ലോക മണ്ണ് ദിനാചരണം ജനുവരി എട്ടിന്
കേരള സർക്കാർ മണ്ണ് പരിവേഷണ, മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലോക മണ്ണ് ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിക്കും. ജനുവരി എട്ടിന് രാവിലെ 10 മണിക്ക് മാപ്രാണം ചാത്തൻ മാസ്റ്റർ സ്മാരക ഹാളിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിക്കും. ദിനാചരണത്തിന്റെ ഭാഗമായി സോയിൽ ഹെൽത്ത് കാർഡ് വിതരണവും ഇരിങ്ങാലക്കുട ബ്ലോക്കിലെ കോൾനിലങ്ങളുടെ ഭൂപട പ്രകാശനം, ബ്ലോക്കിന്റെ ഫലഭൂയിഷ്ഠത ഭൂപട പ്രകാശനം എന്നിവ നടക്കും. വാഴ - പച്ചക്കറി കൃഷിയിൽ അറിയേണ്ടതെല്ലാം, മണ്ണാരോഗ്യ പരിപാലനം കാർഷിക അഭിവൃദ്ധിക്കായി എന്നീ വിഷയങ്ങളിൽ കാർഷിക സെമിനാറുകളും സംഘടിപ്പിക്കും.
സോയിൽ സർവ്വേ അസിസ്റ്റന്റ് ഡയറക്ടർ എൻ എം ധന്യ, ഡെപ്യൂട്ടി ഡയറക്ടർ സി ബി ദീപ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ജി ശങ്കരനാരായണൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ സുധീഷ്, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments