Skip to main content

ജില്ലയിലെ ബാങ്കുകൾ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ നൽകിയ വായ്പ 13,653 കോടി

* കർഷകർക്ക് നൽകിയത് 411 കോടി

ജില്ലയിലെ ബാങ്കുകൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 13,653 കോടി രൂപ വായ്പ ഇനത്തിൽ വിതരണം ചെയ്തതായി ലീഡ് ബാങ്ക് ജില്ലാതല അവലോകന യോഗം വിലയിരുത്തി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച യോഗം ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്തു. 

കാർഷിക മേഖലയ്ക്കും ജലസേചന പദ്ധതികൾക്കുമായി ബാങ്കുകൾ കൂടുതൽ തുക വായ്പ ഇനത്തിൽ മാറ്റിവെക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. കുട്ടനാട് മേഖലയിൽ മത്സ്യകൃഷി, കോഴി വളർത്തൽ നെൽകൃഷി തുടങ്ങിയവയിൽ കൂടുതൽ സാധ്യതകളുണ്ട്. ഹൗസ് ബോട്ടും ശിക്കാര വള്ളങ്ങളും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പദ്ധതി നടപ്പിലാക്കുന്നതിന് ബാങ്കുകൾ വായ്പ അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും വിദ്യാഭ്യാസ വായ്പകൾ പരമാവധി അനുവദിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഗ്രാമ വികസനത്തിനുള്ള വായ്പാ സാധ്യതകൾ വിലയിരുത്തുന്നതിന് നബാർഡ് തയ്യാറാക്കുന്ന സമഗ്ര രേഖയുടെ പ്രകാശനവും ചടങ്ങിൽ ജില്ലാ കളക്ടർ നിർവഹിച്ചു. നബാർഡ് ഡിഡിഎം മിനു അൻവറാണ് 2026-27 ലേക്കുള്ള സമഗ്രരേഖ തയ്യാറാക്കിയത്.

 
നിലവിൽ ജില്ലയിലെ ബാങ്കുകളിൽ 56,073 കോടി രൂപയുടെ നിക്ഷേപവും 31,772 കോടി വായ്‌പയുമാണുള്ളത്. മുൻഗണന മേഖലയിൽ 8,853 കോടി രൂപ വായ്പ ഇനത്തിൽ വിതരണം ചെയ്തിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ സി ഡി റെഷ്യോ 57 ശതമാനമാണ്. വിദ്യാഭ്യാസ വായ്പ‌ക്കായി ലഭിച്ച 2,154 അപേക്ഷകളിലായി 134 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി പ്രകാരം 411 കോടി രൂപയുടെ വായ്‌പയും വിതരണം ചെയ്തു. കഴിഞ്ഞ ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ലഭിച്ച 6,337 ഭവന വായ്പ അപേക്ഷകളിൽ 602 കോടി രൂപ ജില്ലയിലെ ബാങ്കുകൾ വിതരണം ചെയ്തിട്ടുണ്ട്. സ്വയംസഹായ സംഘങ്ങളിൽ നിന്നും 41 കോടി രൂപയുടെ നിക്ഷേപവും 223 കോടി രൂപ വായ്‌പയും വിതരണം ചെയ്തിട്ടുണ്ട്.  31,598 മുദ്ര ലോൺ അപേക്ഷകർക്ക് 396 കോടി രൂപയും 259 പി എം ഈ ജി പി ലോൺ അപേക്ഷകർക്കായി 12 കോടി രൂപയും വിതരണം ചെയ്തു.

 
ചടങ്ങിൽ ലീഡ് ബാങ്ക് മാനേജർ എം അരുൺ അധ്യക്ഷനായി. ആർബിഐ തിരുവനന്തപുരം എൽഡിഒ ആൻഡ് മാനേജർ വി ജി മണികണ്ഠൻ, നബാർഡ് ഡിഡിഎം ആൻഡ് ഡിജിഎം മിനു അൻവർ, എസ്ബിഐ റീജിയണൽ മാനേജർ റ്റി വി മനോജ്‌, വിവിധ ബാങ്ക് പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date