Skip to main content

വേനൽക്കാല തീപിടുത്തം: പ്രതിരോധ നടപടികൾ കർശനമാക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി

വേനൽക്കാലം ആരംഭിച്ചതോടെ അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ തീപിടുത്ത സാധ്യത ഒഴിവാക്കാൻ കർശന മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. കാടുകൾ, പൊതുസ്ഥലങ്ങൾ, റോഡരികുകൾ, മാലിന്യ സംഭരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തീപിടുത്തത്തിന് സാധ്യത കൂടുതലാണെന്ന് വിലയിരുത്തിയാണ് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഇതിന്റെ ഭാഗമായി മുനിസിപ്പാലിറ്റികളും ഗ്രാമപഞ്ചായത്തുകളും തങ്ങളുടെ പരിധിയിലുള്ള പൊതുസ്ഥലങ്ങളിലെ ഉണങ്ങിയ പുല്ല്, മാലിന്യങ്ങൾ, പ്ലാസ്റ്റിക് എന്നിവ അടിയന്തരമായി നീക്കം ചെയ്യണം. സ്വകാര്യ പുരയിടങ്ങളിലെ ഇത്തരം വസ്തുക്കൾ നീക്കം ചെയ്യുന്നതിന് ഉടമകൾക്കും സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി നടപടി ഉറപ്പാക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്ക്     ജില്ലാ കളക്ടർ  നിർദ്ദേശം നൽകി.

മാലിന്യങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ കത്തിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകുന്നതോടൊപ്പം, മാലിന്യ സംഭരണ കേന്ദ്രങ്ങളിൽ ഫയർ എക്സ്റ്റിംഗുഷർ, വെള്ള ടാങ്ക് തുടങ്ങിയ അഗ്നിശമന സംവിധാനങ്ങൾ സജ്ജമാക്കണം. കാട്, പാടശേഖരങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ അനധികൃതമായി തീയിടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. പ്രാദേശിക തലത്തിൽ അഗ്നിശമന സേനയുമായി ഏകോപനം ഉറപ്പാക്കി അടിയന്തര സാഹചര്യം നേരിടാൻ 'ക്വിക് റെസ്പോൺസ്' സംവിധാനങ്ങൾ രൂപീകരിക്കണമെന്നും നിർദ്ദേശമുണ്ട്.

വാർഡ് തലത്തിൽ ജനപ്രതിനിധികൾ, ഹരിതകർമ്മസേന, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം. തീപിടുത്ത സാധ്യത കൂടുതലുള്ള പ്രദേശങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തണം. ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യമുണ്ടായാൽ ഉടൻ തന്നെ ജില്ലാ കൺട്രോൾ റൂമിനെയോ അഗ്നിശമന വകുപ്പിനെയോ വിവരം അറിയിക്കേണ്ടതാണ്. ഈ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് 10 ദിവസത്തിനകം ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കാൻ എല്ലാ മുനിസിപ്പൽ-ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്കും ഉത്തരവ് നൽകി.

date