Skip to main content
സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ജിനു സഖറിയ ഉമ്മന്‍, കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി എസ് ബിജു ശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗം

സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അവലോകന യോഗം ചേര്‍ന്നു

സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ജിനു സഖറിയ ഉമ്മന്‍, കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി എസ് ബിജു ശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 ന്റെ പരിധിയില്‍ വരുന്ന വിവിധ വകുപ്പുകള്‍ ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതി നിര്‍വഹണ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലയില്‍ ഭക്ഷ്യ ഭദ്രതാ പദ്ധതികളുടെ നിര്‍വഹണം നല്ല നിലയില്‍ നടക്കുന്നതായി കമ്മീഷന്‍ വിലയിരുത്തി. ജില്ലയിലെ ഗോത്രവര്‍ഗ ഉന്നതികളില്‍ റേഷന്‍കാര്‍ഡ് ലഭ്യമല്ലാത്ത പുതിയ കുടുംബങ്ങള്‍ക്ക് കാര്‍ഡ് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. വിവിധ വകുപ്പുകള്‍ വഴി നടപ്പാക്കുന്ന ഭക്ഷ്യ ഭദ്രതാ പദ്ധതികളുടെ നിര്‍വഹണം കൂടുതല്‍ കാര്യക്ഷമമാക്കാനും ആവശ്യപ്പെട്ടു.
കമ്മീഷന്റെ ജില്ലാതല പരാതി പരിഹാര ഓഫീസര്‍ എഡിഎം ബി. ജ്യോതി അധ്യക്ഷയായി.
പൊതുവിതരണം, വനിതാ ശിശു വികസനം, പൊതു വിദ്യാഭ്യാസം എന്നീ വകുപ്പുകളിലൂടെ നടപ്പാക്കിയ ഭക്ഷ്യ ഭദ്രതാ പദ്ധതി നിര്‍വഹണത്തിന്റെ റിപ്പോര്‍ട്ട് ജില്ലാ ഓഫീസര്‍ അവതരിപ്പിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ ജയശ്രീ,  ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസ് സീനിയര്‍ സൂപ്രണ്ട് സുഭാഷ്, പട്ടികവര്‍ഗവകുപ്പ് എറ്റിഡിഒ  കെ ശശിധരന്‍,  ജില്ലാ നൂണ്‍മീല്‍ സൂപ്പര്‍വൈസര്‍ വിജയശ്രീ, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, സിഡിപിഒ മാര്‍ കുടുബശ്രീ, സപ്ലൈകോ ഡിപ്പോ മാനേജര്‍മാര്‍, എഫ്‌സിഐ, കുടുബശ്രീ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഭക്ഷ്യ ഭദ്രതാ പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്തുന്നതിനായി ചെയര്‍പേഴ്‌സണും മെമ്പര്‍ സെക്രട്ടറിയും ഓമല്ലൂര്‍ പഞ്ചായത്തിലെ മുള്ളാനിക്കാട് (സെന്റര്‍ നമ്പര്‍ 51) അങ്കണവാടി സന്ദര്‍ശിച്ചു. അങ്കണവാടിയുടെ പ്രവര്‍ത്തനം  മെച്ചപ്പെടുത്തുന്നതിന് നിര്‍ദേശം നല്‍കി. ഉച്ചഭക്ഷണ പദ്ധതി നിര്‍വഹണം വിലയിരുത്തുന്നതിന് പന്ന്യാലി സര്‍ക്കാര്‍ യു.പി.എസ് സന്ദര്‍ശിച്ചു. സ്‌കൂളില്‍ ജലദൗര്‍ലഭ്യം നേരിടുന്നതിനാല്‍ കുഴല്‍കിണര്‍ സ്ഥാപിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. ജില്ലയില്‍ ആവശ്യമെങ്കില്‍ മറ്റ് സ്‌കൂളുകളിലും കുഴല്‍ കിണര്‍ സ്ഥാപിക്കുന്നതിനുള്ള ഇടപെടല്‍ നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍, വനിതാ ശിശു വികസന വകുപ്പ് സിഡിപിഒ, ജില്ലാ നൂണ്‍ മീല്‍ സൂപ്പര്‍വൈസര്‍, എന്‍എംഒ, ഐ. സി. ഡി. എസ് സൂപ്പര്‍വൈസര്‍, ഭക്ഷ്യ കമ്മീഷന്റെ ജില്ലാ കോര്‍ഡിനേറ്റര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ കമ്മീഷനെ അനുഗമിച്ചു.

date