Skip to main content

വാദപ്രതിവാദവുമായി വിദ്യാർത്ഥികളുടെ മാതൃകാ നിയമസഭ

ചോദ്യങ്ങളും ഉപചോദ്യങ്ങളും ശ്രദ്ധക്ഷണിക്കലും മന്ത്രിമാരുടെ മറുപടികളും സ്പീക്കറുടെ റൂളിംഗുമൊക്കെയായി ചടുലമായി  വിദ്യാർത്ഥികളുടെ മാതൃകാ നിയമസഭ. കേരള നിയമസഭ പുസ്തകോത്സവത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലെ പഴയ നിയമസഭ മന്ദിരത്തിൽ നടത്തിയ വിദ്യാർത്ഥികളുടെ മാതൃക നിയമസഭ പ്രതിഷേധത്തിനും വാക്ക്ഔട്ടിനും വരെ വേദിയായി.

ലഹരി ഉപഭോഗം മുതൽ  കായിക മേഖലയിലെ അന്താരാഷ്ട്ര സഹകരണത്തിൽ വരെ പ്രതിപക്ഷം ചോദ്യങ്ങളുന്നയിച്ചെങ്കിലും വസ്തുതകൾ നിരത്തിയുള്ള കൃത്യമായ ഉത്തരങ്ങൾ നൽകി ഭരണപക്ഷം പ്രതിരോധിച്ചു. ലഹരിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷം ഉപക്ഷേപത്തിന് നോട്ടീസ് നൽകിയെങ്കിലും എക്‌സൈസ് മന്ത്രിയുടെ തൃപ്തികരമായ മറുപടിയെ തുടർന്ന് സ്പീക്കർ അനുമതി നിഷേധിച്ചു. തുടർന്നായിരുന്നു വാക്ക്ഔട്ട്.

കണ്ണൂർവയനാട്കോട്ടയംആലപ്പുഴകൊല്ലംതിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള 153 വിദ്യാർത്ഥികളാണ് മാതൃകാ സഭയിൽ പങ്കെടുത്തത്. കൊല്ലം പൂയപ്പള്ളി ജിഎച്ച്എസ്എസിലെ ആത്രേയ് സി എ ആയിരുന്നു സ്പീക്കർ. തിരുവനന്തപുരം മീനാങ്കൽ ജി ടിഎച്ച്എസിലെ പാർവതി എൽ ആർ ഡെപ്യൂട്ടി സ്പീക്കറായി. കൊല്ലം കടയ്ക്കൽ ജിവിഎച്ച്എസ്എസിലെ ടി എസ് മാനവ് മുഖ്യമന്ത്രിയും നെടുമങ്ങാട് ജിഎച്ച്എസ്എസിലെ അമാന ഫാത്തിമ പ്രതിപക്ഷ നേതാവുമായി.

മാതൃക നിയമസഭ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. നിയമസഭ സെക്രട്ടറി ഡോ. എൻ കൃഷ്ണകുമാർ അധ്യക്ഷനായി. സ്‌പെഷ്യൽ സെക്രട്ടറി ഷാജി സി ബേബി,  അഡീഷണൽ സെക്രട്ടറി ഹരി പിജോയിന്റ് സെക്രട്ടറി ഷീന ശിവദാസ് എന്നിവർ സന്നിഹിതരായി.

പി.എൻ.എക്സ്. 98/2026

date