Skip to main content

നിയമസഭ സമ്മേളനം ജനുവരി 20ന്

പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാമതു സമ്മേളനം ജനുവരി 20 ന് ആരംഭിക്കുമെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കും.

ജനുവരി 20 മുതൽ മാർച്ച് 26 വരെ ആകെ 32 ദിവസം സഭചേരുന്നതിനാണ് സമ്മേളന കലണ്ടർ പ്രകാരം നിശ്ചയിച്ചിട്ടുള്ളത്. ജനുവരി 22, 27, 28 തീയതികൾ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ച നടക്കും.

2026-27 വർഷത്തേക്കുള്ള ബജറ്റ് അവതരണം ജനുവരി 29ന് ആണ്. ഫെബ്രുവരി 2, 3, 4 തീയതികളിൽ ബജറ്റിന്മേലുള്ള പൊതു ചർച്ച നടക്കും. 5 ന് 2025 - 26 സാമ്പത്തിക വർഷത്തെ അവസാന ബാച്ച് ഉപധനാഭ്യർത്ഥനകൾകഴിഞ്ഞ ഏതാനും സാമ്പത്തിക വർഷങ്ങളിലെ അധിക ധനാഭ്യർത്ഥനകൾ എന്നിവ പരിഗണിക്കും. 

ഫെബ്രുവരി 6 മുതൽ മാർച്ച് 22 വരെ സഭ ചേരില്ല. ഈ കാലയളവിൽ വിവിധ സബ്ജക്ട് കമ്മിറ്റികൾ യോഗം ചേർന്ന് ധനാഭ്യർത്ഥനകളുടെ സൂക്ഷ്മ പരിശോധന നടത്തും. 24 മുതൽ മാർച്ച് 19 വരെയുള്ള 13 ദിവസം 2026-27 വർഷത്തെ ധനാഭ്യർത്ഥനകൾ ചർച്ച ചെയ്തു പാസ്സാക്കും. 2025-26 വർഷത്തെ അന്തിമ ഉപധനാഭ്യർത്ഥനകളെ സംബന്ധിക്കുന്നതും 2026-27 വർഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതുമായ രണ്ടു ധനവിനിയോഗ ബില്ലുകൾ ഈ സമ്മേളനത്തിൽ പാസാക്കേണ്ടതുണ്ടെന്നും സ്പീക്കർ പറഞ്ഞു.

സമ്മേളന കാലയളവിൽ ജനുവരി 23 ഫെബ്രുവരി 27, മാർച്ച് 13 എന്നീ ദിവസങ്ങൾ അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങൾക്കായി വിനിയോഗിക്കും. ഗവണ്മെന്റ് കാര്യങ്ങൾക്കായി നീക്കി വച്ചിട്ടുള്ള ദിവസങ്ങളിലെ നടപടികൾ ക്രമീകരിക്കുന്നത് സംബന്ധിച്ച് കാര്യോപദേശക സമിതി ചേർന്ന് പിന്നീട് തീരുമാനിക്കും. നടപടികൾ പൂർത്തീകരിച്ചു മാർച്ച് 26 ന് സഭപിരിയുമെന്ന് സ്പീക്കർ അറിയിച്ചു.

പി.എൻ.എക്സ്. 179/2026

date