Skip to main content

ആലപ്പുഴയുടെ വികസനം മുതൽ അന്താരാഷ്ട്ര വിശേഷങ്ങൾ വരെ; സി എം മെഗാ ക്വിസ് ജില്ലാതല മത്സരത്തിൽ സമ്മാനങ്ങൾ വാരിക്കൂട്ടി കാണികളും

ആലപ്പുഴയുടെ വികസന  കയ്യൊപ്പ് പതിച്ച പെരുമ്പളം പാലവും  പള്ളിപ്പുറം സീഫുഡ് പാർക്കും മുതൽ നാരീശക്തി പുരസ്‌കാര ജേതാവ്
കാർത്യായനി അമ്മ വരെ ഉത്തരങ്ങളായി പെയ്തിറങ്ങിയപ്പോൾ  സി എം മെഗാ ക്വിസ് ആലപ്പുഴ ജില്ലാതല മത്സരം ആവേശഭരിതമായി. കുട്ടികളുടെ ഇഷ്ട വിനോദമായ ഫ്രീ ഫയർ ഗെയിമിന്റെ കമ്പനി തിരിച്ചറിയാനും  സ്റ്റേസി ബാർബി, പോപ്പോയ് എന്നീ കാർട്ടൂൺ കഥാപാത്രങ്ങളെ  തിരിച്ചറിയാനുമുള്ള ചോദ്യങ്ങൾ കുട്ടികളിൽ വലിയ കൗതുകം ഉണർത്തി. അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന കായിക വിനോദമായ കളിത്തട്ടിനെകുറിച്ചുള്ള ചോദ്യം കുട്ടികളെ അല്പം കുഴക്കിയെങ്കിലും കുറച്ചുപേർ ആ ചോദ്യത്തിനും ഉത്തരം നൽകി. കോഹിനൂർ രത്‌നവും കായംകുളം കൊച്ചുണ്ണിയുടെ പ്രതിഷ്ഠയും തിരിച്ചറിയാനുള്ള ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ്  മത്സരത്തിന്റെ ആദ്യഘട്ടം അവസാനിച്ചത്. തിരുവല്ല മാർത്തോമ്മാ കോളേജിലെ ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഗവേഷണ സൂപ്പർവൈസറുമായ കെഎം വിഷ്ണു നമ്പൂതിരിയായിരുന്നു പ്രാഥമിക ഘട്ടത്തിന്റെ ക്വിസ് മാസ്റ്റർ. 

 സ്‌കൂൾ  കോളേജ് തലത്തിൽ നടത്തിയ പ്രാഥമിക മത്സരത്തിൽ ഓരോ വിഭാഗത്തിൽ നിന്നും ആറു ടീമുകളാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റർ  എം എസ് അമിത് ആയിരുന്നു ഫൈനൽ റൗണ്ടിലെ ക്വിസ് മാസ്റ്റർ.  കല, സാഹിത്യം, സ്പോർട്, പുരാതനകാലം, നവോത്ഥാനം,  കേരളത്തിനായുള്ള ഭാവി പദ്ധതികൾ തുടങ്ങിയവയെക്കുറിച്ചെല്ലാം  അറിവു വിളിച്ചോതുന്നതായിരുന്നു ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിന്റെ ആലപ്പുഴ ജില്ലാതല മത്സരങ്ങൾ.കേരളത്തിന്റെ ഇന്നലെയും ഇന്നും നാളെയുമൊക്കെ ചോദ്യങ്ങളായി മുന്നിൽ തെളിഞ്ഞപ്പോൾ  കുട്ടികളും കാണികളും  ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്തു. 

മത്സരാർത്ഥികൾക്ക് പുറമെ കാണികൾക്കും അറിവ് പങ്കുവെക്കാൻ അവസരമൊരുക്കിയിരുന്നു. സദസ്സിലുള്ളവർക്കായി ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയവർക്ക് ആകർഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു. മത്സരാർത്ഥികൾക്കൊപ്പം കാണികളും സജീവമായതോടെ അറിവിന്റെയും ആവേശത്തിന്റെയും വലിയൊരു കൂട്ടായ്മയായി ക്വിസ് മത്സരം മാറി. സ്‌കൂൾ സ്ഥലത്തിൽ മൂന്ന് ടീമും കോളേജ് തലത്തിൽ മൂന്ന് ടീമും ആണ് വിജയികളായി തിരഞ്ഞെടുക്കപ്പെട്ടത്. കോളേജ് തലത്തിലെ അവസാന റൗണ്ടിൽ മൂന്ന് ടീമുകൾ സമനിലയിൽ എത്തിയത് മത്സരത്തിന്റെ  ആവേശം കൂട്ടി. തുടർന്ന് വീണ്ടും നടത്തിയ ചോദ്യോത്തരങ്ങളിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്.

മിൽമ, കേരള കയർ കോർപ്പറേഷൻ, സപ്ലൈകോ, കുടുംബശ്രീ എന്നിവയാണ് സമ്മാനങ്ങൾ സ്‌പോൺസർ ചെയ്തത്.

date