കുട്ടികൾക്കെതിരായുള്ള അതിക്രമങ്ങളെ പ്രതിരോധിക്കാൻ സമൂഹത്തെ വാർത്തെടുക്കണം ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ
കുട്ടികൾക്കെതിരായി ഉണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കാനും പ്രതിരോധിക്കാനും കഴിവുള്ള സമൂഹത്തെ വാർത്തെടുക്കണമെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ. വി. മനോജ്കുമാർ. കമ്മിഷന്റെ ആഭിമുഖ്യത്തിൽ ബാലസംരക്ഷണ നിയമങ്ങളെക്കുറിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ത്രിദിന കോൺക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മനോജ്കുമാർ.
വിവേകപൂർവ്വം പ്രവർത്തിക്കുന്ന ഒരു സമൂഹമായി കേരളീയ ജനത മാറേണ്ടത് അനിവാര്യമാണ്. കുട്ടികളിൽ ഭയം നിറച്ചാൽ അവർക്ക് സ്വതന്ത്രമായി വളരാൻ സാധിക്കില്ല. ക്ലാസ്‌റൂമുകൾ നല്ല സംവാദങ്ങളുടെയും ചിന്തകളുടെയും സന്തോഷത്തിന്റെയും ഇടങ്ങളാകണം. നല്ല ശാസ്ത്രബോധമുളള കുട്ടികളെയാണ് നാം സൃഷ്ടിക്കേണ്ടത്. കുട്ടികൾക്ക് ചെറു പ്രായത്തിൽതന്നെ പഞ്ചശുദ്ധികൾ പറഞ്ഞു കൊടുക്കണം. നിരവധി പ്രശ്‌നങ്ങൾ ഉള്ള കട്ടികളാണ് സ്‌കൂളുകളിൽ എത്തുന്നത്. അവരെ രൂപപ്പെടുത്തുന്നതിൽ അധ്യാപകർക്ക് പ്രധാന പങ്കുണ്ട്. കുട്ടികളിൽ നിരീക്ഷണ പാടവും ആത്മാഭിമാനവും വളർത്തണം. കുട്ടികൾ ആഹ്‌ളാദഭരിതരാകണം. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കർത്തവ്യവാ ഹകർക്ക് കൂടുതൽ ഉത്തരവാദിത്വ ങ്ങളാണുളളത്. കുട്ടികൾ നമുക്ക് മുമ്പേ സഞ്ചരിക്കുന്നവരാണ്. അറിവിനും അപ്പുറം മാനവിയതിലേക്ക് നയിക്കുന്നവരാകാണം അധ്യാപകരെന്നും അദ്ദഹം അഭിപ്രായപ്പെട്ടു. പി.എം.ജിയിലെ കേരള ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കമ്മിഷൻ അംഗം കെ. മോഹൻകുമാർ അധ്യക്ഷത വഹിച്ചു. കെ. കെ. ഷാജു സ്വാഗതവും സെക്രട്ടറി എച്ച് നജീവ് നന്ദിയും പറഞ്ഞു. കമ്മിഷൻ അംഗങ്ങളായ ഷാജേഷ് ഭാസ്കർ, എഫ്. വിൽസൺ, ജലജമേൾ റ്റി. സി, സിസിലി ജോസഫ് തുടങ്ങയവർ പങ്കെടുത്തു.
ശിശു സൗഹൃദ-ശിശു കേന്ദ്രീകൃത അന്തരീക്ഷം എല്ലാ സ്‌കൂളുകളിലും ഉറപ്പാക്കുന്നതിന് സൗജന്യവും നിർബന്ധി തവുമായ വിദ്യാഭ്യാസ അവകാശ ആക്റ്റ്, ബാല നീതി നിയമം, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമം ഉൾപ്പെടെ കുട്ടികൾക്കായുള്ള നിയമങ്ങളെക്കുറിച്ച് യോഗം വിലയിരുത്തി. വിദ്യാർത്ഥികൾ, അധ്യാപകർ, സ്കൂൾ പി.റ്റി.എ പ്രതിനിധികൾ, മാതാപിതാക്കൾ, രക്ഷിതാക്കൾ തദ്ദേശസ്വയംഭരണ അധികാരികൾ, വിവിധ വകുപ്പ് മേധാവികൾ, സാമൂഹിക-സാംസ്‌കാരിക പ്രവർത്തകർ എൻ.ജി.ഒ പ്രതിനിധികൾ, കമ്മ്യൂണിറ്റി നേതാക്കൾ തുടങ്ങി 400 പേർ കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്.
കോൺക്ലേവിന്റെ ഒന്നാം ദിനമായ ഇന്ന് നൂതനകാലത്തെ കുട്ടികളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങളും വെല്ലുവിളികളും, അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇടയിലെ പരസ്പര വിശ്വാസവും ആശയവിനിമയവും, ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ളതും, നിയമവുമായി പൊരുത്തപ്പെടാത്തതുമായ കുട്ടികൾ - നിയമപരമായ ഇടപെടലുകളും സംരക്ഷണ സംവി ധാനങ്ങളും, കുട്ടികളുടെ അവകാശ ഉടമ്പടി - ബാല നീതി ആക്റ്റ്, ആർ.റ്റി.ഇ ആക്റ്റ്, പോക്സോ ആക്റ്റ്, സാധ്യതകളും വെല്ലുവിളികളും, കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ ആക്റ്റ്, കേരള വിദ്യാഭ്യാസ നയം - വെല്ലുവിളികൾ, ബാലവേല ശൈശവ വിവാഹം - കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
പി.എൻ.എക്സ്. 495/2026
- Log in to post comments