ആരോഗ്യം ആനന്ദം വൈബ് ഫോര്‍ വെല്‍നെസ്'; ജില്ലാതല പ്രീ ലോഞ്ച് സംഘടിപ്പിച്ചു
ജീവിതശൈലീ രോഗനിയന്ത്രണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘ആരോഗ്യം ആനന്ദം വൈബ് ഫോര്‍ വെല്‍നെസ്' ക്യാമ്പയിന്റെ ജില്ലാതല പ്രീ ലോഞ്ചിന് തുടക്കമായി. കാസര്‍ഗോഡ് നിന്നും തുടങ്ങിയ കെ.എസ്.ആര്.ടി.സി വാഹന പ്രചാരണ ജാഥയും ദീപശിഖ പ്രയാണവും പത്തനാപുരത്ത് സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വിഷ്ണു ഭഗത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത് കൃഷ്ണ, പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ഷാനവാസ്, വാര്‍ഡ് മെമ്പര്‍ ഫാറൂഖ് മുഹമ്മദ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ദേവ് കിരണ്‍, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ക്ലെനിന്‍ ഫ്രാന്‍സിസ് ഫെറിയ, ഡോ. വിപിന്‍, ഡോ. ആശാലക്ഷ്മി, തുടങ്ങിയവര്‍ പങ്കെടുത്തു. ദീപശിഖ പ്രയാണം സ്നേഹതീരം സിസ്റ്റര്‍ റോസലിന് ഏറ്റുവാങ്ങി, ബോധവത്കരണ സൈക്കിള്‍ റാലിയുടെ ഫ്ളാഗ് ഓഫ് പുനലൂര്‍ സോമരാജന് നിര്‍വഹിച്ചു. കുന്നിക്കോട്, ചെങ്ങമനാട്, കൊട്ടാരക്കര വിജയ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ബോധവത്കരണ ക്ളാസുകള്‍, ഫ്ളാഷ് മോബ്, വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറി.
കൊട്ടാരക്കര കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച ജില്ലാതല പ്രീ ലോഞ്ച് പരിപാടി കൊട്ടാരക്കര മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ അനിത ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ജീവിതശൈലീ രോഗനിയന്ത്രണത്തിന് യോഗ, വ്യയാമം, ചിട്ടയായ ജീവിത ശൈലീ, നല്ല ആഹാരം എന്നിവ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് മുഖ്യാതിഥിയായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് പറഞ്ഞു. ഡെപ്യൂട്ടി ഡി.എം.ഒ അധ്യക്ഷയായി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ വിഷയാവതരണം നടത്തി.
ക്യാമ്പയിനിന്റെ പ്രചരണാര്‍ഥം ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള കലക്ടറേറ്റ് ടീം, ആരോഗ്യ വകുപ്പ്, എക്സൈസ്, ട്രഷറി വിഭാഗം, പെരുമണ്‍ എന്‍ജിനീയറിങ് വിഭാഗം, സ്വകാര്യ മെഡിക്കല്‍ കോളജില്‍ നിന്നുള്ള ടീം, വനിത ടീം പങ്കെടുത്ത ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചിരുന്നു. ഫൈനലില്‍ ജില്ലാ എക്സൈസ് ടീം, വനിതകളുടെ മത്സരത്തില്‍ റവന്യൂ ടീം എന്നിവര്‍ വിജയികളായി. സമ്മാന വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ആര് അരുണ്‍കുമാര്‍ നിര്‍വഹിച്ചു.
- Log in to post comments