Skip to main content

സ്പോർട്സ് കിറ്റ് വിതരണവും അനുമോദനവും കായിക മന്ത്രി നിർവ്വഹിച്ചു

കായിക മേഖലയുടെ പുരോഗതിക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതി വിഹിതം നീക്കിവെക്കണമെന്നും പുത്തൻ പദ്ധതികൾ ആവിഷ്കരിക്കണമെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. ആലപ്പുഴ വൈ.എം.സി.എ ഹാളിൽ നടന്ന ജില്ലാ സ്പോർട്സ് കൗൺസിൽ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങും കായികതാരങ്ങളെ അനുമോദിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

​കേരള കായിക രംഗത്തെ പുതിയ മാറ്റങ്ങളെക്കുറിച്ചും ജില്ലകളിൽ നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങളെക്കുറിച്ചും മന്ത്രി വിശദമാക്കി. സ്പോർട്സ് അക്കാദമികളിൽ നിന്നും ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ വിജയിച്ച കായികതാരങ്ങളെയും അവരുടെ പരിശീലകരെയും ചടങ്ങിൽ അനുമോദിച്ചു. കൂടാതെ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്പോർട്സ് കിറ്റുകളുടെ വിതരണോദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.

​പി.പി ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.ജി വിഷ്ണു സ്വാഗതം ആശംസിച്ചു. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

​ചടങ്ങിൽ ജില്ലാ സ്പോർട്സ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വി. സവിനയൻ, ടി. ജയമോഹൻ, ഗ്രിസിൽഡ കെ. സേവ്യർ, പി.എസ് ബാബു, കെ.ആർ ബ്രിജിത്ത്, രാജേഷ് പാറയിൽ സീതാറാം എന്നിവരും ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി റോയ് ടി.പി, ജില്ലാ സ്പോർട്സ് ഓഫീസർ ഡോ. സി.വി ബിജിലാൽ, വൈ.എം.സി.എ സെക്രട്ടറി എബ്രഹാം കുരുവിള എന്നിവർ സംസാരിച്ചു.

​വിവിധ തദ്ദേശസ്ഥാപന പ്രതിനിധികൾ, കായിക അധ്യാപകർ, സ്പോർട്സ് കൗൺസിൽ ജീവനക്കാർ, അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date