Skip to main content

ബഹു. മന്ത്രിമാരായ ശ്രീ. വി. ശിവൻകുട്ടി, ശ്രീ. കെ രാജൻ, ഡോ. ആർ. ബിന്ദു എന്നിവരുടെ വാർത്താസമ്മേളനം -തൃശൂർ - ജനുവരി 16* *കലോത്സവം സമാപന സമ്മേളനം*

*

64-ാമത് കേരള സ്കൂൾ കലോത്സവം അതിന്റെ പരിസമാപ്തിയിലേക്ക് അടുക്കുകയാണ്. കൗമാര പ്രതിഭകളുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾക്ക് വേദിയായ ഈ മഹോത്സവത്തിന്റെ സമാപന സമ്മേളനം 2026 ജനുവരി 18 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് തൃശൂർ തേക്കിൻകാട് മൈതാനത്തെ എക്‌സിXബിഷൻ ഗ്രൗണ്ടിൽ വെച്ച് വളരെ വിപുലമായി നടക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശൻ നിർവഹിക്കുന്നതാണ്. ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ അധ്യക്ഷത വഹിക്കും. മലയാളത്തിന്റെ അഭിമാനമായ ശ്രീ. മോഹൻലാൽ ഈ ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തുന്നു എന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഒന്നാമതെത്തുന്ന ജില്ലയ്ക്കുള്ള സ്വർണ്ണക്കപ്പ് പൊതു വിദ്യാഭ്യാസ മന്ത്രിയും ശ്രീ. മോഹൻലാലും ചേർന്നാണ് വിജയികൾക്ക് സമ്മാനിക്കുക.
ചടങ്ങിൽ ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർ ശ്രീ. എ.എൻ. ഷംസീർ മുഖ്യപ്രഭാഷണം നടത്തും. കൂടാതെ മന്ത്രിമാരായ ഡോ. ആർ. ബിന്ദു, ശ്രീ. വി. അബ്ദുറഹിമാൻ, ശ്രീ. എം.ബി. രാജേഷ് എന്നിവരും സാംസ്കാരിക നായകരും ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും.

*വേദനയെ തോൽപ്പിക്കുന്ന നിശ്ചയദാർഢ്യം;സിയ ഫാത്തിമയ്ക്ക് മത്സരിക്കാൻ വഴിയൊരുങ്ങുന്നു*

കാസർഗോഡ് പടന്ന വി.കെ.പി.കെ.എച്ച്.എം.എം.ആർ.വി.എച്ച്.എസ്.എസിലെ (VKPKHMMRVHSS) മിടുക്കരായ വിദ്യാർത്ഥികളിലൊരാളായ സിയ ഫാത്തിമയുടെ സങ്കടം നിറഞ്ഞ സന്ദേശവും സ്കൂൾ അധികൃതരുടെ അപേക്ഷയും ശ്രദ്ധയിൽപ്പെടുകയുണ്ടായി. 'വാസ്കുലൈറ്റിസ്' എന്ന ഗുരുതര രോഗത്തോട് പോരാടുമ്പോഴും, ശരീരം കാർന്നുതിന്നുന്ന വേദനയിലും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പോസ്റ്റർ ഡിസൈനിംഗിൽ മാറ്റുരയ്ക്കാനുള്ള ആ കുട്ടിയുടെ വലിയ ആഗ്രഹം നമുക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. യാത്ര ചെയ്യുന്നത് ജീവന് തന്നെ ഭീഷണിയായേക്കാം എന്ന ഡോക്ടർമാരുടെ കർശന നിർദ്ദേശമുള്ളതിനാൽ, തൃശ്ശൂരിലെ വേദിയിലെത്തി മത്സരിക്കാൻ സിയയ്ക്ക് സാധിക്കില്ല. ഈ സാഹചര്യത്തിൽ, ആ കുട്ടിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ മാനുഷിക പരിഗണന നൽകി പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുകയാണ്.
നാളെ രാവിലെ 11 മണിക്ക് വേദി 17 ആയ സി.എം.എസ്.എച്ച്.എസ്.എസിൽ നടക്കുന്ന അറബിക് പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ സിയ ഫാത്തിമയ്ക്ക് വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കാൻ അവസരമൊരുക്കും. ബന്ധപ്പെട്ട അധികൃതർ ഓൺലൈനായി മത്സരം നിരീക്ഷിക്കുകയും മൂല്യനിർണ്ണയം നടത്തുകയും ചെയ്യും.
രോഗപീഡകൾക്കിടയിലും കലയെ നെഞ്ചോട് ചേർക്കുന്ന സിയ ഫാത്തിമയുടെ അതിജീവന പോരാട്ടത്തിന് ഇതൊരു കൈത്താങ്ങാവട്ടെ. പ്രിയപ്പെട്ട കുട്ടിക്ക് എല്ലാവിധ വിജയാശംസകളും വേഗത്തിലുള്ള രോഗശമനവും നേരുന്നു.

*മത്സരാർത്ഥിക്ക് വീട്*

കാസർകോട് കമ്പല്ലൂർ ജി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയായ സച്ചു സതീഷിന്റെയും അമ്മ ബിന്ദുവിന്റെയും കഷ്ടപ്പാടുകൾക്ക് ആശ്വാസമായി സർക്കാർ ഇടപെടൽ ഉണ്ടാകും. കേരളകൗമുദിയിലെ വാർത്തയെ തുടർന്ന് സച്ചുവും അമ്മയും എന്നെ നേരിട്ട് കണ്ട് ബുദ്ധിമുട്ടുകൾ അറിയിച്ചു. ഇതിനെത്തുടർന്ന്, സച്ചുവിന്റെ സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിന് ഇടപെടണമെന്ന് തൃക്കരിപ്പൂർ എം.എൽ.എ ശ്രീ.എം. രാജഗോപാലിനെ ഫോണിൽ വിളിച്ച് നിർദ്ദേശം നൽകി. പ്രശ്നപരിഹാരം ആകുന്നതോടുകൂടി, സച്ചുവിന് വീട് നിർമ്മിക്കുന്നതിനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കും.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആൺകുട്ടികളുടെ ഭരതനാട്യത്തിൽ തുടർച്ചയായി നാലാം തവണയും എ ഗ്രേഡ് നേടിയിട്ടുണ്ട് സച്ചു. പട്ടികവർഗ മലവേട്ടുവ സമുദായത്തിൽപ്പെട്ട സച്ചുവിന് കുച്ചിപ്പുടിയിലും കേരളനടനത്തിലും മുൻപ് മൂന്നു തവണ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.
സച്ചുവിന്റെ ഈ വിജയങ്ങൾക്ക് പിന്നിൽ അമ്മ ബിന്ദുവിന്റെ വലിയ ത്യാഗത്തിന്റെ കഥയുണ്ട്. ആറ് വർഷം മുൻപ് അച്ഛൻ പി.ആർ. സതീഷ് ഹൃദയാഘാതം മൂലം മരിച്ചതോടെ കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിലായി. കല്ലെടുത്തും ഇഷ്ടിക ചുമന്നും തൊഴിലുറപ്പിന് പോയും കിട്ടുന്ന വരുമാനം കൊണ്ടാണ് ബിന്ദു മകനെ വളർത്തുന്നത്.
സ്വന്തമായി വീടില്ലാത്ത ഇവർ നിലവിൽ ബിന്ദുവിന്റെ സഹോദരിയുടെ വീട്ടിലാണ് താമസിക്കുന്നത്.

date