ആറളം പുനരധിവാസമേഖലയിലെ പട്ടികവർഗ കുടുംബങ്ങളുടെ പ്രശ്‌ന പരിഹാരം പുരോഗമിക്കുന്നു
ആറളം പുനരധിവാസമേഖലയിൽ താമസിക്കുന്ന പട്ടികവർഗ കുടുംബങ്ങളുടെ പ്രശ്‌നങ്ങൾ പട്ടികവർഗ വികസന വകുപ്പ് നിലവിൽ പരിഗണിച്ചിട്ടുള്ളതാണെന്നും പരിഹാര നടപടികൾ വിവിധ തലങ്ങളിലായി നടന്നുവരികയാണെന്നും കണ്ണൂർ ഐടിഡിപി പ്രൊജക്ട് ഓഫീസർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ആറളം പുനരധിവാസമേഖലയിലെ ബ്ലോക്ക്-13ൽ 55 പ്രദേശത്ത്, ചതിരൂർ-110 ഉന്നതിയിലെ കുടുംബങ്ങൾ മഴക്കാലം കഴിഞ്ഞാൽ മീൻ പിടിക്കാനും മറ്റുമായി സ്ഥിരമായി പുഴയോരത്ത് താമസിക്കാറുണ്ട്. ഇങ്ങനെ ആകെ 28 കുടുംബങ്ങളാണ് താമസിച്ചുവരുന്നത്. ഇവരുടെ ബന്ധുകുടുംബങ്ങൾ ഇടക്ക് വന്ന് പോകുന്നത് ഉൾപ്പെടെ ചിലപ്പോൾ കൂടുതൽ വരും.
ഈ 28 കുടുംബങ്ങളിൽ ചതിരൂർ-110 ഉന്നതിയിൽ നിന്നെത്തി താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണം 15 ആണ്. ഇവർ മാതാപിതാക്കൾക്ക് ചതിരൂർ-110 ഉന്നതിയിൽ ഭൂമി ലഭിച്ചവരാണ്. ആറളം ഫാമിൽ മാതാപിതാക്കൾക്ക് ഭൂമി ലഭിച്ചവരുടെ ഉപകുടുംബങ്ങൾ 10. ആറളം ബ്ലോക്ക്-13 ൽ തന്നെ ലഭിച്ച ഭൂമിയിൽ താമസിക്കാതെ 55 എന്ന പ്രദേശത്ത് താമസിക്കുന്നവർ മൂന്ന്. ഈ 28 കുടുംബങ്ങളിൽ 10 കുടുംബങ്ങൾ പുഴയോരത്തിന് സമീപത്ത് ഭൂമി അനുവദിച്ച് സ്ഥിരമായി താമസിച്ചുവരുന്നുണ്ട്. കൂടാതെ മൂന്ന് കുടുംബങ്ങൾക്ക് ബ്ലോക്ക്-13 ൽ തന്നെ ഭൂമി അനുവദിച്ചിട്ടുണ്ട്. ഈ 28 കുടുംബങ്ങളും പണിയ വിഭാഗത്തിൽപ്പെട്ടവരും ബന്ധുക്കളുമാണ്. ചതിരൂർ-110 ഉന്നതിയിലുള്ള ഇവർ ഈ പ്രദേശത്തേക്ക് വരുന്ന സമയത്ത് പുഴയോരത്ത് ഒത്തുകൂടുകയാണ് ചെയ്യുന്നത്.
ഭൂമി അനുവദിക്കുന്നതിനുളള നടപടികൾ പൂർത്തീകരണ ഘട്ടത്തിൽ
കണ്ണൂർ ജില്ലയിൽ ഭൂരഹിതരും ആറളം ഫാമിൽ താമസിക്കാൻ താൽപര്യം അറിയിച്ചവരുമായ 127 കുടുംബങ്ങൾക്ക് ഭൂമി അനുവദിക്കുന്ന നടപടികൾ പൂർത്തീകരണഘട്ടത്തിലാണ്. നിലവിൽ ആറളം പുനരധിവാസ പ്രദേശത്തിന്റെ പുറമേ നിന്നുമെത്തി താമസിക്കുന്ന 94 കുടുംബങ്ങൾക്ക് ഭൂമി അനുവദിക്കുന്നതിനുളള നടപടികൾ അന്തിമഘട്ടത്തിലുമാണ്.
ചതിരൂർ-110 ഉന്നതിയിൽ നിന്നും വന്ന 15ൽ 10 കുടുംബങ്ങൾ ഈ 94ൽ ഉൾപ്പെട്ടിട്ടുളളവരാണ്. ഇവർക്ക് ഉടൻ തന്നെ ഭൂമി അനുവദിക്കുമെന്ന് പ്രൊജക്ട് ഓഫീസർ അറിയിച്ചു. അതേസമയം, ആറളം ഫാമിൽ തന്നെ ഭൂമി ലഭിച്ച കുടുംബങ്ങളുടെ ഉപകുടുംബങ്ങൾക്ക് ഭൂമി കൊടുക്കുന്നതിനുള്ള നടപടി സർക്കാറിന്റെ അംഗീകാരത്തോടെ സ്വീകരിക്കുന്നതാണെന്നും അറിയിച്ചു.
ഇതോടൊപ്പം പ്ലോട്ട് മാറി താമസിക്കുന്ന 113 കുടുംബങ്ങൾക്ക് പ്ലോട്ട് മാറ്റി അനുവദിക്കുന്നതിനുളള നടപടികളും അന്തിമഘട്ടത്തിലാണ്.
ആദ്യം കൈവശരേഖ അനുവദിച്ചത് 3375 കുടുംബങ്ങൾക്ക്.
