ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ വാർത്താസമ്മേളനം
സംസ്ഥാന സാമൂഹ്യ നീതിവകുപ്പിന്റെ കീഴിലുള്ള മികവിന്റെ കേന്ദ്രമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനെ അന്താരാഷ്ട്ര സൗകര്യ-സംവിധാനങ്ങളോടെയുള്ള ഭിന്നശേഷി പുനരധിവാസ കേന്ദ്രമായി മാറ്റാനുള്ള ബൃഹദ് പദ്ധതിയിലേക്ക് പ്രവേശിക്കുകയാണ് സംസ്ഥാന സർക്കാർ. നിപ്മറിൻ്റെ വിവിധ വികസനപ്രവർത്തനങ്ങൾക്കായി 73 കോടി രൂപ വായ്പയായി സംസ്ഥാന സർക്കാർ ലഭ്യമാക്കി.
നബാർഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടിൽ നിന്നാണ് സംസ്ഥാന സർക്കാരിൻ്റെ ഈടിൽ തിരിച്ചടവ് ഉറപ്പാക്കിക്കൊണ്ട് വായ്പ ലഭ്യമാക്കിയിരിക്കുന്നത്.
നിലവിലെ 11 കിടക്കകൾ ഉള്ള സ്‌പൈനൽ കോർഡ് ഇഞ്ചുറി റീഹാബിലിറ്റേഷൻ യൂണിറ്റ്, 250 കിടക്കകൾ ഉള്ള റീഹാബ് ആശുപത്രിയായി ഉയർത്തുന്നതിനാണ് 53 കോടി രൂപ വിനിയോഗിക്കുക. നിപ്മറിലെ വിവിധ അക്കാദമിക് കോഴ്സുകൾക്ക് ആവശ്യമായ അധിക ക്ലാസ്സ് മുറികൾ, പരീക്ഷാ ഹാൾ, അനാട്ടമി പഠന സൗകര്യം, ലൈബ്രറി വിപുലീകരണം എന്നിവയ്ക്കായി പ്രത്യേക അക്കാദമി ബ്ലോക്ക് നിർമ്മാണത്തിന് 20 കോടിയും അനുവദിച്ചു.
കേരളത്തിൽ ആദ്യമായി കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തു ബാച്ചിലർ ഓഫ് ഒക്യുപ്പേഷണൽ തെറാപ്പി, ബാച്ചിലർ ഓഫ് പ്രൊസ്തെറ്റിക്സ് ആൻഡ് ഓർത്തോറ്റിക്സ് ഡിഗ്രി പ്രോഗ്രാമുകൾ ആരംഭിച്ച സ്ഥാപനമാണ് നിപ്മർ. കൂടാതെ റീഹാബിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ ഡിപ്ലോമ ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ കെയർ ഗിവേഴ്സ് ട്രെയിനിങ് പ്രോഗ്രാം, കമ്മ്യൂണിറ്റി ബേസ്ഡ് ഇൻക്ലൂസീവ് ഡെവലമെന്റ് എന്നീ കോഴ്സുകളും നടത്തി വരുന്നു.
നാലു തവണ മികച്ച സ്ഥാപനത്തിനുള്ള സംസ്ഥാന പുരസ്‌കാരവും, 2024ലെ ഐക്യരാഷ്ട്ര സഭാ ടാസ്‌ക്ഫോഴ്‌സ് അവാർഡും നേടിയ നിപ്മറിനെ 2025ൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ മികവിന്റെ കേന്ദ്രമായി അംഗീകരിച്ചിരുന്നു.
പുതിയ പദ്ധതികൾ കൂടി യാഥാർത്ഥ്യമാകുന്നതോടെ നിപ്മർ ലോകോത്തര സൗകര്യമുള്ള കേന്ദ്രമായി മാറും.
- Log in to post comments