ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് മത്സരത്തിന് ജില്ലയിൽ തുടക്കമായി
കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് മത്സരത്തിന്റെ പ്രാരംഭഘട്ടത്തിന് ആവേശകരമായ പങ്കാളിത്തത്തോടെ ജില്ലയിൽ തുടക്കമായി. 8 മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർഥികൾക്കും സർവകലാശാല, കോളേജ് വിദ്യാർഥികൾക്കും പ്രത്യേകമായി നടന്ന മത്സരം കേരളത്തിന്റെ ചരിത്രവും വികസന നേട്ടങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന വേദിയായിമാറി.
രാവിലെ 11 മണിയോടെ തന്നെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മത്സരം ആരംഭിച്ചു. 'എന്റെ കേരളം' പ്രത്യേക പതിപ്പിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. www.cmmegaquiz.kerala.gov.in വഴി നോഡൽ ഓഫീസർമാർക്ക് ലഭിച്ച ഒ.ടി.പി ഉപയോഗിച്ച് ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്താണ് പരീക്ഷ നടത്തിയത്. 30 പ്രാഥമിക ചോദ്യങ്ങളും 10 ടൈബ്രേക്കർ ചോദ്യങ്ങളുമാണ് ഉണ്ടായിരുന്നത്. വീണ്ടും സമനില വന്ന സാഹചര്യങ്ങളിൽ പ്രാഥമിക 30 ചോദ്യങ്ങളിലെ നക്ഷത്ര ചിഹ്നം നൽകിയ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകിയവരെ വിജയികളായി പരിഗണിച്ചു. മൂല്യനിർണയം പൂർത്തിയാക്കി ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും വിജയികളായ രണ്ടു പേരുൾപ്പെടുന്ന രണ്ട് ടീമുകളെ അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുത്തു.
സ്കൂൾ വിഭാഗം മത്സരങ്ങളുടെ ഗ്രാൻഡ് ഫിനാലെ വിജയികൾക്ക് ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും ലഭിക്കും. കോളേജ് വിഭാഗം ഫൈനൽ മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സമ്മാനമായി നൽകും. കൂടാതെ മെമന്റോയും പ്രശസ്തി പത്രവും സമ്മാനിക്കും. സ്കൂൾ വിഭാഗത്തിൽ സ്കൂൾ, വിദ്യാഭ്യാസ ജില്ല, ജില്ല, സംസ്ഥാനതലങ്ങളിലാണ് മത്സരം സംഘടിപ്പിക്കുക. സ്കൂൾതലത്തിൽ വ്യക്തിഗതമായി നടത്തുന്ന മത്സരത്തിനു ശേഷം വിദ്യാഭ്യാസ ജില്ല മുതൽ ടീമുകളാകും മത്സരിക്കുക. കോളേജ് വിഭാഗത്തിൽ കോളേജ്, ജില്ല, സംസ്ഥാന തലങ്ങളിലായിരിക്കും മത്സരം. കോളേജ് തലത്തിൽ വ്യക്തിഗതമായും പിന്നീട് ടീമായും മത്സരിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. സംസ്ഥാന തലത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലൂടെ ഇരു വിഭാഗങ്ങളിലെയും അന്തിമ വിജയിയെ കണ്ടെത്തും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുമായി സഹകരിച്ചാണ് ക്വിസ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി മൂന്നാം വാരത്തോടെ സംസ്ഥാനതല ഗ്രാൻഡ് ഫിനാലെയിലൂടെ അന്തിമ വിജയികളെ കണ്ടെത്തുന്നതോടെ മെഗാക്വിസ് മത്സരങ്ങൾക്ക് സമാപനമാകും.
- Log in to post comments