പ്രഗ്യാൻ റോവർ സാങ്കേതികവിദ്യയുമായി ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പുകൾക്ക് തുടക്കം
പ്രഗ്യാൻ റോവർ സാങ്കേതിക വിദ്യയുമായി ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പുകൾക്ക് കൈറ്റ് ആർ ആർ സി ഇടപ്പള്ളിയിൽ തുടക്കമായി. ചന്ദ്രയാൻ 3 ദൗത്യത്തിലെ 'പ്രഗ്യാൻ' റോവറിനെ ഭൂമിയിലിരുന്ന് നിയന്ത്രിച്ച് ചന്ദ്രനിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചതിന് സമാനമായ സാങ്കേതിക വിദ്യകൾ സ്കൂൾ കുട്ടികൾക്ക് പഠിക്കാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൻ്റെ ഭാഗമായി ജില്ലയിലെ 204 സ്കൂളുകൾക്കുള്ള അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണവും കൈറ്റ് സി ഇ ഒ കെ. അൻവർ സാദത്ത് നിർവ്വഹിച്ചു. സബ് ജില്ലാ ക്യാമ്പുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 104 കുട്ടികൾക്കാണ് രണ്ട് ദിവസത്തെ ക്യാമ്പിൽ പ്രോഗ്രാമിങ്, ത്രിമാന അനിമേഷൻ എന്നിവയിൽ വിദഗ്ദ്ധ പരിശീലനം നൽകുന്നത്.
ഐഎസ്ആർഒയും നാസയും തങ്ങളുടെ ബഹിരാകാശ ദൗത്യങ്ങളിൽ റോവറുകളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന അതേ സാങ്കേതിക തത്വങ്ങളാണ് ക്യാമ്പിലെ പ്രോഗ്രാമിങ് സെഷനുകളുടെ അടിസ്ഥാനം. കുറഞ്ഞ ബാൻഡ്വിഡ്ത്തിലും ഐ.ഒ.ടി ഉപകരണങ്ങൾ തമ്മിൽ മികച്ച രീതിയിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്ന പ്രോട്ടോക്കോൾ ഉപയോഗിച്ചാണ് കുട്ടികൾ ഉപകരണങ്ങൾ തയ്യാറാക്കുന്നത്. ഗ്രഹങ്ങൾ, ഖനികൾ, കുഴൽക്കിണറുകൾ, മാൻഹോളുകൾ തുടങ്ങി മനുഷ്യർക്ക് നേരിട്ട് എത്താൻ പ്രയാസമുള്ള ഇടങ്ങളിൽ പരീക്ഷണങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാവുന്ന വിദൂര നിയന്ത്രിത റോവർ ഉപകരണങ്ങളുടെ സാങ്കേതിക വിദ്യയാണ് കുട്ടികൾ ക്യാമ്പിലൂടെ പരിചയപ്പെടുന്നത്.
അത്യാധുനിക സവിശേഷതകളോട് കൂടിയ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളാണ് സ്കൂളുകളിലേക്ക് വിതരണം ചെയ്തത്. ഐ.ഒ.ടി സംവിധാനങ്ങൾ ഒരുക്കുന്നതിന് ആവശ്യമായ വൈഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങളുള്ള ഇ.എസ്.പി 32 ഡെവലപ്മെന്റ് ബോർഡാണ് ഇതിലെ പ്രധാന ഘടകം. ഇതിനുപുറമെ അൾട്രാസോണിക് ഡിസ്റ്റൻസ്, സോയിൽ മോയിസ്ചർ, പി.ഐ.ആർ മോഷൻ, ലൈൻ ട്രാക്കിംഗ് തുടങ്ങിയ വിവിധ സെൻസറുകളും, 4ഡബ്ല്യുഡി സ്മാർട്ട് കാർ ഷാസി കിറ്റ്, സബ്മെഴ്സിബിൾ മിനി വാട്ടർ പമ്പ് എന്നിവയും ഇതിലുണ്ട്. ഇവ ഉപയോഗിച്ച് സ്മാർട്ട് ഇറിഗേഷൻ സംവിധാനങ്ങൾ, കാഴ്ച പരിമിതർക്കുള്ള സ്മാർട്ട് ഉപകരണങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയ സങ്കീർണ്ണമായ പ്രോജക്റ്റുകൾ കുട്ടികൾക്ക് തനിയെ നിർമ്മിക്കാനാകും. പ്രോജക്റ്റുകൾ തയ്യാറാക്കുന്നതിനൊപ്പം ബ്ലോക്ക് കോഡിങ്, പൈത്തൺ, സി എന്നീ പ്രോഗ്രാമിങ് ഭാഷകൾ പ്രായോഗികമായി പഠിക്കാനും ഇതിലൂടെ അവസരം ലഭിക്കും. ജില്ലാ ക്യാമ്പ് ഇന്ന് സമാപിക്കും.
- Log in to post comments