സംസ്ഥാന സ്കൂള്‍ കലോത്സവം; ഭക്ഷണ കമ്മിറ്റി യോഗം ചേര്‍ന്നു
ജനുവരി 14 മുതല്‍ 18 വരെ തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് മുന്നോടിയായി ഭക്ഷണകമ്മിറ്റി ചെയര്മാന് സനീഷ്കുമാര് ജോസഫ് എം.എല്‍.എയുടെയും ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്റെയും നേതൃത്വത്തിൽ ഭക്ഷണ കമ്മിറ്റിയുടെ യോഗം ചേര്‍ന്നു. കലോത്സവത്തിന്റെ തലേദിവസമായ ജനുവരി 13 രാത്രി മുതല്‍ കലോത്സവത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ഭക്ഷണം നല്കി തുടങ്ങാന്‍ യോഗം തീരുമാനിച്ചു.
കലോത്സവത്തിന് ഭക്ഷണം പാചകം ചെയ്യുന്നതും നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തൃശ്ശൂര്‍ കോര്പ്പറേഷന്, ശുചിത്വമിഷന്, വാട്ടര്‍ അതോറിറ്റി, പോലീസ്, ജില്ലാ മെഡിക്കല്‍ ഓഫീസ്, ഫുഡ് ആന്‍ഡ് സേഫ്റ്റി, ഫയര്‍ ആന്‍ഡ് റെസ്ക്യൂ എന്നീ സംവിധാനങ്ങളെ പ്രയോജനപ്പെടുത്തി കാര്യക്ഷമമാക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി.
മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോര്പ്പറേഷന് നേതൃത്വം നല്‍കും. ഹരിതചട്ടം പാലിച്ച് കലോത്സവം സംഘടിപ്പിക്കുന്നതിനായി 1000 ഗ്രീന്‍ വളണ്ടിയര്‍മാരെ ശുചിത്വമിഷന് നിയോഗിക്കും. തരംതിരിച്ച് മാലിന്യം ശേഖരിക്കുന്നതിനും ശുചിത്വമിഷന് നടപടികള്‍ സ്വീകരിക്കും. കലവറയിലും ഭക്ഷണശാലയിലും ആവശ്യമായ പോലീസ് സേവനവും ഉറപ്പാക്കും. പാചകക്കാരുടെ ഹെല്‍ത്ത് കാര്‍ഡ്, പരിശോധന, ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗത്തിന്റെ പരിശോധനകള്‍ തുടങ്ങിയവ ഉറപ്പാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
തൃശ്ശൂര്‍ വി.കെ.എന്‍ മേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന യോഗത്തില്‍ ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ സജു ജോര്‍ജ്ജ്, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പി.എം ബാലകൃഷ്ണന്, ഡി.ജി.ഇ ഓഫീസ് പ്രതിനിധി സുനില്‍കുമാര്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments