Skip to main content
*

ജില്ലാതല സംഗമം ധനദീപ്തി 2026 മികച്ചരീതിയില്‍ ദേശീയ സമ്പാദ്യപദ്ധതി നടപ്പാക്കുന്നത് കേരളത്തില്‍: മന്ത്രി കെ എന്‍ ബാലഗോപാല്‍

സാധാരണക്കാരില്‍ സമ്പാദ്യശീലം വളര്‍ത്തുന്ന ദേശീയ സമ്പാദ്യപദ്ധതി സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണെന്നും മികച്ച രീതിയില്‍ നടപ്പാക്കുന്നത് കേരളത്തിലാണെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. പദ്ധതി ഏജന്റുമാരുടെ ജില്ലാതല സംഗമം ധനദീപ്തി 2026ന്റെ ഉദ്ഘാടനം കൊട്ടാരക്കര സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയില്‍ 700 ഏജന്റുമാരുണ്ട്. ബാങ്കിംഗ് സേവനങ്ങള്‍ സാര്‍വത്രികമാകുന്നതിന് മുന്‍പ് ജനങ്ങളില്‍ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ മൂലധന ശേഖരണത്തിനും സഹായകമായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കിയ പദ്ധതിയില്‍ ഏജന്റുമാര്‍ക്ക് പ്രതിഫലം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിമാസം 22 കോടി രൂപ വിഹിതമായിനല്‍കുന്നു. ഗ്രാമീണമേഖലയില്‍ സാമ്പത്തികസാക്ഷരത ഉറപ്പാക്കാനും സമ്പാദ്യശീലം വളര്‍ത്താനും മഹിള പ്രധാന്‍ ഏജന്റുമാര്‍ വലിയ പങ്കുവഹിച്ചു. ഡിജിറ്റല്‍ പണം ഇടപാടുകളുടെ കാലത്ത് കാലോചിതമായ പദ്ധതികളിലൂടെ പ്രവര്‍ത്തനം വിപുലീകരിക്കണം. വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ച സ്റ്റുഡന്റ് ഡെപ്പോസിറ്റ് പദ്ധതിയില്‍ ജില്ലയിലെ പരമാവധി വിദ്യാര്‍ഥികളെ അംഗങ്ങളാക്കണമെന്നും സാമ്പത്തിക സാക്ഷരതയുടെ പ്രചരണാര്‍ഥം പദ്ധതികള്‍ തയ്യാറാക്കുമെന്നും വ്യക്തമാക്കി.

സ്റ്റുഡന്റ് സേവിങ് സ്‌കീമിന്റെ തീം സോങ് പ്രകാശനവും മികച്ച പ്രവര്‍ത്തനം നടത്തിയ ഏജന്റുമാര്‍ക്കുള്ള പുരസ്‌കാര വിതരണവും മന്ത്രി നിര്‍വഹിച്ചു. 70 വയസ് പിന്നിട്ട ഏജന്റുമാരെ ആദരിച്ചു.

ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അധ്യക്ഷനായി. കൊട്ടാരക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അനിത ഗോപകുമാര്‍, ദേശീയ സമ്പാദ്യപദ്ധതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ടി അനില്‍കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പി ആര്‍ ഹരി, അഡീഷണല്‍ ഡയറക്ടര്‍ പി അജിത് കുമാര്‍, കൊല്ലം സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ് എം ബിന്ദു, പത്തനംതിട്ട സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ് കെ കെവീന തുടങ്ങിയവര്‍ പങ്കെടുത്തു. 

date