നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം: സന്നദ്ധപ്രവര്‍ത്തകര്‍ ജനുവരി ഒന്ന് മുതല്‍ വീടുകളില്‍ സന്ദര്‍ശനം നടത്തും
നവകേരള പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ തേടി സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ ജനുവരി ഒന്ന് മുതല്‍ വീടുകളിലെത്തും. നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായാണ് സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിക്കുക. ജനങ്ങളില്‍ നിന്ന് വികസന നിര്‍ദ്ദേശങ്ങളും ആശയങ്ങളും ലഭ്യമാക്കുവാനും ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച അഭിപ്രായം ആരായുവാനും പ്രാദേശികമായി വികസന ആവശ്യങ്ങള്‍ മനസിലാക്കി ആസൂത്രണം നടത്തുവാനും അഭിപ്രായം സമാഹരിക്കാനുമാണ് പദ്ധതി നടപ്പാക്കുന്നത്.
വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ അഭിപ്രായം പരിഗണിച്ച് മുന്നോട്ട് പോകുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിന്റെ തുടര്‍ച്ചയായാണ് സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം നടപ്പാക്കുന്നത്.
എല്ലാവീടുകളും സന്ദര്‍ശിച്ച് വികസന നിര്‍ദേശങ്ങള്‍ സ്വീകരിച്ച് നാടിന്റെ ഭാവി മികവുറ്റതാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി പ്രത്യേകം പരിശീലനം നേടിയ സന്നദ്ധ പ്രവര്‍ത്തകരാണ് വീടുകളിലെത്തുക. സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം ജില്ലയില്‍ വിവിധ തദ്ദേശസ്ഥാപന തലത്തില്‍ പുരോഗമിച്ചുവരികയാണ്. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ വീടുകളില്‍ നിന്ന് വിവരശേഖരണം തുടങ്ങും. സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡുമായാണ് സന്നദ്ധ പ്രവര്‍ത്തകരെത്തുക.
ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് ചെയര്‍പേഴ്സണായുള്ള ജില്ലാതല സമിതിയുടെ നേതൃത്വത്തിലാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്. ഇതോടൊപ്പം അസംബ്ലി നിയോജക മണ്ഡലതല സമിതികളും തദ്ദേശസ്ഥാപനതല സമിതികളുമുണ്ട്.
- Log in to post comments