദ്ധതി റിപ്പോര്‍ട്ട് പ്രകാരം രണ്ടാം ഘട്ടത്തിന് 375 കോടിയും മൂന്നാം ഘട്ടത്തിന് 930 കോടിയുമാണ് ചെലവാകുക. പദ്ധതിക്ക് അടങ്കല്‍ 5047 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. തുടക്കത്തില്‍ 5000 കണ്ടെയ്‌നര്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പലുകള്‍ക്ക് ഇവിടെ അടുക്കാനാകും. നാലു വര്‍ഷത്തിനുള്ളില്‍ പ്രതിവര്‍ഷം 300 കപ്പലുകളും 12 വര്‍ഷത്തിനുള്ളില്‍ 850 കപ്പലുകളും കൈകാര്യം ചെയ്യാന്‍ കഴിയും.

ചരക്കുകളുടെ കയറ്റുമതിയും ഇറക്കുമതിയും നടത്താന്‍ കഴിയുന്ന ഗേറ്റ് വേ തുറമുഖമായി മലബാര്‍ അന്താരാഷ്ട്ര തുറമുഖം മാറുന്നതോടെ ബ്രേക്ക് ബള്‍ക്ക് ചരക്കുകള്‍, പെട്രോളിയം പോലുള്ള ദ്രാവക ചരക്കുകള്‍, കണ്ടെയ്‌നറുകള്‍ എന്നിവകൈകാര്യം ചെയ്യാനാകും. പ്രതിവര്‍ഷം 51 ശതമാനം വിദേശ കയറ്റിറക്കുമതിയും 49 ശതമാനം ആഭ്യന്തര ചരക്കു നീക്കവും മലബാര്‍ അന്താരാഷ്ട്ര തുറമുഖത്തിലൂടെ സാധ്യമാകും. തുറമുഖാധിഷ്ഠിത വ്യവസായങ്ങള്‍ ഇതൊടനുബന്ധിച്ച് വളര്‍ച്ച പ്രാപിക്കും. തീരദേശ സാമ്പത്തിക മേഖല അഭിവൃദ്ധിപ്പെടും. ഉയര്‍ന്ന നിലവാരമുള്ള റോഡുകള്‍, സംഭരണ ശാലകള്‍, ലോജിസ്റ്റിക്‌സ് മേഖലയിലെ തൊഴിലവസരങ്ങള്‍, ഹോട്ടല്‍, വലിയ കണ്ടെയ്‌നര്‍ വാഹനങ്ങളുടെ റിപ്പയര്‍ തുടങ്ങിയ മേഖലകളില്‍ വളര്‍ച്ച എന്നിവ തുറമുഖത്തിന്റെ നേട്ടങ്ങളാണ്. കൂടാതെ സിമന്റ്, മറ്റ് നിര്‍മ്മാണ സാമഗ്രികള്‍, ഭക്ഷ്യധാന്യങ്ങള്‍, ഉപഭോക്തൃ വസ്തുക്കള്‍ എന്നിവയുടെ ചരക്ക് നീക്കത്തിന് ചെലവും സമയവും കുറയും. 

തുറമുഖത്തിനൊപ്പം അനുബന്ധ വ്യവസായ വളര്‍ച്ചകൂടി ലക്ഷ്യമിടുന്ന പദ്ധതിയില്‍ പ്രത്യേക സാമ്പത്തിക മേഖല രൂപീകരിക്കുന്നതിനായി വെളിയംപറമ്പില്‍ 475 ഏക്കറും പനയത്താം പറമ്പില്‍ 500 ഏക്കറും ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ അവസാന ഘട്ടത്തിലാണ്. തുറമുഖത്തിന്റെ അനുബന്ധമായി പ്രത്യേക വ്യാവസായിക മേഖലയില്‍ 3000 കോടിയുടെ നിക്ഷേപത്തിനുള്ള സാധ്യതയും ഇതുവഴി തുറക്കും. സംസ്ഥാനത്ത് വ്യാവസായിക വളര്‍ച്ചക്കൊപ്പം തൊഴിലവസരങ്ങളുടെ വളര്‍ച്ചയും ഉണ്ടാകും. ഇത്തരത്തില്‍ നിര്‍മ്മാണത്തിന് ചെലവഴിക്കുന്ന തുകയുടെ 20 ശതമാനത്തിലധികം തിരികെ ലാഭം ലഭിക്കുന്ന പദ്ധതിയാണ് മലബാര്‍ തുറമുഖം എന്നതും ഏറ്റവും വലിയ നേട്ടമാണ്. ടാറ്റ കണ്‍സള്‍ട്ടിങ് എഞ്ചിനീയേഴ്‌സ് ആണ് തുറമുഖം സംബന്ധിച്ച സമഗ്രമായ സാധ്യത പഠനം നടത്തിയത്. സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തല്‍ അതോറിറ്റി നല്‍കിയ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പഠനങ്ങള്‍ നടത്തിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പരിസ്ഥിതി അനുമതി ലഭിച്ചാലുടന്‍ പദ്ധതി പ്രവൃത്തി ആരംഭിക്കാനാകുമെന്നും പോര്‍ട്ട് എം.ഡി പറഞ്ഞു. 

