നവകേരള സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിന് ജില്ലയിൽ തുടക്കമായി
സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമ പദ്ധതികളെ കുറിച്ചുള്ള അഭിപ്രായമാരായുന്നതിനും വികസന നിർദ്ദേ ശങ്ങളും ആശയങ്ങളുംശേഖരി ക്കുന്നതിനുമായുള്ള നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിന് ജില്ലയിൽ മികച്ച തുടക്കം. കർമ്മ സേനാ പ്രവർത്തകർക്കുള്ള പഠനകിറ്റുകളുടെയും ഐഡി കാർഡുകളുടെയും വിതരണത്തോടെ ജില്ലാതല പഠനപരിപാടികൾക്ക് തുടക്കമായി. നെടുങ്ങാട് മുനിസിപ്പാലിറ്റിയിൽ നടന്ന പഠനകിറ്റ് വിതരണ ചടങ്ങിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ കർമ്മസേനാപ്രവർത്തകർക്കുള്ള കിറ്റുകൾ വിതരണം ചെയ്തു. നെടുമങ്ങാട് മണ്ഡലത്തിലെ കർമ്മസേനാംഗം ജയകുമാർ മന്ത്രിയിൽ നിന്നും ആദ്യ കിറ്റ് ഏറ്റുവാങ്ങി. ശുചീകരണ പ്രവർത്തനനങ്ങൾക്കിടെ ജീവൻ നഷ്ടപ്പെട്ട കോർപ്പറേഷൻ ശുചീകരണ തൊഴിലാളി ജോയിയുടെ വീട് സന്ദർശിച്ച കർമ്മസേനാംഗങ്ങൾ ജില്ലയിലെ വിവരശേഖരണത്തിന് തുടക്കമിട്ടു. തുടർന്ന് ജില്ലയിലുടനീളം കർമ്മസേനാംഗങ്ങൾ വീടുകളിലെത്തി വിവരശേഖരണം നടത്തി. ചലച്ചിത്രതാരം മധു, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവരുടെ വീടുകളിലും ആദ്യദിവസം കർമ്മ സേനാംഗങ്ങൾ എത്തി.
പരിശീലനം പൂർത്തിയാക്കിയ കർമസേനാംഗങ്ങൾ ഫെബ്രുവരി 28 വരെ സംസ്ഥാനത്തുടനീളം വീടുകൾ, തൊഴിൽശാലകൾ, കൃഷിയിടങ്ങൾ, ഫ്ളാറ്റുകൾ, ഉന്നതികൾ, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങൾ, കുടുംബശ്രീ കൂട്ടായ്മകൾ, ഗ്രാമീണ തൊഴിലുറപ്പ് മേഖലകൾ, പൊതുഇടങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ മേഖലകളിൽനിന്നും അഭിപ്രായങ്ങൾ ശേഖരിക്കും.
ഇത്തരത്തിൽ ജനങ്ങളിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾകൂടി കണക്കിലെടുത്താകും ക്ഷേമ വികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി സംസ്ഥാനത്ത് നടപ്പാക്കുക. എല്ലാവീടുകളും സന്ദർശിച്ച് വികസനനിർദേശങ്ങൾ സ്വീകരിച്ച് നാടിന്റെ ഭാവി മികവുറ്റതാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി പ്രത്യേകം പരിശീലനം നേടിയ സന്നദ്ധപ്രവർത്തകരാണ് വീടുകളിലെത്തുക. സന്നദ്ധപ്രവർത്തകർക്കുള്ള പരിശീലനം ജില്ലയിൽ വിവിധ തദ്ദേശസ്ഥാപന തലത്തിൽ പുരോഗമിച്ചുവരികയാണ്.
നെടുങ്ങാട് മുനിസിപ്പാലിറ്റിയിൽ നടന്ന പഠനകിറ്റ് വിതരണ ചടങ്ങിൽ നഗരസഭ ചെയർമാൻ അഡ്വ ആർ ജയദേവൻ, വൈസ് ചെയർപേഴ്സൺ അഡ്വ ആർ ലക്ഷ്മി, വാർഡ് കൗൺസിലർമാർ, മണ്ഡലം ചാർജ് ഓഫീസർ ഷംനാദ് എസ് എ, ജില്ലാ കർമ്മസമിതി അംഗം വിജയൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments