*അറിയാം കേരള പോലീസിന്റെ 'തുണ'
പോലീസിൽ നിന്ന് ലഭിക്കേണ്ട സേവനങ്ങളും വിവരങ്ങളും നിങ്ങളുടെ വിരൽത്തുമ്പിലെത്തിക്കാൻ കേരള പോലീസ് തുടക്കമിട്ട സിറ്റിസൺ പോർട്ടൽ ആണ് തുണ. ഈ പോർട്ടലിലൂടെ, പൗരന്മാർക്ക് നേരിട്ട് സന്ദർശിക്കാതെ തന്നെ പോലീസ് സ്റ്റേഷനുകളിലേക്കോ ഉയർന്ന ഓഫീസുകളിലേക്കോ പരാതികൾ രജിസ്റ്റർ ചെയ്യാനും സേവന അഭ്യർത്ഥനകൾ സമർപ്പിക്കാനും കഴിയും. ഓൺലൈൻ സംവിധാനങ്ങളെക്കുറിച്ച് പരിചയമില്ലാത്തവർക്ക് പോലും പോർട്ടലിൽ ലോഗിൻ ചെയ്തുകൊണ്ട് നേരിട്ടോ കോമൺ സർവീസ് സെൻററുകൾ (സിഎസ്സി) പോലുള്ള അംഗീകൃത ഏജൻസികളുടെ സഹായത്തോടെയോ പരാതികൾ സമർപ്പിക്കാം. പൊതുജനങ്ങളും പോലീസും തമ്മിലുള്ള തടസ്സമില്ലാത്ത ഡിജിറ്റൽ ഇടപെടൽ ഉറപ്പാക്കുന്നതിനായി ആരംഭിച്ച തുണ കേരളത്തിലെ പോലീസ് സേവനങ്ങളുടെ സുതാര്യത, പ്രവേശനക്ഷമത, മൊത്തത്തിലുള്ള കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നു.
ഈ പ്ലാറ്റ്ഫോം (തുണ) വഴി സമർപ്പിക്കുന്ന എല്ലാ പരാതികളും സേവന അഭ്യർത്ഥനകളും അതത് പോലീസ് സ്റ്റേഷനിലോ ബന്ധപ്പെട്ട ഉയർന്ന ഓഫീസിലോ ഉള്ള സിറ്റിസൺ സർവീസ് മൊഡ്യൂളിലേക്ക് കൈമാറുന്നു. അപേക്ഷയിൻമേലുള്ള ഫീസ് ഓൺലൈൻ ആയി തന്നെ നൽകനും തുണ വഴി ചെയ്യാനുള്ള സൗകര്യമുണ്ട്. പ്രക്രിയകളെല്ലാം പൂർത്തിയായിക്കഴിഞ്ഞാൽ തുണ പോർട്ടൽ വഴി തന്നെ പരാതിയുടെ സ്റ്റാറ്റസ്, ഫലം കാണാനോ ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനോ കഴിയും. എല്ലാ ആശയവിനിമയങ്ങളും സേവനങ്ങളും ഡിജിറ്റലായി നൽകുന്നതിനാൽ അപേക്ഷകൻ നേരിട്ട് പോലീസ് സ്റ്റേഷനോ ഓഫീസോ സന്ദർശിക്കേണ്ടതില്ല.
എങ്ങനെ അക്കൗണ്ട് തുടങ്ങാം?
https://thuna.keralapolice.gov.in എന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് ഈ സിറ്റിസൺ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. പേരും മൊബൈൽ നമ്പറും ഇ മെയിൽ ഐഡി യും കൃത്യമായി രേഖപ്പെടുത്തുക. യൂസർ നെയ്മും പാസ്സ്വേർഡും നൽകി മൊബൈലിൽ ലഭിക്കുന്ന വൺ ടൈം പാസ്സ്വേർഡും കൊടുത്തു സബ്മിറ്റ് ചെയ്താൽ 'തുണ'യിൽ അക്കൗണ്ട് സജീവമാകും. അതിനുശേഷം പരാതികളും സേവനങ്ങൾക്കുള്ള അപേക്ഷകളും തുണയിലൂടെ സമർപ്പിക്കാം. പരാതികൾക്ക് പുറമെ മൈക്ക് ഉപയോഗിക്കുന്നതിനുള്ള അപേക്ഷ,പോലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റിനു വേണ്ടിയുള്ള അപേക്ഷ, അപകട ഇൻഷുറൻസ് സംബന്ധിച്ച ആക്സിഡന്റ് ജി ഡിയുടെ അപേക്ഷയിൽമേലുള്ള വിവരങ്ങൾ, നഷ്ടപ്പെട്ട സാധനങ്ങളിന്മേൽ പരാതി സമർപ്പിക്കുന്നതിനായുള്ള രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങളും പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കുന്നതിനായുള്ള സൗകര്യവും തുണയിൽ ലഭ്യമാണ്.
ഇതിനുപുറമേ നഷ്ടപ്പെട്ട മൊബൈലിന്റെ സിഇഐ ആർ /ഐഎം ഇ ഐ ബ്ലോക്ക് ചെയ്യാനുള്ള സൗകര്യവും തുണയിൽ ലഭ്യമാണ്. ഇതിനായി ഒ ടി പി നമ്പർ ലഭിക്കുന്നതിനു നഷ്ടപ്പെട്ട സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് സിം എടുക്കണം. കൂടാതെ, രാഷ്ട്രീയപാർട്ടികളും മറ്റും നടത്തുന്ന സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും വിവരങ്ങൾ പോലീസിനെ അറിയിക്കുന്നതിനുള്ള സംവിധാനവും രാഷ്ട്രീയപാർട്ടികളുടെയോ, മതസാമൂഹ്യസാംസ്കാരികസംഘടനകളുയോ ജാഥ, ഘോഷയാത്രകൾക്കും മറ്റുമുള്ള പോലീസിൽ നിന്നുള്ള അനുമതി ഓൺലൈനിലൂടെ ലഭ്യമാക്കാവുന്ന സംവിധാനവും പോർട്ടലിൽ ലഭ്യമാണ്. സേവനം ലഭ്യമായ ശേഷം അതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താനും പോർട്ടലിൽ സൗകര്യമുണ്ട്. അപേക്ഷയിൽമേലുള്ള ഫീസ് ഓൺലൈനായി അടയ്ക്കാനും തുണയിൽ സൗകര്യമുണ്ട്
കഴിഞ്ഞ വർഷം 959 പരാതികളും പോലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റിനായുള്ള 8864 അപേക്ഷകളും മൈക്ക് ഉപയോഗിക്കുന്നതിന് വേണ്ടിയുള്ള 5606 അപേക്ഷകളും ആക്സിഡന്റ് ജി ഡി അപേക്ഷയുമായി ബന്ധപ്പെട്ട 2437 അപേക്ഷകളും സാധനം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട 812 പരാതികളും പോർട്ടലിൽ ലഭിച്ചിട്ടുണ്ട്.
photo കേരള പോലീസ് സിറ്റിസൺ പോർട്ടൽ തുണ
- Log in to post comments