Skip to main content

ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾക്കും പഞ്ചായത്തുകൾക്കുമുള്ള സമഗ്ര പ്രവർത്തന മാർഗരേഖ പുറത്തിറക്കി

*എല്ലാ സ്ഥാപനങ്ങൾക്കും മാനദണ്ഡങ്ങൾക്കനുസരിച്ച് കളർ കോഡ്

സംസ്ഥാനത്തെ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾക്കും പഞ്ചായത്തുകൾക്കുമുള്ള സമഗ്ര പ്രവർത്തന മാർഗരേഖ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആന്റിബയോട്ടിക് സാക്ഷര കേരളം പദ്ധതിയുടെ ഭാഗമായുള്ള മാർഗരേഖ നേരത്തെ പുറത്തിറക്കിയിയിരുന്നു. ആന്റിബയോട്ടിക് സാക്ഷര കേരളം പദ്ധതിയുടെ ഭാഗമായി ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്ത് എന്ന നൂതനമായ ആശയം ലോകത്ത് ആദ്യമായി കേരളം അവതരിപ്പിച്ചിരുന്നു. എഎംആർ പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ എല്ലാ ആശുപത്രികളേയും കളർ കോഡ് ചെയ്യുന്നതിനെപ്പറ്റിയുള്ള ഉത്തരവും പുറത്തിറക്കി. ഈ കളർ കോഡിലൂടെ ആശുപത്രികളുടെ അക്രഡിറ്റേഷനും ലക്ഷ്യമിടുന്നു. ഇതുൾപ്പെടെയുള്ള കാര്യങ്ങളാണ് എസ്.ഒ.പി.യിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

'എന്റെ കേരളം ആന്റിബയോട്ടിക് സാക്ഷര കേരളംഎന്ന ടാഗ് ലൈനോടെ 10 സന്ദേശങ്ങൾ നടപ്പിലാക്കി വരുന്നു. ആന്റിമൈക്രോബിയൽ പ്രതിരോധത്തിന്റെ നിശബ്ദ മഹാമാരിയെ ശാസ്ത്രീയമായി നേരിടാൻ ആരോഗ്യ വകുപ്പ് വിവിധ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഏകാരോഗ്യ സമീപനത്തിലൂന്നി എല്ലാ അനുബന്ധ വകുപ്പുകളുടെയും പങ്കാളിത്തത്തോടെ ആന്റിബയോട്ടിക് സാക്ഷര സംസ്ഥാനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ആരോഗ്യ വകുപ്പ് പ്രവർത്തിച്ചു വരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും പ്രാഥമികദ്വിതീയതൃതീയ തലങ്ങളിലുള്ള ആശുപത്രികളെയുംആരോഗ്യ സേവന ദാതാക്കളെയും ഉൾപ്പെടുത്തിയാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്. സമൂഹത്തിലും സ്ഥാപനത്തിലും ആന്റിമൈക്രോബിയൽ പ്രതിരോധത്തിന്റെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾആന്റിമൈക്രോബിയൽ സ്റ്റ്യൂവാർഡ്ഷിപ്പ് കംപ്ലയന്റ് ആശുപത്രികൾതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആന്റിബയോട്ടിക് സാക്ഷരത എന്നിവയ്ക്ക് സർട്ടിഫിക്കേഷൻ നൽകുന്നതിന് ഒരു നൂതന അക്രഡിറ്റേഷൻ സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

പലതലങ്ങളിലുള്ള ആശുപത്രികളിലെ ആന്റിമൈക്രോബിയൽ സ്റ്റ്യൂവാർഡ്ഷിപ്പ് കമ്മിറ്റികളുടെ ഘടന എങ്ങനെയായിരിക്കണം എന്നതിനെ സംബന്ധിച്ചും ഈ മാർഗ രേഖയിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.

എസ്.ഒ.പി. പുറത്തിറക്കിയതിന് ശേഷം 3 മാസത്തിനുള്ളിൽ ആരോഗ്യ വകുപ്പിനും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനും കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും നിശ്ചിത മാനദണ്ഡങ്ങൾക്കനുസരിച്ച് കളർ കോഡ് ചെയ്തിരിക്കണം.

ജില്ലാബ്ലോക്ക് എഎംആർ കമ്മിറ്റികൾ അവർക്ക് കീഴിലുള്ള എല്ലാ സ്വകാര്യ ആശുപത്രികളും കളർ കോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. കളർ കോഡിംഗ് (ഇളം നീല ഒഴികെ) സ്ഥാപന സമിതിക്ക് തന്നെ വിലയിരുത്താൻ കഴിയും. ബ്ലോക്ക്/ജില്ലാ/ഡിഎംഇ കമ്മിറ്റികൾ ആറ് മാസത്തിലൊരിക്കൽ വ്യക്തിഗത സ്ഥാപനങ്ങളുടെ കളർ കോഡിംഗിന്റെ വിലയിരുത്തൽ നടത്തണം.

പി.എൻ.എക്സ്. 109/2026

date