Skip to main content

'വൈബ് ഫോര്‍ വെല്‍നെസ്' ഹെല്‍ത്തി ലൈഫ് ക്യാംപയിന്‍ ജില്ലാതല ഉദ്ഘാടനം നടന്നു

ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുന്നതിനായി ജീവിതത്തില്‍ പാലിക്കേണ്ട ആരോഗ്യ ശീലങ്ങളായ ശരിയായ വ്യായാമം, ഭക്ഷണം, ഉറക്കം, ലഹരി വര്‍ജനം, മാനസിക ഉല്ലാസം തുടങ്ങിയവയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും ശീലവത്ക്കരിക്കുന്നതിനുമായി ആരോഗ്യവകുപ്പിന്റെയും കായിക വകുപ്പിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച വൈബ് ഫോര്‍ വെല്‍നെസ് ഹെല്‍ത്തി ലൈഫ് ക്യാംപയിന്റെ ജില്ലാതല ഉദ്ഘാടനം എ.ഡി.എം. ഇന്‍ചാര്‍ജ് പി. സുരേഷ് നിര്‍വഹിച്ചു.

ഈറ്റ വെല്‍, ആക്ട്, സ്ലീപ്പ്, കെയര്‍ വെല്‍ എന്നീ സന്ദേശങ്ങള്‍ കേന്ദ്രീകരിച്ച് പുതുതലമുറയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ കുറക്കുകയാണ് ഈ ക്യാംപയിന്റെ ലക്ഷ്യം. പരിപാടിയില്‍ ജീവനക്കാര്‍ക്കുള്ള വാര്‍ഷിക ആരോഗ്യ പരിശോധന ഫോര്‍മാറ്റ് എ.ഡി.എം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടികെ ജയന്തിക്ക് നല്‍കി പ്രകാശനം ചെയ്തു. ഡി.എം.ഒ (ആയുര്‍വേദം) ഡോ. റോയ് ജോസഫ് വൈബ് ഫോര്‍ വെല്‍നെസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി ഡി.എം.ഒ എ. ഷിബുലാലിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്ക് സൂംബ പരിശീലനവും ഡി.എം.ഒ (ഹോമിയോ) ഡോ. ഹന്ന യാസ്മിന്റെ നേതൃത്വത്തില്‍ ബലൂണ്‍ പറത്തലും സംഘടിപ്പിച്ചു. ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. കെ.കെ. പ്രവീണയും സംഘവും ചേര്‍ന്ന് ആരോഗ്യഗാനം ആലപിച്ചു. എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍. അനൂപ്, ജില്ലാ എജ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. സാദിഖലി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായുള്ള സംസ്ഥാനതല വാഹനപ്രചാരണ ജാഥയ്ക്ക് ജില്ലയില്‍ കഴിഞ്ഞ ദിവസം കായിക മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുകയും ജില്ലാകളക്ടര്‍ വി.ആര്‍. വിനോദിന്റെ നേതൃത്വത്തില്‍ കോട്ടയ്ക്കല്‍ മുതല്‍ കുറ്റിപ്പുറം വരെയുള്ള 27 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ റാലി സംഘടിപ്പിക്കുകയും ചെയ്തു. ഡിസംബര്‍ 26ന് കാസര്‍കോട് നിന്നാരംഭിച്ച വാഹനപ്രചാരണ ജാഥ ഇന്ന് (ജനുവരി ഒന്ന്) തിരുവനന്തപുരത്തെത്തി. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു.

date