 

വിഴിഞ്ഞം തുറമുഖം ഭാവി കേരളത്തിന്റെ വികസന പ്രതീക്ഷ

 

പ്രതിസന്ധികളെ കൂട്ടായ പരിശ്രമത്തിലൂടെ മറികടന്ന്, വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസന മാതൃകയായി മാറിയിരിക്കുന്നുവെന്ന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ് എം ഡി ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സാധ്യതകളുടെ പുതുലോകം എന്ന സെമിനാറില്‍  വിഷയാവതരണം നടത്തുകയായിരുന്നു അവര്‍. ഏറ്റവും വലിയ മാതൃയാനങ്ങള്‍ക്കും അടുക്കാന്‍ കഴിയുന്ന സൗകര്യം വിഴിഞ്ഞം തുറമുഖത്തിനുണ്ട്. അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടുകളോട് ഏറ്റവും അടുത്തുകിടക്കുന്നത് തുറമുഖത്തിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും. ലോകവ്യാപകമായി സമുദ്രാധിഷ്ഠിത ചരക്ക് നീക്കങ്ങള്‍ അദൃശ്യ വിപ്ലവം സൃഷ്ടിക്കുന്ന കാലത്ത് സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി മാറാന്‍ വിഴിഞ്ഞം തുറമുഖത്തിന് കഴിഞ്ഞിരിക്കുന്നു.

പുതുക്കിയ കരാര്‍ പ്രകാരം 2028 ല്‍ തുറമുഖത്തിന്റെ ശേഷിക്കുന്ന പ്രവൃത്തിയും പൂര്‍ത്തിയാകും. ഇതോടെ രാജ്യത്തിന് പുറത്തുള്ള തുറമുഖങ്ങളിലൂടെ നടക്കുന്ന 75 ശതമാനത്തോളം ട്രാന്‍സ്ഷിപ്‌മെന്റ് വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിക്കാനാകും ഇതോടെ ഏകദേശം 220 ദശലക്ഷം യുഎസ് ഡോളറിന്റെ വിനിമയം സാധ്യമാകും. വിഴിഞ്ഞം ട്രാന്‍സ്ഷിപ്‌മെന്റില്‍ ഒതുങ്ങാതെ കയറ്റുമതിയും ഇറക്കുമതിയും നാടത്തുന്ന ഗേറ്റ് വേ തുറമുഖമാക്കാനുള്ള നടപടികളും ഉണ്ടാകും. വരുമാനം നഷ്ടപ്പെട്ട 2980 കുടുംബങ്ങള്‍ക്ക് 114 കോടി രൂപ ഇതിനോടകം വിതരണം ചെയ്തുകഴിഞ്ഞു. ഇന്ധനച്ചെലവിനുള്ള തുക പോലും സര്‍ക്കാര്‍ നല്‍കി വരികയാണ്. ഇന്ത്യയിലെ തന്നെ ആദ്യ വനിതാ ക്രെയിന്‍ ഓപ്പറേറ്റര്‍ വിഴിഞ്ഞം തുറമുഖത്തില്‍ സേവനമനുഷ്ഠിക്കുന്നു എന്നത് സംസ്ഥാനത്തിനുള്ള അഭിമാന നേട്ടമാണ്. ചരക്ക് ഗതാഗതമാര്‍ഗം മാത്രമല്ല, കേരളത്തിന്റെ ആകമാനം വികസനത്തിനുള്ള വഴിയാണ് വിഴിഞ്ഞം തുറമുഖമെന്ന് സെമിനാര്‍ വിലയിരുത്തി. 

