Skip to main content

അയ്യങ്കാളി സ്പോർട്‌സ് സ്‌കൂൾ പ്രവേശനം: ജില്ലാതല സെലക്ഷൻ ട്രയൽസ് ഫെബ്രുവരി 10-ന്

തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിക്കുന്ന അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്‌സ് സ്ക്കൂളിലേക്ക് 2026-27 അദ്ധ്യയന വർഷത്തെ പ്രവേശനത്തിനായുള്ള എറണാകുളം ജില്ലാതല സെലക്ഷൻ ട്രയൽ ഫെബ്രുവരി 10-ന് നടക്കും. തേവര സേക്രഡ് ഹാർട്ട് കോളേജിൽ രാവിലെ എട്ട് മുതലാണ് ട്രയൽസ് ആരംഭിക്കുന്നത്.

പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് പ്രവേശനം. അഞ്ച്, പതിനൊന്ന് ക്ലാസുകളിലേക്കും, 6, 7, 8, 9 ക്ലാസുകളിൽ നിലവിലുള്ള ഒഴിവുള്ള സീറ്റുകളിലേക്കുമാണ് അഡ്മിഷൻ നടക്കുന്നത്. നിലവിൽ 4, 10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് യഥാക്രമം 5, 11 ക്ലാസുകളിലെ പ്രവേശനത്തിനായി പങ്കെടുക്കാം. 

അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനം കായികക്ഷമതാ പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും. പതിനൊന്നാം ക്ലാസിലെ പ്രവേശനത്തിനായി ഫിസിക്കൽ ടെസ്റ്റിനൊപ്പം സ്കിൽ ടെസ്റ്റും ഉണ്ടായിരിക്കും. ജില്ലാ-സംസ്ഥാനതല കായിക സർട്ടിഫിക്കറ്റുകൾ അല്ലെങ്കിൽ സബ് ജില്ലാതല മെഡലുകൾ ഉള്ളവർക്കാണ് അവസരം. കൂടാതെ, ദേശീയ, സംസ്ഥാന, റവന്യൂ ജില്ലാ മത്സരങ്ങളിൽ വിജയികളായവർക്ക് കായികക്ഷമതയുടെ അടിസ്ഥാനത്തിൽ നേരിട്ട് പ്രവേശനം ലഭിക്കുന്നതാണ്.

തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ എത്തുന്ന കുട്ടികൾ സ്കൂൾ മേധാവിയുടെ കത്ത്, രണ്ട് ഫോട്ടോ, ജാതി സർട്ടിഫിക്കറ്റ്, ആധാർ, ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ (ലഭ്യമാണെങ്കിൽ) കൈവശം കരുതേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യവും, സായ് സ്പോർട്സ് കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയുള്ള മികച്ച കായിക പരിശീലനവും ലഭിക്കും. 
ഫോൺ: 7356075313, 9744786578.

date