റോഡുകൾക്കൊപ്പം സമാന്തര യാത്രാസൗകര്യം വർധിപ്പിക്കണം: പ്രൊഫ. പി കെ മൈക്കിൾ തരകൻ
*ജില്ലയിൽ സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം ഭവന സന്ദർശനത്തിന് തുടക്കം
കായലുകളുടെയും ഇടത്തോടുകളുടെയും സമീപം റോഡുകൾ പണിയുകയും റോഡുകൾക്കൊപ്പം സമാന്തര യാത്ര മാർഗ്ഗങ്ങൾ വർദ്ധിപ്പിക്കുന്നതിന് നടപടി എടുക്കണമെന്നും സാധ്യമായ എല്ലായിടത്തും വാട്ടർ മെട്രോ മാതൃകയിൽ ബോട്ട് സർവീസുകൾ ആരംഭിക്കണമെന്നും കില മുൻ ഡയറക്ടറും കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന പ്രൊഫ. പി കെ മൈക്കിൾ തരകൻ പറഞ്ഞു. സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിന്റെ ഭാഗമായി അരൂർ മണ്ഡലത്തിൽ ആരംഭിച്ച കർമ്മസമിതി അംഗങ്ങളുടെ ഭവന സന്ദർശന പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാക്കത്തുരുത്ത് പ്രദേശത്തിന്റെ ഭൂഘടന മനസ്സിലാക്കിക്കൊണ്ട് ജനങ്ങളുടെ ജീവിതവും ആരോഗ്യവും കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ആംബുലൻസ് ബോട്ട് സർവീസ് അനുവദിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.
വായനാശീലം വളർത്തുന്നതിന് മതസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലൈബ്രറികൾ സ്ഥാപിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ജനക്ഷേമ പദ്ധതികളുടെ കൃത്യമായ ആവിഷ്കാരവും നടപ്പാക്കലും വഴി വികസന മേഖലയിൽ കേരളം ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാവപ്പെട്ട ജനവിഭാഗങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് സർക്കാർ നടപ്പിലാക്കിയ അതിദാരിദ്രമുക്ത പദ്ധതി, കാർഷിക മേഖലയിൽ നടപ്പാക്കിയ വാണിജ്യ വികസനം, കുടുംബശ്രീ വഴി കൈവരിച്ച സ്ത്രീ ശാക്തീകരണം, ഭൂരഹിതരായവർക്ക് ഭൂമി നൽകുവാനായി നടപ്പാക്കിയ പദ്ധതികൾ എന്നിവവഴി നിരവധി വികസനക്ഷേമ പ്രവർത്തനങ്ങളാണ് സർക്കാർ ഈ കാലയളവിൽ നടപ്പാക്കിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എഴുപുന്ന ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ പ്രൊഫ. പി കെ മൈക്കിൾ തരകന്റെ വീട്ടിൽ നിന്നാണ് സിറ്റിസൺ റെസ്പോൺസ് പോഗ്രാം അരൂർ മണ്ഡല തല ഗൃഹ സന്ദർശന പരിപാടിക്ക് തുടക്കം കുറിച്ചത്. വികസന ക്ഷേമ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള അഭിപ്രായങ്ങൾ പഠിക്കുക, വികസന ക്ഷേമ പരിപാടികൾ എല്ലാ പ്രദേശങ്ങളിലും ആവശ്യകതക്കനുസരിച്ച് ലഭ്യമായോ എന്ന കാര്യത്തിൽ അഭിപ്രായം തേടുക, പുതിയ തൊഴിലവസരങ്ങൾ, വികസന പദ്ധതികൾ എന്നിവയിൽ ജനകീയ അഭിപ്രായം രൂപീകരിക്കുക എന്നിവയാണ് നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം - വികസന ക്ഷേമ പഠന പരിപാടിയുടെ ലക്ഷ്യങ്ങൾ.
മണ്ഡലതല ചാർജ് ഓഫീസർ ദേവരാജ് പി കർത്ത, കില കോഓർഡിനേറ്റർ ജെ ജയലാൽ, കില ആർപിമാരായ എസ് സലിംകുമാർ, പി പി സുരേന്ദ്രൻ, ഡി പ്രകാശ്, തീമാറ്റിക് എക്സ്പേർട്ടുമാരായ എൻ പി പ്രിയങ്ക, വി എൽ ജ്യോതിമോൾ, സന്നദ്ധസേന അംഗങ്ങളായ സി എസ് അഖിൽ, ഗോപിക രാജു തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments