Skip to main content

ജില്ലയുടെ സമഗ്ര വികസനം ആസൂത്രണം ചെയ്ത് ജില്ലാ പദ്ധതി തയ്യാറാക്കണം: എൻ എ നെല്ലിക്കുന്ന് എംഎൽഎ

 

 

 ജില്ലാ പദ്ധതി പരിഷ്കരണ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു

 

ജില്ലയുടെ സമഗ്ര വികസന ലക്ഷ്യം ആസൂത്രണം ചെയ്യുന്ന ജില്ലാ പദ്ധതികൾ തയ്യാറാക്കണമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ.കാസർകോട് ജില്ലാ ആസൂത്രണ സമിതി ജില്ലാ പദ്ധതി പരിഷ്കരണം  വികസന സെമിനാർ കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ.

 ജില്ലയുടെ വികസനത്തിനായി വിവിധ കമ്മിറ്റികളും കമ്മീഷനുകളും സംഭാവന ചെയ്ത മാറ്റങ്ങളുടെ തുടർച്ച ഉറപ്പുവരുത്തണമെന്നും എം എൽ എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം അധ്യക്ഷനായി. 

 

 ജില്ലാ പദ്ധതിരേഖ തയ്യാറാക്കുമ്പോൾ ജില്ലാ ഭരണസംവിധാനം രൂപം നൽകിയ ഐ ലീഡ് , ഓപ്പറേഷൻ സ്മൈല്‍, മിഷൻ അംഗൻവാടി പദ്ധതികൾ കൂടി ഇതിൻറെ ഭാഗമാകണം. പട്ടികജാതി, പട്ടികവർഗ്ഗ മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ പാർപ്പിടം,എൻഡോസൾഫാൻ ബാധിതരുടെ നൈപുണ്യ വികസനം, അംഗനവാടികൾക്ക് സ്വന്തമായി കെട്ടിടം ഡബിൾ ചേംബർ ഇൻസിനറേറ്റർ, തീര ദേശ സംരക്ഷണം,റോഡ് വികസനം, ടൂറിസം എന്നീ മേഖലകൾക്ക് ഊന്നൽ നൽകണമെന്നും തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികൾ തയ്യാറാക്കുമ്പോൾ കാസർകോട് വികസന പാക്കേജിന്റെ ഫണ്ട് കാര്യക്ഷമമായി ഉപയോഗിക്കുന്ന രീതിയിലായിരിക്കണം ജില്ലാ പദ്ധതികളുടെ ക്രമീകരണം എന്നും സെമിനാറിൽ ആമുഖ പ്രഭാഷണം നടത്തിയ ജില്ലാ കളക്ടർ കെ ഇമ്പശേഖർ പറഞ്ഞു.

  ചടങ്ങിൽ ഇ ചന്ദ്രശേഖരൻ എംഎൽഎ സംസാരിച്ചു. കാസർകോട് ജില്ല വിവിധ മേഖലകളിൽ വികസനത്തിൽ വളരെയേറെ മുന്നോട്ടു പോയിട്ടുണ്ട് ഇനിയും ഏറെ നേട്ടങ്ങൾ കൈവരിക്കേണ്ടതുണ്ട് ഇതിനൊതകുന്ന ശാസ്ത്രീയമായ വീക്ഷണത്തോടെയുള്ള യാഥാർത്ഥ്യബോധമുള്ള പദ്ധതികൾക്ക് രൂപം നൽകണമെന്ന് എംഎൽഎ പറഞ്ഞു. കാസർകോട് നഗരസഭ ചെയർപേഴ്സൺ ഷാഹിന സലീം. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ വി വി രമേശൻ, മുൻ ഡിപിസി ചെയർപേഴ്സൺ ബേബി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

സംസ്ഥാന ആസൂത്രണ ബോർഡ് മെമ്പർ ഡോ.ജിജു പി അലക്സ് ജില്ലാ പദ്ധതി സമീപന രേഖ അവതരണം നടത്തി. അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസർ സുധീഷ് കുമാർ കരട് ജില്ലാ പദ്ധതി അവതരണം നടത്തി. പത്തോളം ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ മേഖലയിൽ ജില്ലാതല ഉദ്യോഗസ്ഥർ ചർച്ച നടത്തി. ജില്ലാ പ്ലാനിങ് ഓഫീസർ ടി രാജേഷ് സ്വാഗതവും ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസ നജ്മുന്നീസ്സ നന്ദിയും പറഞ്ഞു.

 ജില്ലയുടെ സമഗ്ര വികസനം വിഭാവനം ചെയ്യുന്ന ജില്ലാ പദ്ധതി തയ്യാറാക്കുന്നത് ജില്ലാ ആസൂത്രണ സമിതിയുടെ ഭരണഘടനാപരമായ ചുമതലയാണ്.പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടുകളും മുൻഗണനകളും ഉൾക്കൊണ്ടുകൊണ്ട് തയ്യാറാക്കുന്ന ജില്ലാ പദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനായി രൂപീകരിച്ച വിവിധ ഉപസമിതികൾ തയ്യാറാക്കിയ കരട് ജില്ലാ പദ്ധതി വിശദമായ ചർച്ച ചെയ്യുന്നതിനാണ് ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ വികസന സെമിനാർ സംഘടിപ്പിച്ചത്. 2018 ലാണ് ഒടുവിൽ ജില്ലാ പദ്ധതി തയ്യാറാക്കിയത്.

 

date