Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ്: ഇവിഎം കമ്മീഷനിങ് കേന്ദ്രങ്ങള്‍ ജില്ല കലക്ടര്‍ സന്ദര്‍ശിച്ചു

തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിങ് കേന്ദ്രങ്ങള്‍ ജില്ല തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ സന്ദര്‍ശിച്ചു. നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലെ കമ്മീഷനിങ് കേന്ദ്രത്തോടൊപ്പം സജ്ജീകരിച്ച സ്ട്രോങ് റൂമും ജില്ല കലക്ടര്‍ പരിശോധിച്ചു. പന്തളം, പത്തനംതിട്ട നഗരസഭകളിലെയും മല്ലപ്പള്ളി, കോയിപ്രം, റാന്നി, കോന്നി, പന്തളം, പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെയും വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിങ്ങാണ് നടന്നത്.  

സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം  എന്നിവ പ്രിന്റ് ചെയ്ത ബാലറ്റ് ലേബല്‍ വോട്ടിംഗ് മെഷീനില്‍ ചേര്‍ത്ത് പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തി. നഗരസഭ, ത്രിതല പഞ്ചായത്ത് എന്നിടങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളാണ് അതാത് കേന്ദ്രങ്ങളില്‍ സജ്ജമാക്കുന്നത്.
വോട്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയുന്നതിനായി മെഷീനില്‍ വ്യത്യസ്ത നിറത്തിലുള്ള ബാലറ്റ് ലേബലാണ് പതിക്കുന്നത്. നഗരസഭയ്ക്കും ഗ്രാമപഞ്ചായത്തിനും വെള്ളയും ബ്ലോക്ക് പഞ്ചായത്തിന് പിങ്കും ജില്ലാ പഞ്ചായത്തിന് ഇളം നീല നിറത്തിലുള്ള ലേബലാണ് ഉപയോഗിക്കുന്നത്. സ്ഥാനാര്‍ഥികളുടെ എണ്ണത്തിന് അനുസരിച്ചാണ് ബാലറ്റ് യൂണിറ്റ് ക്രമീകരിക്കുന്നത്. സ്ഥാനാര്‍ഥികളുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് വോട്ടിങ് മെഷീന്‍ കമ്മീഷനിങ് നടത്തിയത്. വോട്ടെടുപ്പിന്റെ തലേന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വോട്ടിംഗ് യന്ത്രം കൈമാറും.

പന്തളം നഗരസഭയുടെയും  ബ്ലോക്കിന്റെയും കമ്മീഷനിംഗ് പന്തളം എന്‍എസ്എസ് കോളജിലും പത്തനംതിട്ട നഗരസഭയുടെ കാതോലിക്കേറ്റ് കോളജിലും നടന്നു.
 റാന്നി ബ്ലോക്കിന്റെ റാന്നി സെന്റ് തോമസ് കോളജിലും കോയിപ്രത്തെ ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പറക്കോടിന്റെ അടൂര്‍ ബിഎഡ് സെന്ററിലും കോന്നിയുടെ എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് കമ്മീഷനിങ് നടന്നത്. ഡിസംബര്‍ അഞ്ചിന് പുളിക്കീഴ്, മല്ലപ്പള്ളി ബ്ലോക്ക്, തിരുവല്ല നഗരസഭ എന്നിവയുടെ കമ്മീഷനിങ് നടക്കും.
ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date