ജില്ലയുടെ വികസനത്തില്‍ പങ്കാളികളാകാന്‍ നിങ്ങള്‍ക്കും അവസരം
ജില്ലയെക്കുറിച്ച് വിശാലമായ വികസന കാഴ്ചപ്പാടുകളും നവീന ആശയങ്ങളും ഉള്ളവരാണോ നിങ്ങള്‍? നാടിന്റെ വികസനത്തിനായി നിങ്ങളുടെ മനസ്സിലുള്ള പദ്ധതികള്‍ കൃത്യവും വ്യക്തവും പ്രായോഗികവുമാണോ?എങ്കില്‍ നിങ്ങള്‍ക്കായിതാ ജില്ലാ പഞ്ചായത്ത് ഒരുക്കുന്നു നാടിന്റെ ഭാവി തീരുമാനിക്കാന്‍ ഒരവസരം. 2026 - 2027 വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതി രൂപീകരണത്തിനു പൊതുജനങ്ങളെക്കൂടി പങ്കാളികളാക്കുന്നതിന് വേണ്ടി ഒരു ബൃഹത്തായ ജനകീയ ക്യാമ്പയിന് ജില്ലാ പഞ്ചായത്ത് തുടക്കമിടുന്നു. നാടിന്റെ കുതിപ്പിന് ഒപ്പം ചേരാന്‍, പുതിയ കാസര്‍കോടിന് വേണ്ടി, ജില്ലയെ വികസനത്തിന്റെ പാതയില്‍ ബഹുദൂരം മുന്നോട്ട് നയിക്കുന്നതിന് വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ജില്ലാ പഞ്ചായത്തിനെ നിങ്ങള്‍ക്ക് നേരിട്ട് അറിയിക്കാം. ലോകത്തെവിടെ നിന്നുമുള്ള കാസര്‍കോട്ടുകാര്‍ക്കും നാടിന്റെ വികസനത്തിനായി ഈ സൗകര്യം പ്രയോജനപ്പെടുത്താം.
ഏത് മേഖലയിലുമുള്ള നവീന ആശയങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്നതിന് ഇമെയില്‍, വാട്സാപ്പ്, ഗൂഗിള്‍ ഫോം എന്നിവ വഴി നേരിട്ട് സ്വീകരിക്കും. ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രത്യേക വിദഗ്ധ സംഘം സസൂക്ഷ്മം വിലയിരുത്തി തുടര്‍ നടപടികള്‍ ഉണ്ടാവും. സ്വീകാര്യമായ പദ്ധതി ആശയം മുന്നോട്ട് വെച്ചവരുമായി തുടര്‍ ചര്‍ച്ചകളും നടത്തും. പദ്ധതി നിര്‍ദ്ദേശമായി https://forms.gle/Gt87pVzwDpV59gC46 എന്ന ഗൂഗിള്‍ ഫോം വഴിയോ kasaragoddistrictpanchayath@gmail.com എന്ന ഇ -മെയില്‍ വഴിയോ 9400376993, 9447348363 എന്നി വാട്സ് ആപ്പ് നമ്പറുകള്‍ വഴിയോ 2026 ജനുവരി 22 നകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. ജില്ലയില്‍ പ്രചാരത്തിലുള്ള സപ്തഭാഷകളില്‍ ഏത് ഭാഷയിലും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം.
ജില്ലാ പഞ്ചായത്ത് നിലവില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികള്‍ തുടരും. പുതിയ കാലഘട്ടത്തിനനുസരിച്ച് എല്ലാ മേഖലയിലുമുള്ള ആശയങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് ക്ഷണിക്കുകയും ആശയങ്ങള്‍ സംസ്ഥാനത്തെ വിദഗ്ധ സംഘം ഉള്‍പ്പെടുന്ന പാനല്‍ പരിശോധിച്ച് 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാപഞ്ചായത്ത് പദ്ധതികളുടെ ഭാഗമാക്കുകയും ചെയ്യും. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള വികസനകാഴ്ചപ്പാടുകളില് തിരഞ്ഞെടുത്ത ആശയങ്ങള്‍ ഉള്‍പ്പെടുത്തും.
ജില്ലാ പഞ്ചായത്തിന് ഏറ്റെടുത്ത് നടത്താന്‍ കഴിയാത്ത സംയോജിത ആശയങ്ങള്‍ ത്രിതല പഞ്ചായത്തുമായും സര്‍ക്കാര്‍ തലത്തിലുള്ളവ ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയും നടപ്പിലാക്കും. നൂതന ആശയങ്ങളില്‍ ഊന്നിക്കൊണ്ടുള്ള നിര്‍ദേശങ്ങള്‍ക്ക് മുന്‍ഗണനയെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം പറഞ്ഞു.
- Log in to post comments