Skip to main content

കൊച്ചിൻ കാർണിവൽ : സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമായി പാലിക്കണം - മേയർ വി.കെ മിനിമോൾ

പുതുവത്സരം ആഘോഷിക്കാൻ കൊച്ചി കാർണിവലിന് എത്തുന്നവർ സുരക്ഷാക്രമീകരണങ്ങൾ കൃത്യമായി പാലിക്കണമെന്ന് കൊച്ചി കോർപ്പറേഷൻ മേയർ വി.കെ മിനിമോൾ പറഞ്ഞു. കൊച്ചി കാർണിവലിനോട് അനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിശദീകരിക്കാൻ എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മേയർ. 

 

സുരക്ഷയാണ് ഏറ്റവും പ്രധാനം. കൊച്ചുകുട്ടികളെ കാർണിവലിന് കൊണ്ടുവരുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം പോലീസ് വകുപ്പിൻ്റെ സുരക്ഷാ ക്രമീകരണങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും മേയർ പറഞ്ഞു. 

 

ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ട് കൊച്ചിൻ കാർണിവലിൻ്റെ പ്രധാന വേദി ആകുമെന്ന് ജില്ലാ കളക്ടർ ജി പ്രിയങ്ക അറിയിച്ചു. കൂടാതെ വെളി ഗ്രൗണ്ട് ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ പുതുവത്സരാഘോഷങ്ങൾ നടക്കും. കൊച്ചി കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മികച്ച ഏകോപനമാണ് നടത്തിയിരിക്കുന്നതെന്നും ജില്ലാ കളക്ടർ പറഞ്ഞു. 

 

കൊച്ചി കോർപ്പറേഷൻ, അഗ്നി രക്ഷാ സേന, ആരോഗ്യവകുപ്പ്, കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസ് ഉടമകൾ, പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, ആർ.ടി.ഒ, വാട്ടർ മെട്രോ തുടങ്ങി നിരവധി വകുപ്പുകളുടെ കൂട്ടായ പ്രവർത്തനം പുതുവത്സരാഘോഷങ്ങൾക്ക് പിന്നിൽ ഉണ്ടെന്ന് കളക്ടർ കൂട്ടിച്ചേർത്തു. 

 

പോലീസ് വകുപ്പ് വിട്ടുവീഴ്ചകൾ ഇല്ലാത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.

 

 ഇതിനായി 28 ഇൻസ്പെക്ടർമാരും 13 ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെടെ 1200 പോലീസ് സേനാംഗങ്ങളെ വിന്യസിക്കും. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി പരേഡ് ഗ്രൗണ്ട്, വെളി ഗ്രൗണ്ട് പരിസരത്ത് പാർക്കിംഗ് നിരോധിക്കും. ബുധനാഴ്ച ( ഡിസംബർ 31) ഉച്ചക്ക് രണ്ടിന് ശേഷം ഈ ഭാഗങ്ങളിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. റോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കി നിർദിഷ്ട പാർക്കിംഗ് മേഖലകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. 

 

വൈപ്പിൻ ഭാഗത്തു നിന്നും റോറോ ജങ്കാർ വഴി ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾ വൈകിട്ട് നാല് വരെയും ആളുകളെ ഏഴ് വരെയും മാത്രമേ കടത്തിവിടുകയുള്ളൂ. അതിനു ശേഷം ഫോർട്ട് കൊച്ചിയിൽ നിന്നും മടങ്ങുന്നവർക്ക് മാത്രമേ റോറോ ജങ്കാർ സൗകര്യം ഉപയോഗിക്കാൻ കഴിയുകയുള്ളു. വൈപ്പിനിൽ നിന്നും ഫോർട്ടുകൊച്ചിയിൽ നിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. ബസുകൾ പുലർച്ചെ മൂന്നു വരെ സർവീസ് നടത്തും. മെട്രോ റെയിൽ പുലർച്ചെ രണ്ട് വരെയും വാട്ടർ മെട്രോ പുലർച്ചെ നാലുവരെയും പ്രവർത്തിക്കും. കൂടാതെ കൊച്ചി ഫീഡർ ബസുകളുടെ സേവനവും ലഭ്യമായിരിക്കുമെന്നും പോലീസ് കമ്മീഷണർ അറിയിച്ചു. 

 

ഇതു കൂടാതെ ബയോ ടോയ്‌ലറ്റ് സംവിധാനങ്ങളും മെഡിക്കൽ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

വാർത്താസമ്മേളനത്തിൽ സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ പങ്കെടുത്തു

 

 

date