 

വിഴിഞ്ഞം തുറമുഖത്തിന്റെ വളര്‍ച്ചക്ക് വ്യവസായ നിക്ഷേപം ആവശ്യം 

 

വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഒരു ചാലകശക്തിയായി വരണമെങ്കില്‍ വ്യവസായ മേഖലയില്‍ നിന്നുള്ള വലിയ നിക്ഷേപം ആവശ്യമാണെന്ന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് സി ഇ ഒ ശ്രീകുമാര്‍ കെ നായര്‍ പറഞ്ഞു. തുറമുഖാധിഷ്ഠിത വ്യവസായവും ലോജിസ്റ്റിക്സും എന്ന സെഷന്‍ കൈകാര്യം ചെയ്യുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖം വഴി  ദുബായിലേക്കുള്ള ചരക്കു നീക്കത്തിന് ആറു ദിവസം മാത്രം മതി എന്നത് കേരളത്തിനുള്ള വലിയ സാധ്യതയാണ്. 13 മാസം മാത്രം പ്രവര്‍ത്തന കാലയളവുള്ള വിഴിഞ്ഞം തുറമുഖത്തില്‍ 550-ഓളം കപ്പലുകളെത്തിച്ചേര്‍ന്നു. ലോകത്തെ 45 തുറമുഖങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ഏക ഇന്ത്യന്‍ തുറമുഖമാണ് വിഴിഞ്ഞം.

വിഴിഞ്ഞം തുറമുഖം വഴി അമേരിക്കയുടെ കിഴക്കന്‍ തീരത്തേക്ക് ചരക്ക് എത്താന്‍ 32 ദിവസവും, പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് 21 ദിവസവും മതി.  ഇത് നിലവിലുള്ള സമയത്തിന്റെ പകുതിയില്‍ താഴെയാണ്. ഈ അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുകയാണെങ്കില്‍ 2031-ഓടെ വിഴിഞ്ഞം തുറമുഖം വഴി രണ്ട് ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങളും 10 ലക്ഷം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ സാധിക്കും. സിംഗപ്പൂര്‍ പോലുള്ള നഗരരാഷ്ട്രങ്ങളെ മാതൃകയാക്കി പരിസ്ഥിതി സൗഹൃദ വ്യവസായങ്ങള്‍ വികസിപ്പിക്കാന്‍ കേരളത്തിന് സാധിക്കണം. വിഴിഞ്ഞം തുറമുഖത്തിന്റെ പൂര്‍ണ്ണമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് ലോജിസ്റ്റിക് സംവിധാനങ്ങള്‍, ഷിപ്പ് റിപ്പയര്‍ സൗകര്യങ്ങള്‍, വ്യവസായ മേഖല എന്നിവ വികസിപ്പിക്കേണ്ടതുണ്ട്. വടക്കന്‍ കേരളത്തില്‍ നിന്നുള്ള ചരക്കുകള്‍ വിഴിഞ്ഞം തുറമുഖത്തേക്ക് ബാര്‍ജുകള്‍ വഴി എത്തിക്കാന്‍ സാധിക്കും. ഇതിന് വ്യവസായ മേഖലയുടെ ക്രിയാത്മകമായ ഇടപെടല്‍ ആവശ്യമാണ് എന്നീ നിര്‍ദ്ദേശങ്ങളും അദ്ദേഹം പങ്കുവച്ചു.

