കാടുനീങ്ങി വികസനമെത്തുന്നു; അധ്യാപികയുടെ കത്ത് കേരളത്തിന് സ്വപ്ന സാക്ഷാത്കാരത്തിന് വഴി തുറന്നു
വർഷങ്ങളായി കാടുപിടിച്ചും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ താവളമായും കിടന്ന അഞ്ചരക്കണ്ടി പഞ്ചായത്തിലെ ബംഗ്ലാവ് മെട്ടയിലെ പോലീസ് ഭൂമി ഇനി വികസനത്തിന്റെ പുതിയ മുഖം. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യ ഫയർ ആൻഡ് സേഫ്റ്റി സയൻസ് പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് റിസർച്ച് സെന്റർ നിലവിൽ വരുന്നതോടെയാണിത് സാധ്യമാകുന്നത്. കുറുവ യു.പി സ്കൂൾ അധ്യാപികയായ പി. സി. സുജാത ടീച്ചറുടെ നിരന്തരമായ ഇടപെടലുകളും മുഖ്യമന്ത്രിയുമായുള്ള കത്ത് വഴിയുള്ള ആശയവിനിമയവുമാണ് ജനവാസ മേഖലയ്ക്ക് ഭീഷണിയായിരുന്ന ഈ അഞ്ചേക്കറോളം വരുന്ന സ്ഥലത്തിന്റെ മുഖച്ഛായ മാറ്റാൻ വഴിയൊരുക്കിയത്.
പച്ചക്കറി കൃഷിയും പശു വളർത്തലുമായി സജീവമായിരുന്ന ഈ സ്ഥലം, പിന്നീട് പോലീസ് ഏറ്റെടുക്കുകയും കാലങ്ങളോളം സംരക്ഷണമില്ലാതെ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. കേസുകളിലുൾപ്പെടെ പിടികൂടിയ നൂറുകണക്കിന് വാഹനങ്ങൾ കൊണ്ടിട്ടതോടെ ഇവിടം കാലക്രമേണ കാടുവളർന്ന് തെരുവ് നായ്ക്കളുടെയും കാട്ടുപന്നി ഉൾപ്പെടെയുള്ള മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും താവളമായി മാറി. ഈ ഭൂമിക്ക് തൊട്ടടുത്ത് താമസിക്കുന്ന സുജാത ടീച്ചർക്കും കുടുംബത്തിന്റെയും ഏറെ ബുദ്ധിമുട്ടുകളുണ്ടായി.
പഞ്ചായത്തിലും പ്രാദേശിക പോലീസ് സ്റ്റേഷനിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്ന് എസ്.പിയെ നേരിൽ കണ്ട് തങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതോടെയാണ് ആദ്യഘട്ട ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. പ്രദേശത്തിന്റെ അവസ്ഥ വിവരിക്കുന്ന ഫോട്ടോകളും വീഡിയോകളും സഹിതം സുജാത ടീച്ചർ പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
തുടർന്ന് ഈ ഭൂമിയിലെ വാഹനങ്ങൾ ലേലം ചെയ്യാനും സ്ഥലം വികസന പ്രവർത്തനങ്ങൾക്കായി വിട്ടുനൽകാനുമുള്ള നടപടികൾ വേഗത്തിലായി. ഇത്തരം ഒരു സ്ഥാപനം ബംഗ്ലാവ് മെട്ടയിൽ ആരംഭിക്കുന്നതിലേക്ക് നയിച്ച കത്തിനെക്കുറിച്ച് മുഖ്യമന്ത്രി പൊതുവേദിയിൽ പരാമർശിച്ചപ്പോൾ അത് തന്റെ സ്വപ്നസാക്ഷാത്കാരമായെന്ന് ഈ അധ്യാപിക സന്തോഷത്തോടെ പങ്കുവെക്കുന്നു. കാടുപിടിച്ചു കിടന്ന അഞ്ചേക്കർ ഭൂമി നാടിന് ഉപകാരപ്പെടുന്ന വലിയൊരു പദ്ധതിയായി മാറുന്നതിന്റെ ആവേശത്തിലാണ് ഇപ്പോൾ നാട്ടുകാരും.
- Log in to post comments