കേച്ചേരി ജംഗ്ഷന് വികസനം; ഭൂമി ഏറ്റെടുക്കുന്നതിന് 126 കോടി രൂപ അനുവദിച്ചു
തൃശ്ശൂര്‍ - കുറ്റിപ്പുറം സംസ്ഥാന പാതയിലെ ഗതാഗതക്കുരുക്ക് രൂക്ഷമായ കേച്ചേരി ജംഗ്ഷന് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബി 126 കോടി രൂപ അനുവദിച്ചു. കിഫ്ബിയുടെ 55-ാം ജനറല്‍ ബോഡി യോഗത്തിലാണ് പദ്ധതിയുടെ ഭൂമി ഏറ്റെടുപ്പ് ചെലവിനുള്ള ഫണ്ടിംഗിന് അന്തിമ അംഗീകാരമായത്.
കേച്ചേരി - അക്കിക്കാവ് ബൈപാസ് കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി യാഥാര്‍ത്ഥ്യമാക്കിയിരുന്നു. എം.എല്‍.എമാരായ എ.സി മൊയ്തീന്, മുരളി പെരുനെല്ലി എന്നിവരുടെ ശ്രമഫലമായാണ് കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭ്യമായത്. ദീര്‍ഘനാളായുള്ള ഈ പ്രദേശത്തുകാരുടെ കാത്തിരിപ്പിനാണ് കേച്ചേരി ജംഗ്ഷന് വികസനത്തോടെ അവസാനമാകുന്നത്.
തൃശ്ശൂര്‍ - കുറ്റിപ്പുറം റോഡിലെ മഴുവഞ്ചേരി മുതല്‍ ചൂണ്ടല്‍ വരെയുള്ള ചെയിനേജിലാണ് ഭൂമി ഏറ്റെടുക്കലും വികസന പ്രവൃത്തികളും നടപ്പാക്കുന്നത്. ആദ്യഘട്ടമായി കേച്ചേരി ബൈപ്പാസ് റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗവും ജംഗ്ഷനുമാണ് മെച്ചപ്പെടുത്തുക. നാല് റോഡുകള്‍ ചേര്‍ന്ന ജംഗ്ഷനില്‍ തൃശ്ശൂര്‍ ഭാഗത്തേക്ക് 100 മീറ്ററും കുറ്റിപ്പുറം ഭാഗത്തേക്ക് 100 മീറ്ററും വേലൂര്‍ റോഡില്‍ 200 മീറ്ററും മറ്റം റോഡില്‍ 70 മീറ്ററും ദൈര്‍ഘ്യത്തിലാണ് റോഡ് വികസനം നടത്തുന്നത്.
പദ്ധതിക്കായി ഏകദേശം 225 സെന്റ് ഭൂമി ഏറ്റെടുക്കേണ്ടിവരും. കേച്ചേരി ജംഗ്ഷന്റെ ഉയര്‍ന്ന വാണിജ്യ സാധ്യതയും പ്രദേശത്തിന്റെ നിലവിലെ വിപണി മൂല്യവും കണക്കിലെടുത്ത് രജിസ്ട്രേഷന് വകുപ്പിന്റെ ഫെയര്‍ വാല്യൂ അടിസ്ഥാനമാക്കിയാണ് ഭൂമി വില നിര്‍ണ്ണയിച്ചത്. ഭൂമിയുടെ വിപണി മൂല്യം, 100 ശതമാനം സോളേഷ്യം, കെട്ടിടങ്ങളുടെ മൂല്യം, മറ്റ് മെച്ചപ്പെടുത്തലുകള്‍, പുനരധിവാസ-പുനസ്ഥാപന ചെലവുകള്‍ കൂടാതെ മൂന്ന് വര്‍ഷത്തേക്കുള്ള 12 ശതമാനം വര്‍ധന എന്നിവ ഉള്‍പ്പെടുത്തിയാണ് ഭൂമി ഏറ്റെടുപ്പ് ചെലവ് കണക്കാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആകെ ചെലവ് 125.78 കോടി രൂപയായി കണക്കാക്കിയെങ്കിലും ഇത് റൗണ്ട് ചെയ്താണ് 126 കോടി രൂപ അനുവദിച്ചത്.
കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് പദ്ധതിയുടെ നിര്‍വ്വഹണ ചുമതല. ഭൂമി ഏറ്റെടുപ്പ് നടപടികളില്‍ ഗണ്യമായ പുരോഗതി ഉണ്ടാകുന്നതിന് ശേഷം മാത്രമേ സിവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുള്ളു. പദ്ധതിയുടെ നിലവിലെ വ്യാപ്തിയും പുതുക്കിയ ചെലവ് കണക്കും ഉള്‍പ്പെടുത്തി പുതുക്കിയ ഭരണാനുമതി നേടണമെന്നും കിഫ്ബി നിര്‍ദേശിച്ചിട്ടുണ്ട്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കേച്ചേരി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് കുറയുകയും തൃശ്ശൂര്‍ - കുന്നംകുളം - കുറ്റിപ്പുറം മേഖലകളിലേക്കുള്ള യാത്ര കൂടുതല്‍ സുഗമമാകും.
- Log in to post comments