ഇ വി എം പ്രവര്‍ത്തനം; പൊതുജനങ്ങള്‍ക്കായി കലക്ടറേറ്റില്‍ സഹായകേന്ദ്രം
ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തിവിശദമാക്കുന്ന ഇ വി എം സഹായകേന്ദ്രം തുടങ്ങി. ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് ഉദ്ഘാടനം ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇ വി എം പ്രവര്‍ത്തനം സംബന്ധിച്ച സംശയനിവാരണവും വോട്ടിംഗ് ബോധവത്കരണവും ശക്തമാക്കുന്നതിനാണ് സംവിധാനം ഏര്‍പ്പെടുത്തിയത്. പൊതുജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ പ്രവര്‍ത്തനം അടുത്തറിഞ്ഞ് വോട്ട്രേഖപ്പെടുത്തുന്ന രീതിയാണ് ഒരുക്കിയിട്ടുള്ളത്. പ്രത്യേകമായി ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് പ്രവര്‍ത്തനം.
വോട്ടിംഗ് മെഷീന്റെ ഭാഗമായ ബാലറ്റ് യൂണിറ്റ്, കണ്ട്രോള് യൂണിറ്റ്, വി.വി.പാറ്റ് തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്. കണ്ട്രോള് യൂണിറ്റിലെ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഇ വി എം വോട്ട് ചെയ്യുന്നതിന് പ്രവര്‍ത്തനസജ്ജമാകും. തുടര്‍ന്ന് ബാലറ്റ് യൂണിറ്റിലെ ചിഹ്നങ്ങള്‍ക്ക് നേരെയുള്ള ബട്ടനില്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്താം. വോട്ട് ചെയ്ത ചിഹ്നം വി.വി.പാറ്റില്‍ ദൃശ്യമാകും. വോട്ടിംഗ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കുന്നതിന്റെ രീതിയാണ് ഇങ്ങനെ വ്യക്തമാക്കുന്നത്.
പ്രവൃത്തിദിനങ്ങളില്‍ രാവിലെ 10 മുതല്‍ അഞ്ച് വരെയാണ് പ്രവര്‍ത്തനം. ഉദ്ഘാടന പരിപാടിയില്‍ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി ജയശ്രീ, ജൂനിയര്‍ സൂപ്രണ്ട് സുരേഷ്, തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments