Skip to main content

കാസർകോടിന് കെ ഡി പി യുടെ പുതുവത്സരസമ്മാനം; ഉദ്ഘാടനത്തിനൊരുങ്ങി 39 കോടിയുടെ പദ്ധതികൾ   

 

ജില്ലയുടെ സമഗ്രവികസനത്തിനായി രൂപീകരിക്കപ്പെട്ട കാസർകോട് വികസന പാക്കേജിലൂടെ പുതുവർഷത്തിൽ ഉദ്ഘാടനത്തിന് തയ്യാറായത് 39 കോടി രൂപയുടെ 24 പദ്ധതികൾ. ആരോഗ്യം, വിദ്യാഭ്യാസ, പാലം, റോഡുകൾ, ജലവിതരണം, സ്മാർട്ട്‌ അംഗൻവാടികൾ, ടൂറിസം തുടങ്ങിയ മേഖലകളിൽ ഭൗതികസാഹചര്യങ്ങൾ ഒരുക്കിയതടക്കമുള്ള പദ്ധതികളാണ് ഉദ്ഘാടനത്തിന് സജ്ജമായത്.

 

ആരോഗ്യ മേഖലയിൽ ആറു കോടി 

 

പ്രാഥമിക, കുടുംബരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി ബന്തടുക്ക, മാവിലാകടപ്പുറം എന്നി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾക്കായി യഥാക്രമം 1.68 കോടി, ഒരു കോടി രൂപയുടെ നിർമാണപ്രവർത്തികളാണ് കാസർകോട് വികസന പാക്കേജിലൂടെ പൂർത്തികരിച്ചത്. 

 

വിദ്യാലയങ്ങൾക്ക് രണ്ടുകോടി 91 ലക്ഷം 

 

  അടിസ്ഥാനസൗകര്യ വികസനത്തിനായി തെക്കിൽ പറമ്പ ഗവൺമെന്റ് യുപി സ്കൂളിൽ 2.11 കോടി രൂപ, മംഗൽപാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 1.41 കോടി രൂപ, ഷിറിയ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ 60 ലക്ഷം രൂപ, ഗവൺമെന്റ് എൽ പി സ്കൂൾ പെരുത്തടി 73 ലക്ഷം രൂപ എന്നി പ്രവർത്തികളാണ് പൂർത്തിയായത്. ബന്തടുക്കാ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ 28.8 ലക്ഷം രൂപയുടെ പാചകപ്പുരയും പെടാല ഗവണ്മെന്റ് ഹൈ സ്കൂളിൽ 20 ലക്ഷം രൂപയുടെ പാചകപുരയും കാസർകോട് വികസന പാക്കേജിലൂടെ ഉദ്ഘാടനത്തിന് തയ്യാറായി.

 

2.74 കോടി രൂപയുടെ കുമ്പള റൂറൽ ടൂറിസം പദ്ധതിയും കാഞ്ഞങ്ങാട് നമ്പ്യാർകല്ലിൽ 1.13 കോടിയുടെ റിവർ വ്യൂ പാർക്കും  ആണ് ടൂറിസം മേഖലയിൽ കാസർകോട് വികസന പാക്കേജിലൂടെ പൂർത്തിയായ പദ്ധതികൾ. കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാന പാത വികസനത്തിന്റെ ഭാഗമായി 4.99 കോടിയുടെ പ്രവർത്തികളും, കുമ്പളപ്പള്ളി-ഉമ്മച്ചിപ്പൊയിൽ കോളനി റോഡിലെ, മീഞ്ച, പൈവളികെ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മീയപ്പദവ്-കൊമ്മംഗല റോഡിലെ മുന്നിപ്പാടി പാലത്തിന്റെ പ്രവർത്തികൾക്കായി 15.6 കോടി രൂപയുടെ പ്രവർത്തികളും കുണ്ടുച്ചി വി സി ബി കം ബ്രിഡ്ജിനായി 99 ലക്ഷം രൂപയുടെ പ്രവർത്തികളും പൂർത്തിയായി. ഷിറിയ അണക്കെട്ട്, കനാൽ നിർമാണത്തിനായി 2.59 കോടിയുടെ പ്രവർത്തികളും കാസർകോട് വികസന പാക്കേജിലൂടെ പൂർത്തീകരിച്ചു. 

                                                       

ഇട്ടുമ്മൽ ബെല്ലാ കടപ്പുറം, പള്ളിക്കര ദാവൂദ് മഹൽ, അജാനൂർ ചാമുണ്ഡി കുന്ന്, പള്ളിക്കര ബിലാൽ നഗർ, നീലേശ്വരം മുൻസിപ്പാലിറ്റി തെരൂ, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ബല്ലാത്ത്, പുതിയ കോട്ട എന്നി സ്മാർട്ട് അംഗൻവാടികൾക്കായി 1.75 കോടി രൂപയുടെ പ്രവർത്തികളും പൂർത്തീകരിച്ചു. മുൻ ചീഫ് സെക്രട്ടറി ഡോ. പി. പ്രഭാകരൻ കമീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിലവിൽ വന്ന പദ്ധതിയാണ് കാസർകോട് വികസന പാക്കേജ്. ജില്ലയുടെ വികസനത്തിനായി എല്ലാ മേഖലയിലെയും വിവിധ പദ്ധതികൾക്കായി ഓരോ ബജറ്റിലും ഒരു നിശ്ചിത തുക പദ്ധതിക്കായി നീക്കിവെക്കുന്നു. ജില്ലാ ഭരണാധികാരിയായ ജില്ലാ കളക്ടർ കെ ഇമ്പശേഖർ, കെ ഡി പി സ്പെഷ്യൽ ഓഫീസറായ വി ചന്ദ്രൻ എന്നിവരാണ് നിലവിൽ കാസർകോട് വികസന പാക്കേജിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്

date