Skip to main content

ഡി.വിനോദിന് സംസ്ഥാനത്തെ മികച്ച തഹസിൽദാർക്കുള്ള ബഹുമതി

സംസ്ഥാനത്തെ മികച്ച തഹസിൽദാർ ആയി എറണാകുളം കണയന്നൂർ പ്രിൻസിപ്പൽ തഹസിൽദാർ ഡി. വിനോദ് തിരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി 24 റവന്യൂ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ്  അംഗീകാരം. 

 ഒന്നേകാൽ വർഷമായി കണയന്നൂർ താലൂക്ക് ഓഫീസിൽ സേവനമനുഷ്ഠിച്ചു വരുകയാണ് ഡി. വിനോദ്. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിലെ കൃത്യത, നികുതികൾ പിരിച്ചെടുക്കൽ, മിച്ചഭൂമി ഏറ്റെടുക്കൽ, അനധികൃത കയ്യേറ്റം ഒഴിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിലെ മികവ് എന്നിവയെല്ലാം പരിഗണിച്ചാണ് പുരസ്കാരം.

റവന്യൂ ദിനത്തിൽ വില്ലേജ് ഓഫീസർ മുതൽ ജില്ലാ കളക്ടർ വരെയുള്ള ഉദ്യോഗസ്ഥരിൽ ജനങ്ങൾക്ക് കൂടുതൽ കാര്യക്ഷമവും സുത്യർഹവുമായ സേവനം നൽകിയ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരെയും സർവ്വേ വകുപ്പിലെ ഉദ്യോഗസ്ഥരെയും പുരസ്കാരങ്ങൾ നൽകി ആദരിക്കും. ഫെബ്രുവരി 24 ന് വൈകിട്ട് 4 .30ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പുരസ്കാരങ്ങൾ സമ്മാനിക്കും. ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ എന്നിവർ പങ്കെടുക്കും.

date