 

അഴീക്കല്‍ തുറമുഖത്തെ മലബാറിന്റെ വികസന കേന്ദ്രമാക്കണം 

 

തുറമുഖ വികസനം, വ്യവസായ വാണിജ്യം മേഖലയുടെ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും'' എന്ന വിഷയത്തില്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി സി. അനില്‍കുമാര്‍ വിഷയാവതരണം നടത്തി. മലബാറിന്റെ വികസനകേന്ദ്രമായി അഴീക്കല്‍ തുറമുഖത്തെ രൂപപ്പെടുത്താന്‍ കഴിയുമെന്നും ട്രേഡേഴ്‌സ് സമൂഹത്തിനും വ്യവസായികള്‍ക്കും വലിയ പ്രതീക്ഷകള്‍ നിറയ്ക്കുന്ന പദ്ധതികളാണ് മുന്നോട്ട് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. തുറമുഖത്തെ ഉപയോഗപ്പെടുത്തി ചരക്ക് സര്‍വീസ് ആരംഭിക്കുന്നത് ചരക്ക് നീക്കചെലവ് കുറയ്ക്കാനും സഹായകരമാകും. ഗ്രീന്‍ഫീല്‍ഡ് തുറമുഖ വികസനത്തിനൊപ്പം വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്നതിനും ഒരു വെസല്‍ എങ്കിലും സ്ഥിരമായി സര്‍വീസ് നടത്താന്‍ കഴിയണം. ആഴം വര്‍ധിപ്പിക്കുന്നതിനുള്ള ഡ്രഡ്ജിംഗ് സംവിധാനം, മനുഷ്യ വിഭവ ശേഷി ഉപയോഗപ്പെടുത്താന്‍ സംവിധാനം, പൈപ്പ് ലൈന്‍ സൗകര്യം തുടങ്ങിയ നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു.

 

ഗള്‍ഫ് പാസഞ്ചര്‍ സെമി ക്രൂയിസ് കപ്പല്‍ സര്‍വീസ് സാധ്യതകള്‍ പരിശോധിക്കും  

 

ഗള്‍ഫ് മേഖലയും കേരളവും ബന്ധിപ്പിച്ചുള്ള പാസഞ്ചര്‍ സെമി ക്രൂയിസ് കപ്പല്‍ സര്‍വ്വീസ് പ്രവാസികള്‍ക്ക് അധികരിച്ച വിമാനയാത്രാ നിരക്കുകളില്‍ നിന്നും ആശ്വാസമാകുമെന്ന് കേരള മാരിടൈം ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ എന്‍ എസ് പിള്ള പറഞ്ഞു. മറ്റ് നോണ്‍ മേജര്‍ തുറമുഖ വികസനവും മാരിടൈം ടൂറിസവും മാരിടൈം വിദ്യാഭ്യാസവും ഉള്‍നാടന്‍ യന്ത്രവല്‍ കൃതയാനങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. 
പുത്തന്‍ പ്രതീക്ഷയായി വിഴിഞ്ഞം തുറമുഖം മാറിയ ഘട്ടത്തിലും സംസ്ഥാനത്ത് നിര്‍ജീവമായ 17 നോണ്‍ മേജര്‍ തുറമുഖങ്ങളുമുണ്ട്. നല്ല രീതിയില്‍ ചരക്ക് വ്യാപാരം നടത്തിയിരുന്ന കോവളം, കൊല്ലം, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളെ വിഴിഞ്ഞം തുറമുഖത്തിന്റെ ഫീഡര്‍ തുറമുഖങ്ങളാക്കി മാറ്റാന്‍ മാരിടൈം ബോര്‍ഡ് ലക്ഷ്യമിടുന്നു. 