ആറളം പുനരധിവാസമേഖലയിൽ ആദ്യം കൈവശരേഖ അനുവദിച്ചത് 3375 കുടുംബങ്ങൾക്കാണ്. ഇവരിൽ ദീർഘകാലമായി ഈ ഭൂമിയിൽ വന്നുതാമസിക്കാത്ത 1453 കുടുംബങ്ങൾക്ക് നോട്ടീസ് നൽകി അവരുടെ ആക്ഷേപങ്ങൾ കേട്ടതിന്റെ അടിസ്ഥാനത്തിൽ ഭൂമിയിൽ താമസിക്കാൻ താൽപര്യമില്ലാത്തവരും കൈവശരേഖ തിരികെ സമർപ്പിച്ചതുമായ 1019 കുടുംബങ്ങളുടെ കൈവശരേഖ റദ്ദുചെയ്തു. ഈ ഭൂമിയിൽ അർഹരായവരും മേഖലയിൽ താമസിക്കാൻ തൽപരരുമായ പട്ടികവർഗ കുടുംബങ്ങൾക്ക് ഭൂമി അനുവദിക്കാനുളള നടപടികൾ പുരോഗമിച്ചുവരുന്നു. 1330 കുടുംബങ്ങൾ അപേക്ഷ സമർപ്പിച്ചതിൽ വില്ലേജ് ഓഫീസറുടെ ശുപാർശ വാങ്ങിയതും ഊരുകൂട്ടം അംഗീകാരം ലഭ്യമാക്കിയതും പഞ്ചായത്ത് ഭരണസമിതിയിൽ അംഗീകരിച്ചതുമായ 303 പേർ അന്തിമലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.
മുൻകാലങ്ങളിൽ ആറളത്ത് ഭൂമി ലഭിച്ചവർ അത് ഉപയോഗിക്കാത്ത സാഹചര്യം കണക്കിലെടുത്ത് ഇവർക്ക് ഗ്രാമപഞ്ചായത്ത് തലത്തിൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, മെമ്പർ, പ്രമോട്ടർമാർ എന്നിവരടങ്ങിയ സബ്കമ്മിറ്റി ബോധവത്കരണം നടത്തിയിരുന്നു. ഇതിന് ശേഷം നിലവിൽ ഭൂരഹിതരായ (0 മുതൽ 5 സെന്റ് ഭൂമി) ഈ 127 പേർക്ക് ഭൂമി അനുവദിക്കുന്നതിനുളള നടപടികൾ പൂർത്തീകരണ ഘട്ടത്തിലാണ്.
11 റോഡുകൾ നവീകരിക്കുന്നു
നിലവിൽ ആറളം ഫാമിനകത്ത് 4,37,20,000 രൂപ ചെലവിൽ ഒമ്പത് റോഡുകൾ പഞ്ചായത്ത് മുഖേന ടാറിംഗ് ചെയ്യുന്നതിനും 49 ലക്ഷം രൂപയ്ക്ക് രണ്ട് റോഡുകൾ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മുഖേന നിർവ്വഹണം നടത്തുന്നതിനും പട്ടികവർഗ വികസന വകുപ്പ് ഭരണാനുമതി നൽകിയിട്ടുണ്ട്.
കുടിവെള്ളത്തിന് ജലനിധി പദ്ധതി
2014-15 മുതൽ ജലനിധി പദ്ധതി നടപ്പിലാക്കുന്നതിന് പട്ടിക വർഗ വകുപ്പ് മുഖേന ഗ്രാമപഞ്ചായത്തിന് 1,11,31,127 രൂപ, കൈമാറിയിട്ടുണ്ട്. പദ്ധതി പഞ്ചായത്ത് മുഖേനയാണ് നടപ്പിലാക്കുന്നത്. വേനൽക്കാലത്ത് എല്ലാ ബ്ലോക്കുകളിലും ടാങ്കർലോറിയിൽ കുടിവെളളം വിതരണം ചെയ്യുന്നതിന് വകുപ്പ് പഞ്ചായത്തിന് ഫണ്ട് അനുവദിച്ചുവരുന്നുണ്ട്.
കുടിവെള്ള വിതരണത്തിന് 2023-24 വർഷം 6,02,532 രൂപയും 2024-25 വർഷം 7,02,600 രൂപയും 2025-26 വർഷം 2,19,504 രൂപയും ചെലവഴിച്ചിട്ടുണ്ട്.
നിലവിൽ ആറളം പുനരധിവാസമേഖലയിലെ പൊതുവായ കുടിവെളള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുളള ജലനിധി പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിനും കുടിവെളള ടാങ്കുകൾ, ഉറവിടങ്ങൾ എന്നിവ ശുദ്ധീകരിക്കുന്നതിനുമുളള നടപടികൾ ഗ്രാമപഞ്ചായത്ത് തലത്തിൽ പുരോഗമിച്ചുവരുന്നുണ്ട്.
ഉപജീവനത്തിന് പശുക്കളെ നൽകുന്നു
ആറളം പുനരധിവാസമേഖലയിൽ പശുവളർത്തലിൽ തൽപരരായ 100 ഗുണഭോക്താക്കൾക്ക് രണ്ട് വീതം പശുക്കൾ നൽകുന്നതിനുളള 2,20,13,400 രൂപയുടെ പദ്ധതി ക്ഷീരവികസന വകുപ്പ് മുഖേന പുരോഗമിച്ചുവരുന്നു. നിലവിൽ 50 വീതം ഗുണഭോക്താക്കൾക്ക് രണ്ട് ഘട്ടങ്ങളിലായി പരിശീലനപരിപാടി പൂർത്തീകരിച്ചിട്ടുണ്ട്.
- Log in to post comments