Skip to main content

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയിൽ വോട്ടിങ് യന്ത്രങ്ങളുടെ പ്രാഥമിക പരിശോധന നാളെ മുതൽ

2026 ലെ നിയമസഭാ പൊതുതെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെയും (ഇ.വി.എം.) വി.വി.പാറ്റ് മെഷീനുകളുടെയും പ്രാഥമിക പരിശോധന (ഫസ്റ്റ് ലെവൽ ചെക്കിംഗ് – എഫ്.എൽ.സി) നാളെ (ജനുവരി മൂന്ന്) രാവിലെ ഒൻപതിന് മലപ്പുറം സിവിൽ സ്റ്റേഷനിലെ ഇ.വി.എം/വി.വി.പാറ്റ് വെയർഹൗസിൽ ആരംഭിക്കും.

 

പൊതുതെരഞ്ഞെടുപ്പിനായി ജില്ലയിൽ ആവശ്യമായ ഇ.വി.എം/വി.വി.പാറ്റ് മെഷീനുകളുടെ പ്രാഥമിക പരിശോധനയ്ക്കായി കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് കമ്പനിയുടെ 13 അംഗീകൃത എൻജിനീയർമാർ നാളെ (ജനുവരി 3) ജില്ലയിൽ എത്തും. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലുള്ള നിർദ്ദേശങ്ങളനുസരിച്ച് പരിശോധന നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി.

 

ഓരോ തെരഞ്ഞെടുപ്പിനും മുൻപായി നടത്തേണ്ട ഈ പ്രാഥമിക പരിശോധന ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ മേൽനോട്ടത്തിൽ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബി.ഇ.എൽ) കമ്പനിയുടെ അംഗീകൃത എൻജിനീയർമാരാണ് നടത്തുന്നത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ പ്രാഥമിക പരിശോധന സംബന്ധിച്ച വിശദമായ നടപടിക്രമങ്ങൾ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റായ https://www.eci.gov.in/evm-vvpat ൽ ലഭ്യമാണ്. 

 

ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർ പ്രാഥമിക പരിശോധന നിരീക്ഷിക്കും. ജില്ലയിലെ എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കും ജനുവരി മൂന്ന് മുതൽ പരിശോധനാ പ്രവർത്തനം അവസാനിക്കുന്നതുവരെ എല്ലാ ദിവസവും രാവിലെ ഒൻപത് മുതൽ മലപ്പുറം സിവിൽ സ്റ്റേഷനിലെ ഇ.വി.എം/വി.വി.പാറ്റ് വെയർഹൗസിലെത്തി പ്രാഥമിക പരിശോധന നീരിക്ഷിക്കാം.

date