Skip to main content

കേരള വനം വന്യജീവി വകുപ്പ്: എറണാകുളം മേഖല മലയാള ദിനാഘോഷവും ഭരണഭാഷ വാരാഘോഷവും സംഘടിപ്പിച്ചു

 

 

കേരള വനം വന്യജീവി വകുപ്പ് എറണാകുളം മേഖലയുടെ നേതൃത്വത്തിൽ മലയാള ദിനാഘോഷവും ഭരണഭാഷ വാരാഘോഷ പരിപാടികളും സംഘടിപ്പിച്ചു. 

 

മദ്ധ്യമേഖലാ സാമൂഹ്യ വനവൽക്കരണ ആസ്ഥാന മന്ദിരത്തിൽ നടന്ന പരിപാടി ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു.സാംസ്കാരിക വികസനത്തിൽ ബാല സാഹിത്യത്തിൻ്റെ പങ്ക് എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി. മലയാളം ഭരണഭാഷയെന്ന നിലയിൽ ശക്തിപ്പെടണമെങ്കിൽ, ഔദ്യോഗിക തലത്തിലും ദൈനംദിന ജീവിതത്തിലും ഭാഷയുടെ ഉപയോഗം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

തുടർന്ന് ഇടപ്പള്ളി ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലെ എസ്.പി.സി വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു.

 

ഭാഷാഭിമാനത്തെയും സാംസ്കാരിക പൈതൃകത്തെയും ഉയർത്തിപ്പിടിക്കാനും, വകുപ്പിൻ്റെ ഭരണകാര്യങ്ങളിൽ മലയാളത്തിന്റെ പ്രാധാന്യം ഉറപ്പാക്കാനും ലക്ഷ്യമിടുന്ന ഭരണഭാഷ വാരാഘോഷം നവംബർ 7 വരെ നീണ്ടുനിൽക്കും.

 

​ഈ ദിവസങ്ങളിൽ മലയാള പ്രഭാഷണങ്ങൾ, കവിതാ വേദി, ഭാഷാ ക്വിസ്, പ്രബന്ധ രചന മത്സരം, കഥാ- കവിതാ രചന തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറും.

 

ചടങ്ങിൽ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സാമൂഹ്യ വനവൽക്കരണം) ഫെൻ ആൻ്റണി അധ്യക്ഷനായി. ഫ്ലൈയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ കെ. ആർ വീണ ദേവി , എറണാകുളം ലെയ്സൺ ഓഫീസർ ചിന്നു ജനാർദ്ദനൻ, വിവിധ വിഭാഗങ്ങളിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

date