Skip to main content

ചൊവ്വയിലെ റോവർ മാതൃകയിൽ പരീക്ഷണങ്ങൾ; ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിന് ഇന്ന് തുടക്കം

ബഹിരാകാശ ഗവേഷണ മാതൃകയിൽ റോവർ നിർമ്മാണം ഉൾപ്പെടെയുള്ള പരിശീലനങ്ങളുമായി ലിറ്റിൽ കൈറ്റ്സ് ദ്വിദിന ജില്ലാതല സഹവാസ ക്യാമ്പിന് ഇന്ന് (ഫെബ്രുവരി 7) ഇടപ്പള്ളിയിലെ കൈറ്റ് ആർ.ആർ.സിയിൽ തുടക്കമാകും. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സബ് ജില്ലാ ക്യാമ്പുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 102 വിദ്യാർത്ഥികളാണ് രണ്ടുദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നത്.

ചൊവ്വയിലെ റോവറുകളെ ഭൂമിയിലിരുന്ന് നിയന്ത്രിക്കുന്ന സാങ്കേതികവിദ്യക്ക് സമാനമായി  എം.ക്യൂ.ടി.ടി പ്രോട്ടോക്കോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വിദൂരനിയന്ത്രിത റോവറുകളുടെ നിർമ്മാണമാണ് ക്യാമ്പിലെ പ്രധാന ആകർഷണം. മനുഷ്യർക്ക് എത്തിപ്പെടാൻ പ്രയാസമുള്ള ഖനികൾ, മാൻഹോളുകൾ എന്നിവിടങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് ഇത്തരം റോവറുകൾ എങ്ങനെ ഉപയോഗിക്കാമെന്ന് കുട്ടികൾക്ക് പരിശീലനം നൽകും. കൈറ്റ് സ്കൂളുകൾക്ക് പുതുതായി നൽകുന്ന ഇ.എസ്.പി 32 മൈക്രോ കൺട്രോളർ ഉൾപ്പെട്ട അഡ്വാൻസ്‌ഡ് റോബോട്ടിക് കിറ്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. മൊബൈൽ ആപ്പ് നിർമ്മാണം, സ്മാർട്ട് എൽ.ഇ.ഡി തുടങ്ങിയവയും പാഠ്യപദ്ധതിയുടെ ഭാഗമാണ്.

റോബോട്ടിക്സിന് പുറമെ ത്രിമാന അനിമേഷൻ രംഗത്തെ അത്യാധുനിക സാധ്യതകളും ക്യാമ്പിൽ അനാവരണം ചെയ്യും. ആഗോളതലത്തിൽ ശ്രദ്ധേയമായ സ്വതന്ത്ര സോഫ്റ്റ്‌വെയർ 'ബ്ലെൻഡർ' ഉപയോഗിച്ചാണ് പരിശീലനം. പൂന്തോട്ടത്തിൽ നിന്ന് തേൻ ശേഖരിച്ച് പാക്കിങ് കേന്ദ്രത്തിലെത്തിക്കുന്ന പ്രൊമോ വീഡിയോ തയ്യാറാക്കുകയാണ് കുട്ടികൾക്കുള്ള വെല്ലുവിളി. ഇതിലൂടെ മോഡലിങ്, ടെക്സ്റ്ററിങ്, ലൈറ്റിങ്, റിഗ്ഗിങ്, സൗണ്ട് മിക്സിങ് തുടങ്ങി അനിമേഷൻ നിർമ്മാണത്തിന്റെ സൂക്ഷ്മതലങ്ങൾ കുട്ടികൾക്ക് നേരിട്ടറിയാനാകും.

ക്യാമ്പിന്റെ ഭാഗമായി ശനിയാഴ്ച (ഫെബ്രുവരി 8) രാവിലെ 10-ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് കുട്ടികളുമായി സംവദിക്കും. ജില്ലയിലെ സ്കൂളുകൾക്കുള്ള അഡ്വാൻസ്‌ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണവും അദ്ദേഹം നിർവഹിക്കും.

date