Skip to main content
വൈബ് ഫോര്‍ വെല്‍നസ് കാമ്പയിന്‍ ജില്ലാതല പ്രീ ലോഞ്ച്  ഉദ്ഘാടനം ആറന്മുള സത്രക്കടവില്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു

ആരോഗ്യകരമായ ജീവിതത്തിന് അല്പസമയം മാറ്റിവയ്ക്കണം : മന്ത്രി വീണാ ജോര്‍ജ്  വൈബ് ഫോര്‍ വെല്‍നസ് കാമ്പയിന്‍ ജില്ലാതല പ്രീ ലോഞ്ച്  ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

ആരോഗ്യകരമായ ജീവിതം നയിക്കാന്‍ അല്‍പസമയം മാറ്റിവയ്ക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ 2026 ജനുവരി ഒന്നിന് ആരംഭിക്കുന്ന ആരോഗ്യം ആനന്ദം വൈബ് ഫോര്‍ വെല്‍നസ് കാമ്പയിന്റെ ജില്ലാതല പ്രീ ലോഞ്ച് ആറന്മുള സത്രക്കടവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആരോഗ്യത്തോടെ ജീവിക്കാന്‍  വ്യായാമം, നല്ല ഭക്ഷണം, കൃത്യമായ ഉറക്കം തുടങ്ങിയവ ശീലമാക്കണം.
ആരോഗ്യസൂചകങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. രാജ്യത്ത് ശിശു മരണ നിരക്ക് ഏറ്റവും കുറവ്  കേരളത്തിലാണ്.  നവജാത ശിശുമരണം, മാതൃമരണം എന്നിവ സംസ്ഥാനത്ത് കുറവാണ്. ഇന്ത്യയില്‍ ഏറ്റവും ആയുസുള്ളവര്‍ ജീവിക്കുന്നത് കേരളത്തിലാണ്.
ജീവിതശൈലി രോഗമെന്ന വെല്ലുവിളിയെ മറികടക്കാന്‍ നമുക്ക് ആകണം.
രോഗങ്ങളെ തടയുന്നതിന്   സൂബാ, ഏയ്‌റോബിക് , യോഗ തുടങ്ങി വ്യായാമങ്ങള്‍ക്കായി ദിവസവും അരമണിക്കൂര്‍ ഓരോരുത്തരും മാറ്റിവയ്ക്കണം. ഇത്    ഭാവിയിലേക്കുള്ള നിക്ഷേപമായി കരുതണം.  
ചികിത്സയേക്കാള്‍ പ്രധാനമാണ് രോഗപ്രതിരോധം. പുകവലി, മദ്യപാനം,  മൊബൈല്‍ അഡിക്ഷന്‍ തുടങ്ങിയവ ഒഴിവാക്കി ആരോഗ്യകരമായ ശീലങ്ങള്‍ പിന്തുടരണം.  

കേരളത്തിലെ ജനങ്ങള്‍ക്ക് കരുതലായി 5416 ജനകീയ ആരോഗ്യ കേന്ദ്രങ്ങളും പതിനായിരം യോഗ ക്ലബുകളും സംസ്ഥാനത്തുടനീളം ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി ചാക്കോ അധ്യക്ഷനായി.
കാമ്പയിനോടനുബന്ധിച്ച് ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ റോഡ് ഷോ, കോഴഞ്ചേരി ബസ് സ്റ്റാന്‍ഡ് മുതല്‍ ആറന്മുള സത്രക്കടവ് വരെ സൈക്കിള്‍ റാലി എന്നിവ സംഘടിപ്പിച്ചു .  

ജില്ലാ പഞ്ചായത്ത് അംഗം സവിത അജയകുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിനീത അനില്‍,ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഉഷ ആര്‍ നായര്‍ , ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി,  ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഐപ്പ് ജോസഫ്,
ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആരോഗ്യകരമായ ഭക്ഷണം,
പ്രായാനുസൃതമായ  വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവക്ക് പ്രാധാന്യം നല്‍കിയാണ് 2026 ജനുവരി ഒന്ന്  മുതല്‍ സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേത്യത്വത്തില്‍  ആരോഗ്യം ആനന്ദം വൈബ് ഫോര്‍ കാമ്പയിന്‍ ആരംഭിക്കുന്നത് .
പരിപാടിയുടെ ഉദ്ഘാടനം ജനുവരി ഒന്നിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും .

 

date