പൊന്നാനിയില്‍ ഒരു കപ്പല്‍ നിര്‍മ്മാണശാല ആരംഭിക്കുന്നതിന് മാരിടൈം ബോര്‍ഡ് പദ്ധതി പുരോഗമിക്കുകയാണ്. കൊച്ചി കഴിഞ്ഞാല്‍ കേരളത്തിലെ പ്രധാനപ്പെട്ട നിര്‍മ്മാണശാലയായി പൊന്നാനിയുടെ മുഖമുദ്രയായി ഇത് മാറും. കപ്പല്‍ നിര്‍മ്മാണശാല കൂടാതെ മറൈന്‍ പാര്‍ക്കും പൊന്നാനിയില്‍ സ്ഥാപിക്കും അതിന്റെ ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഫ്‌ലോട്ടിങ് ജെട്ടികള്‍ പാസഞ്ചര്‍ ടെര്‍മിനല്‍ എന്നിവ ഒരുക്കി ആലപ്പുഴയില്‍ ഒരു മിനിമറീന ആരംഭിക്കാനുള്ള പദ്ധതിയും പരിഗണനയിലുണ്ട്. കേരള മാരി ടൈം ബോര്‍ഡിന് കീഴിലുള്ള നീണ്ടകര, കൊടുങ്ങല്ലൂര്‍ മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍  കപ്പല്‍ ഉള്‍നാടന്‍ യന്ത്രവല്‍കൃതയാനങ്ങള്‍ അധിഷ്ടിതമായ വിദ്യാഭ്യാസം നല്‍കുന്ന കേന്ദ്രങ്ങളായി വികസിപ്പിക്കും. നീണ്ടകര മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് സൗത്ത് ഇന്ത്യയിലെ തന്നെ മാരിടൈം എജുക്കേഷനല്‍ ഹബ്ബും ടൂറിസം ഡെസ്റ്റിനേഷനും ആയി വികസിപ്പിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ഉള്‍നാടന്‍ ജലപാത വികസനം 2026 ഓടുകൂടി പൂര്‍ത്തികരിക്കാന്‍ സാധിക്കും. യന്ത്രവത്കരണ യാനങ്ങളുടെ സുരക്ഷ ഉറപ്പാക്കി അവയുടെ പ്രവര്‍ത്തനം ക്രമപ്പെടുത്തുന്നതിനും കേരള നൗക ദി ഐ വി കണക്ട് എന്ന പോര്‍ട്ടില്‍ നടപ്പിലാക്കിയിട്ടുണ്ട് എന്നും എന്‍ എസ് പിള്ള പറഞ്ഞു.

 

ഉള്‍നാടന്‍ ചരക്ക് ഗതാഗതം വലിയ സാധ്യത 

 

കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്ക് സമീപം വിപുലമായ റോഡ് - റെയില്‍ - ഉള്‍നാടന്‍ ജലപാത ബന്ധമുള്ള കോട്ടയം തുറമുഖത്തിനോടനുബന്ധിച്ച് ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ക്ക് വലിയ സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് കോട്ടയം പോര്‍ട്ട് ആന്‍ഡ് ഇന്‍ലാന്‍ഡ് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ മാനേജിംഗ് ഡയറക്ടര്‍ എബ്രഹാം വര്‍ഗീസ് പറഞ്ഞു. സമുദ്ര ഉള്‍നാടന്‍ ജലഗതാഗതം ബന്ധിപ്പിച്ചുകൊണ്ടുള്ള ചരക്ക് നീക്കം വിഷയമ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഉള്‍നാടന്‍ ജലാശയ കണ്ടൈനര്‍ ടെര്‍മിനലും, തുറമുഖവുമായ കോട്ടയം പോര്‍ട്ട്. നിലവില്‍ ഇത് മുഴുനീള കസ്റ്റംസ് സ്റ്റേഷനായി പ്രവര്‍ത്തിക്കുകയും 650 ലക്ഷം ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. 

ലോകോത്തര നിലവാരത്തിലുള്ള മാനുഫാക്ച്ചറിംഗ്, അസ്സംബ്ലിംഗ്, ലേബലിംഗ്, പാക്കിംഗ്, സോര്‍ട്ടിംഗ്, ഡിസ്ട്രിബ്യൂഷന്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനാവശ്യമായ വെയര്‍ഹൗസുകള്‍, ഡിസ്ട്രിബ്യൂഷന്‍ സെന്ററുകള്‍, ലോകോത്തര നിലവാരത്തിലുള്ള കണ്‍വെന്‍ഷന്‍ സെന്ററുകള്‍, ഹോട്ടലുകള്‍ എന്നിവ അടങ്ങിയ സമഗ്രമായ പദ്ധതി സ്വകാര്യപങ്കാളിത്തത്തോടെ 2031 ഓടുകൂടി നടപ്പിലാക്കുവാന്‍ ലക്ഷ്യമിടുന്നു. ഏറ്റുമാനൂര്‍ റയില്‍വേ സ്റ്റേഷനു സമീപം സ്വകാര്യ പങ്കാളിത്തത്തോടെ ഒരു കണ്ടൈനര്‍ സ്റ്റേഷന്‍ ആരംഭിക്കുവാനുള്ള പദ്ധതി ഇന്ത്യന്‍ റയില്‍വേയുമായി ചേര്‍ന്ന് നടപ്പിലാക്കുവാന്‍ പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

