ഉഷ്ണകാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം ജലചൂഷണം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി: ജില്ലാ കലക്ടര്‍
ശുദ്ധജലസ്രോതസുകളില്നിന്നും ജലചൂഷണം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. ജില്ലയില്‍ ഉഷ്ണകാല പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും ഫലപ്രദമായി നടപ്പാക്കുന്നത് വിലയിരുത്താന്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ജലലഭ്യത ഉറപ്പാക്കാന്‍ നിര്‍ദേശം നല്കി. കുടിവെള്ളവിതരണത്തിനായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് തനത്/പ്ലാന്‍ ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കാം. ഗുണനിലവാരം ഉറപ്പാക്കി കുടിവെള്ളം വിതരണം ഉറപ്പാക്കണം. ജലസ്രോതസുകളില്‍ നിന്നും അനധികൃതമായ ജലചൂഷണം, മലിനമാക്കല്‍ തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ 9400987680 നമ്പറില്‍ അറിയിക്കാം.
ഉയര്‍ന്ന താപനിലയുടെ പശ്ചാത്തലത്തില്‍ തദ്ദേശസ്ഥാപനപരിധിയിലുള്ള മാലിന്യനിക്ഷേപകേന്ദ്രങ്ങളുടെ അഗ്നിസുരക്ഷാ ഓഡിറ്റ് പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണം. മാലിന്യസംഭരണ കേന്ദ്രങ്ങള്‍, ലെഗസി ഡംപ് സൈറ്റുകള്‍ എന്നിവിടങ്ങളില്‍ ഫയര്‍ ഓഡിറ്റ് ഫെബ്രുവരി 25നകം പൂര്‍ത്തിയാക്കണം. വനമേഖല, വലിയ തോട്ടങ്ങള്‍, പറമ്പുകള്‍, മൈതാനങ്ങള്‍ എന്നിവിടങ്ങളില്‍ തീ പടരാതിരിക്കാന്‍ ഫയര്‍ ബ്രേക്കുകള്‍, ഫയര്‍ ലൈനുകള്‍ തുടങ്ങിയവ സ്ഥാപിച്ചിട്ടുണ്ട്. വാച്ചര്‍മാര്‍, റേഞ്ച് ഓഫീസര്‍മാര്‍, ആര്.ആര്.ടി ഉള്‍പ്പെടുത്തുന്ന ക്വിക്ക് റെസ്പോണ്‍സ് ടീമും സജ്ജമാണ്. മനുഷ്യ-വന്യജീവി സംഘര്‍ഷം നിയന്ത്രിക്കുന്നതിന് സൗരവേലികള്‍ സ്ഥാപിക്കല്‍, വനമേഖലകളിലെ ജലസ്രോതസുകള്‍ വൃത്തിയാക്കല്‍, പുതിയ ചെക്ക്ഡാം നിര്‍മാണം തുടങ്ങിയവ നടപ്പിലാക്കി. പ്ലാന്റേഷനുകളിലും മറ്റ് കൃഷിത്തോട്ടങ്ങളിലും തീപ്പിടുത്തം തടയാനും സംവിധാനമായി.
വെയിലത്ത് ജോലിചെയ്യുന്നവരുടെ മെയ് 20 വരെ പുനക്രമീകരിച്ച തൊഴില്‍സമയം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് തൊഴിലുടമകളും തൊഴില്‍വകുപ്പും ഉറപ്പുവരുത്തണം. ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമവേളയാണ്. ജോലിസമയം രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയുള്ള സമയത്ത് എട്ട് മണിക്കൂറായി നിജപ്പെടുത്തണം. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലിചെയ്യുന്നവര്‍ രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന രീതിയിലും പുനക്രമീകരിക്കണം. വിവിധ തൊഴില്‍മേഖലകള്‍ കേന്ദ്രീകരിച്ച് ലേബര്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തും. വീഴ്ചവരുത്തുന്ന തൊഴിലുടമകള്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കും. ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ലേബര്‍ ഓഫീസര്‍- 0474 2794820, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഒന്നാം സര്‍ക്കിള്‍ - 8547655361, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ രണ്ടാം സര്‍ക്കിള്‍ - 8547655362, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കുണ്ടറ - 8547655363, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കൊട്ടാരക്കര - 8547655364, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ പുനലൂര്‍ - 8547655367, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ശാസ്താംകോട്ട - 8547655368, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കരുനാഗപ്പള്ളി - 8547655369, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ പരവൂര്‍ - 8547655371, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ചടയമംഗലം - 8547655372 നമ്പറുകളില്‍ അറിയിക്കാം
- Log in to post comments