സഹകരണമേഖലയുടെ ഉണര്‍വിന് പുത്തന്‍ ആശയങ്ങളുമായി സഹകരണ ആരോഗ്യ കോണ്‍ക്ലേവ് 2026
സഹകരണമേഖലയുടെ ഉണര്‍വിന് സര്‍വതലസ്പര്‍ശിയായ ആരോഗ്യ പരിപാലനപദ്ധതികള്‍ ചര്‍ച്ച ചെയ്ത് പുത്തന്‍ ആശയങ്ങളവതരിപ്പിച്ച് സഹകരണ ആരോഗ്യ കോണ്‍ക്ലേവ് 2026. വിഷന്‍ 2031 ന്റെ ഭാഗമായി സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ സഹകരണ ആരോഗ്യ മേഖലകളുടെ പ്രതിനിധികള്‍, വിദഗ്ധര്‍ പങ്കെടുത്ത കോണ്‍ക്ലേവ് എന്‍ എസ് സഹകരണ ആശുപത്രി ക്യാമ്പസില്‍ എം നൗഷാദ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രന്‍ അധ്യക്ഷനായി.
സഹകരണ സംഘം രജിസ്ട്രാര്‍ ഡോ ഡി.സജിത് ബാബു രൂപരേഖ അവതരിപ്പിച്ചു. ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സിന്റെ കോ-ഓപ്പറേറ്റീവ് ഗ്ലോബല്‍ എക്‌സലന്‍സ് അവാര്‍ഡിനുള്ള സഹകരണ വകുപ്പിന്റെ ഉപഹാരം എന്‍ എസ് ആശുപത്രി പ്രസിഡന്റിനും ഭരണസമിതിക്കും കൈമാറി.
സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിംഗ് കമ്മിറ്റിയംഗം കെ.രാജഗോപാല്‍, എന്‍.എസ്. ആശുപത്രി സെക്രട്ടറി പി. ഷിബു, സഹകാരിയും പ്രഥമ റോബർട്ട് ഓവന്‍ അവാര്‍ഡ് ജേതാവുമായ എം. ഗംഗാധരകുറുപ്പ്, കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ നേതാക്കളായ എന്‍.കെ. രാമചന്ദ്രന്‍, കെ.വി. പ്രമോദ്, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറും സംഘാടകസമിതി ജനറല്‍ കണ്‍വീനറുമായ ടി. സുരേഷ്‌കുമാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ എ.അജി തുടങ്ങിയവര്‍ പങ്കെടുത്തു.
ശ്രദ്ധേയമായി 'സഹകരണ ബദല്‍' സെമിനാര്‍
സഹകരണ ആശുപത്രികളുടെ ഏകോപനവും ഗ്രാമീണ ആരോഗ്യ സഹകരണ സംഘങ്ങളുടെ ശാക്തീകരണവും വിശദമാക്കി സഹകരണ ആരോഗ്യ കോണ്‍ക്ലേവില്‍ സെമിനാര്‍. 'സഹകരണ ബദല്‍' വിഷയത്തെ നാല് ഉപവിഭാഗങ്ങളായി തിരിച്ചുള്ള സെമിനാറില്‍ ആരോഗ്യവകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.പി മോഹനന്‍നായറായിരുന്നു മോഡറേറ്റര്‍.
'ആരോഗ്യമേഖല - വിദേശ മൂലധനത്തിന്റെ കടന്നുവരവും കേരളത്തിന്റെ സഹകരണ ബദലും' വിഷയത്തിലുള്ള സെമിനാര്‍ ഐ എം എ- പി പി എസ് സ്‌കീം സംസ്ഥാന ചെയര്‍പേഴ്സണും ന്യൂറോ സര്‍ജനുമായ ഡോ.എ.വി. ജയകൃഷ്ണന്‍ അവതരിപ്പിച്ചു. സഹകരണ ആശുപത്രികള്‍ ഏകോപനത്തിലൂടെ ശൃംഖലകളാകണം, സര്‍ക്കാരിന്റെ വിവിധ പദ്ധതികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സഹകരണ ബദല്‍ മുന്നോട്ട് വയ്ക്കണമെന്നും വ്യക്തമാക്കി.
'ഗ്രാമീണ ആരോഗ്യ നിര്‍വഹണത്തില്‍ സഹകരണ സ്ഥാപനങ്ങളുടെ പങ്ക്' എന്ന വിഷയം തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ ഡോ.സി.വി. പ്രശാന്ത് അവതരിപ്പിച്ചു. ജനങ്ങളില്‍ നിന്നുള്ള ചെറിയ നിക്ഷേപങ്ങളിലൂടെ ഗ്രാമീണ ആരോഗ്യ സഹകരണ സംഘങ്ങള്‍ ശക്തിപ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
'സഹകരണ ആരോഗ്യ സ്ഥാപനങ്ങള്‍ സാധ്യതകള്‍, രൂപീകരണം, നടത്തിപ്പ്' എന്ന വിഷയം പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രി ജനറല്‍ മാനേജര്‍ ബി. അബ്ദുനാസർ അവതരിപ്പിച്ചു. സാധാരണക്കാരായ ജനങ്ങളെ കോര്‍പ്പറേറ്റുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹകരണ സ്ഥാപനങ്ങള്‍ ബൃഹത്തായ ഒരു പ്രവര്‍ത്തന മാതൃക കൊണ്ടുവരണമെന്ന് പറഞ്ഞു.
'സഹകരണ ആരോഗ്യ മേഖല മൂലധന സമാഹരണം, ധനസഹായം' വിഷയത്തില്‍ ഹെല്‍ത്ത്‌കെയര്‍ മാനേജ്മെന്റ് സ്‌പെഷ്യലിസ്റ്റ് രഞ്ജിത് ആര്‍. മേനോന്‍ അവതരണം നടത്തി. മൂലധന സമാഹരണത്തിനും ധനസഹായം ലഭ്യമാകുന്നതിനും നൂതന ആശയങ്ങളുടെ അനിവാര്യത സെമിനാറില്‍ വ്യക്തമാക്കി.
- Log in to post comments