സഹകരണ- തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍, മുന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി (റിട്ട.) ജെയിംസ് വര്‍ഗീസ്, തുറമുഖ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബി അബ്ദുള്‍ നാസര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, മുന്‍ എം എല്‍ എയും കേരളാ മാരിടൈം ബോര്‍ഡ് അംഗവുമായ എം. പ്രകാശന്‍ മാസ്റ്റര്‍, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ഐ സി ജി കമാന്‍ഡന്റ് ഹരിപ്രീത് സിംഗ്, കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എം ഡി ദിനേശ് കുമാര്‍, വെസ്റ്റേണ്‍ ഇന്ത്യ ചെയര്‍പേഴ്‌സണ്‍ മായന്‍ മുഹമ്മദ്, റിട്ടയേഡ് റിയര്‍ അഡ്മിറല്‍ ഇന്ത്യന്‍ നേവി ക്യാപ്റ്റന്‍ മോഹന്‍, ശൗര്യചക്ര ക്യാപ്റ്റന്‍ മനേഷ്, ചേമ്പര്‍ ഒഫ് കോമേഴ്‌സ്, ബി.എന്‍.ഐ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

സജീവമായി പാനല്‍ ചര്‍ച

 

സെമിനാറുകള്‍ക്ക് ശേഷം നടന്ന പാനല്‍ ചര്‍ച്ചയില്‍ കേരളം ലഭ്യമായ സമുദ്ര സമ്പത്തിന്റെ ഒരു ശതമാനം പോലും ഉപയോഗിച്ചിട്ടില്ലെന്നും ഉപയോഗിച്ചിരുന്നുവെങ്കില്‍ ചിത്രം മറ്റൊന്ന് ആകുമായിരുന്നുവെന്നും തുറമുഖവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബി.അബ്ദുല്‍ നാസര്‍ ആമുഖമായി പറഞ്ഞു. നയപരമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ബന്ധപ്പെട്ട മേഖലയിലുള്ളവരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുക, പെട്രോളിയം ഉല്‍പന്നങ്ങള്‍ പോലെയുള്ള ഹസാര്‍ഡസ് ചരക്കുകളുടെ നീക്കം ജലഗതാഗതമാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു. തുറമുഖ വകുപ്പ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ജെയിംസ് വര്‍ഗീസ്, മലബാര്‍ ഇന്റര്‍നാഷണല്‍ പോര്‍ട്ട് എം.ഡി എല്‍. രാധാകൃഷ്ണന്‍, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി സി. അനില്‍കുമാര്‍, കേരള മാരിടൈം ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ എന്‍.എസ് പിള്ള, കേരള മാരിടൈം ബോര്‍ഡ് അംഗം പ്രകാശ് അയ്യര്‍, കോട്ടയം പോര്‍ട്ട് ആന്‍ഡ് ഇന്‍ലാന്‍ഡ് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ മാനേജിംഗ് ഡയറക്ടര്‍ എബ്രഹാം വര്‍ഗീസ്, ഡോ.സന്തോഷ് സത്യപാല്‍ എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. 

പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ചര്‍ച്ചക്ക് മറുപടിയായി തുറമുഖവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബി.അബ്ദുല്‍ നാസര്‍ പറഞ്ഞു.
തടസങ്ങള്‍ നീക്കുന്നതിന് പരമാവധി പദ്ധതികള്‍ പൊതു സ്വകാര്യ പങ്കാളിത്ത  മാതൃകയിലാക്കും, എല്ലാ പദ്ധതികളും ഗ്രീന്‍ ഇനീഷ്യേറ്റീവ് ആക്കും, റെയില്‍ റോഡ് കണക്ടിവിറ്റി ഫലപ്രദമാക്കും, ഉള്‍നാടന്‍ ജലഗതാഗതത്തിന്റെ പ്രാധാന്യവും സാധ്യതയും ഉപയോഗപ്പെടുത്തി പദ്ധതികള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളം മാരിടൈം ബോര്‍ഡ് എന്‍ഗേജ്‌മെന്റ് ലീഡര്‍ ശരത് വി.രാജ് മോഡറേറ്ററായി. 

date