Skip to main content
..

സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം ജനഹിതം തേടി സർക്കാർ; ജില്ലാതല വിവരശേഖരണത്തിന് തുടക്കമായി

 

നവകേരള സൃഷ്ടിക്കായുള്ള ജനഹിതം തേടുന്നതിന്  സര്‍ക്കാര്‍ നടപ്പിലാക്കുന്ന സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിന്റെ വിവരശേഖരണത്തിനായുള്ള ഭവന സന്ദർശനത്തിന് ജില്ലയിൽ തുടക്കമായി. കൊട്ടാരക്കര മണ്ഡലത്തിലെ വെളിയം ഗ്രാമപഞ്ചായത്തില്‍  മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജഗദമ്മ ടീച്ചറുടെ വസതിയിൽ ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാലിന്റെ സാന്നിധ്യത്തില്‍ വിവരശേഖണത്തിന് തുടക്കം കുറിച്ചു.

സന്നദ്ധ സേനാംഗങ്ങൾ വീടുകൾ തോറുമെത്തി നവകേരള സൃഷ്ടിക്ക്‌  നിർദേശങ്ങൾ ശേഖരിക്കുന്ന പരിപാടിയാണിത്. ഒരു വാർഡിൽ 4 സന്നദ്ധ കർമസേനാംഗങ്ങളുടെ നേതൃത്വത്തിലാണ് വിവരശേഖരണം. ജനങ്ങളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് സർക്കാരിന്റെ വിവിധ വികസന പരിപാടികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി പറഞ്ഞു. 

തുടർന്ന് സമീപത്തെ ഞായപ്പള്ളി ഉന്നതി സന്ദർശിച്ചു. ജനങ്ങൾ കൂട്ടമായി താമസിക്കുന്ന ഫോക്കസ് ഗ്രൂപ്പുകളിലെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടുന്നതിന്റെ ഭാഗമായാണ്  ഉന്നതി സന്ദർശിച്ചത്. ഞായപ്പള്ളി ഉന്നതയിലെ ജനങ്ങളുടെ വിവിധ പ്രശ്നങ്ങൾ ഉന്നയിക്കപ്പെടുകയും മന്ത്രിയും ജില്ലാ കലക്ടറും തുടർനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

നിലവിലെ വികസനക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ശേഖരിക്കുക, സമൂഹത്തിന്റെ നാനാതലങ്ങളിലും ആവശ്യകതയ്ക്കനുസരിച്ച് വികസനങ്ങൾ ലഭ്യമായോയെന്ന് ഉറപ്പാക്കുക, പുതിയ തൊഴിലവസരങ്ങള്‍, വികസന പദ്ധതികളില്‍ ജനകീയ അഭിപ്രായം രൂപീകരിക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍. വീടുകളിൽ എത്തിയുള്ള വിവരശേഖരണം ഫെബ്രുവരി 28 ന് അവസാനിക്കും.

ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.എസ് അരുൺ ബാബു, കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് എസ് ബിന്ദു, ബ്ലോക്ക് വൈസ് പ്രസിഡന്റ് ആർ പ്രേമചന്ദ്രൻ, വെളിയം പഞ്ചായത്ത് പ്രസിഡന്റ് എസ് രേഖ, വെളിയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ദിലീപ് കുമാർ,  കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് അഭിലാഷ്, സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം ജില്ലാ നിർവാഹക സമിതി അംഗങ്ങളായ പി അനിൽകുമാർ, ആർ വിമൽചന്ദ്രൻ, കൊട്ടാരക്കര മണ്ഡലം ചാർജ് ഓഫീസർ സി ശിവശങ്കരപ്പിള്ള, കർമ്മ സേനാംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ചടയമംഗലം അസംബ്ലി മണ്ഡലത്തിൽ മന്ത്രി ജെ ചിഞ്ചു റാണിയുടെ സാന്നിധ്യത്തിൽ ബസറുദ്ദീന്റെ വസതിയിൽ നിന്നും അഭിപ്രായ ശേഖരണത്തിന് തുടക്കമായി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം നസീർ, കടക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാനി, കിംസാറ്റ് ഹോസ്പിറ്റൽ ചെയർമാൻ എസ് വിക്രമൻ തുടങ്ങിയവർ പങ്കെടുത്തു.

കൊല്ലം അസംബ്ലി മണ്ഡലത്തിലെ ഭവന സന്ദർശന ഉദ്ഘാടനം  കാഥികൻ വസന്തകുമാർ സാംബശിവന്റെ വീട്ടിൽ നടന്നു. ഡെപ്യൂട്ടി കലക്ടർ രാകേഷ് കുമാർ, കൊല്ലം അസംബ്ലി ചാർജ് ഓഫീസർ വി. വിജു കുമാർ, കില റിസോഴ്സ് പേഴ്സന്മാരായ എസ്.എം ജോസഫ്, ടി പ്രേംലാൽ, അസംബ്ലിതല ചുമതലക്കാരായ എസ്.മാത്യൂസ്, എച്ച് നൗഷാദ്, പഞ്ചായത്ത് ചുമതലക്കാരനായ രതീഷ് ബാബു, സന്നദ്ധസേന അംഗങ്ങളായ ജോയ് സ്റ്റീഫൻ, ശാലിനി എന്നിവർ പങ്കെടുത്തു.

ചവറ മണ്ഡലത്തിലെ അഭിപ്രായ ശേഖരണം  പന്മന പഞ്ചായത്തിലെ ആലപ്പുറത്തു ജംഗ്ഷന് സമീപമുള്ള മുൻ ജില്ലാ ജഡ്ജ്  മൈ‌തീൻ കുഞ്ഞിൻ്റെ വസതിയിൽ നിന്ന് ആരംഭിച്ചു. ഡോ. സുജിത് വിജയൻപിള്ള എംഎൽഎ, ജില്ലാ നിർവാഹക സമിതി അംഗം ബി അനിൽകുമാർ, ചാർജ് ഓഫീസർ ദീപു ജി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രേംശങ്കർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ചെറിയാൻ ജോർജ്, ആർ.പി പന്മന മജീദ് തുടങ്ങിയവർ പങ്കെടുത്തു.

കുന്നത്തൂർ അസംബ്ലി മണ്ഡലത്തിൽ  വയോജന കമ്മീഷൻ ചെയർമാൻ അഡ്വ. കെ സോമപ്രസാദിന്റെ വസതി
സന്ദർശിച്ച് അഭിപ്രായ ശേഖരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രശ്മി രഞ്ജിത്ത്, വാർഡ് മെമ്പർമാർ, തിമാറ്റിക് എക്സ്പ്പർട്ട് ആര്യ എസ് വിജയൻ, കില ആർ പിമാർ തുടങ്ങിയവർ പങ്കെടുത്തു.

ഇരവിപുരം മണ്ഡലത്തിൽ  ഇൻഡ്യൻ ഓർഡിനൻസ് ഫാക്ടറീസിൽ നിന്നും വിരമിച്ച അനിൽകുമാറിന്റെ ഭവനം സന്ദർശിച്ച് വിവര ശേഖരണത്തിന് തുടക്കംകുറിച്ചു. 

പത്തനാപുരം അസംബ്ലി മണ്ഡലത്തിൽ ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജന്റെ വീട്ടിൽ നിന്നും കരുനാഗപ്പള്ളി അസംബ്ലി മണ്ഡലത്തിൽ ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീയുടെ വീട്ടിൽ നിന്നും വിവരശേഖരണത്തിന് തുടക്കമായി.

date