കായൽക്കാഴ്ചകളുമായി കെഎസ്ആർടിസി;കടമക്കുടി ബജറ്റ് ടൂറിസം പദ്ധതിക്ക് ഇന്ന് (ഫെബ്രുവരി 11) തുടക്കം
വേമ്പനാട് കായലിന്റെ മനോഹാരിതയും കടമക്കുടിയുടെ പ്രകൃതിഭംഗിയും ആസ്വദിക്കാൻ കെഎസ്ആർടിസി ഒരുക്കുന്ന പുതിയ ബജറ്റ് ടൂറിസം പദ്ധതിക്ക് ഇന്ന് (ഫെബ്രുവരി 11) തുടക്കമാകും. രാവിലെ 8.30-ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.
വൈപ്പിൻ മണ്ഡലത്തിലെ വിനോദസഞ്ചാര സാധ്യതകൾക്ക് പുത്തൻ ഉണർവ് നൽകുന്നതാണ് ഈ പാക്കേജ്. എറണാകുളം മറൈൻ ഡ്രൈവിലെ വാട്ടർ മെട്രോ സ്റ്റേഷനിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്.
രാവിലെ ഒൻപതോടെ ബോൾഗാട്ടിയിൽ എത്തുന്ന സംഘം അവിടെനിന്ന് ബോട്ട് മാർഗ്ഗം താന്തോന്നിതുരുത്ത്, ചെറിയൻതുരുത്ത്, കടമക്കുടി എന്നിവിടങ്ങൾ സന്ദർശിക്കും. ശേഷം തിരികെ ബോൾഗാട്ടിയിൽ എത്തി, അവിടെനിന്ന് മാലിപ്പുറം, എളങ്കുന്നപ്പുഴ ബീച്ചുകൾ സന്ദർശിക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് ഉച്ചഭക്ഷണവും വൈകുന്നേരത്തെ ചായയും ലഘുഭക്ഷണവും പ്രവേശന ഫീസും അടങ്ങിയ പാക്കേജാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്.
മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് അക്വിലിൻ ലോപ്പസ് അധ്യക്ഷയാകുന്ന ചടങ്ങിൽ ജില്ലാ കളക്ടർ ജി
പ്രിയങ്ക മുഖ്യാതിഥിയായിരിക്കും. കേരള ട്രാവൽ മാർട്ട് പ്രസിഡന്റ് പ്രദീപ് മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികളും കെഎസ്ആർടിസി, ഡിടിപിസി ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.
കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ എറണാകുളം ജില്ലയിൽ നടപ്പിലാക്കുന്ന ഏറ്റവും പുതിയ സംരംഭമാണിത്. കുറഞ്ഞ ചിലവിൽ കായൽ സൗന്ദര്യം അടുത്തറിയാൻ പദ്ധതി സഞ്ചാരികൾക്ക് വലിയ സഹായകമാകും.
- Log in to post comments