Skip to main content
..

പരാതികളിലെല്ലാം നടപടി - ജില്ലാ കലക്ടര്‍

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനവുമായി ബന്ധപ്പെട്ട പരാതികളിലെല്ലാം നടപടി സ്വീകരിച്ചെന്ന് ചേമ്പറില്‍ ചേര്‍ന്ന നീരീക്ഷണസമിതിയോഗത്തില്‍ ചെയര്‍മാനും ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. അനധികൃതമായി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരെയാണ് ഭൂരിഭാഗം പരാതികളും. അവയെല്ലാം ആന്റ് ഡിഫേസ്‌മെന്റ് സ്‌ക്വാഡ് മുഖാന്തിരം നീക്കംചെയ്തു. 2000 ത്തോളമാണ് മാറ്റിയത്.
താത്ക്കാലിക ഡ്രൈവര്‍ സ്ഥാനാര്‍ഥിക്കൊപ്പം പ്രചാരണത്തിനിറങ്ങുന്നുവെന്ന  പരാതി ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിക്ക് കൈമാറി റിപോര്‍ട്ട് തേടി. അനുമതിയില്ലാതെ വാഹനത്തിലൂടെ മൈക്ക് പ്രചാരണം എന്ന പരാതി പൊലിസിനും മോട്ടര്‍വാഹന വകുപ്പിനും കൈമാറിയാണ് നടപടി സ്വീകരിച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട ലഘുലേഖകളുടെ വിതരണത്തിനെതിരെയും നടപടിയെടുത്തു. പ്രചാരണവസ്തുക്കള്‍ നശിപ്പിക്കുന്നുവെന്ന ആക്ഷേപത്തില്‍ നടപടിക്കായി ബന്ധപ്പെട്ട വരണാധികാരിയെ ചുമതലപ്പെടുത്തി. നിശബ്ദപ്രചാരണ വേളയില്‍ ഫോണുകള്‍ മുഖേന ശബ്ദസന്ദേശം പ്രചരിപ്പിക്കുന്നുവെന്ന പരാതിയില്‍ നിര്‍ത്തിവയ്ക്കുന്നതിന് നടപടി സ്വീകരിച്ചു. സഹപ്രവര്‍ത്തകനായ സ്ഥാനാര്‍ഥിക്ക് വേണ്ടി സ്‌കൂള്‍ അധ്യാപിക വാട്ട്‌സ്ആപ് ഗ്രൂപ് വഴി പണപിരിവ് നടത്തിയെന്ന ആക്ഷേപം മുന്‍നിറുത്തി അന്വേഷിച്ച് വിവരം നല്‍കുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തിയെന്നും അറിയിച്ചു.

സമിതി കണ്‍വീനറായ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി എസ്. സുബോധ്, അംഗങ്ങളായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി പ്രതീപ് കുമാര്‍, റൂറല്‍ ഡി.വൈ.എസ്.പി രവിസന്തോഷ്, ഫിനാന്‍സ് ഓഫീസര്‍ സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
 
 

date