ഹാപ്പിനെസ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ: കാഴ്ചക്കാരുടെ ഹൃദയം തൊട്ട് ലോകസിനിമകളും മലയാളത്തിലെ പുതുആഖ്യാനങ്ങളും
മനുഷ്യമനസ്സുകളുടെ സങ്കീർണ്ണതകളും ആകുലതകളും വെള്ളിത്തിരയിൽ അത്ഭുതം തീർത്ത രണ്ടാം ദിനം. അവതരണത്തിലെ വ്യത്യസ്തത കൊണ്ടും പ്രമേയം കൊണ്ടും ഒന്നിനൊന്നു മികച്ചു നിൽക്കുന്ന 12 സിനിമകൾ. ഹാപ്പിനെസ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ രണ്ടാം ദിനത്തിൽ പ്രശദർശിപ്പിച്ച ഓരോ ചിത്രങ്ങളും കയ്യടി നേടി.
മലയാളം വിഭാഗത്തിൽ ശവപ്പെട്ടി, ജിയോ ബേബി യുടെ എബ്ബ്, നിപിൻ നാരായണൻറെ കാത്തിരിപ്പ്, ആദിത്യ ബേബിയുടെ അംബ്രോസിയഎന്നിവയാണ് അലിങ്കീൽ പാരഡൈസ് തീയേറ്ററിൽ പ്രദർശിപ്പിച്ചത്.
ദി ലവ് ദാറ്റ് റിമേയ്ൻസ്, ഇഫ് ഓൺ എ വിൻറർസ് നൈറ്റ്, പപ്പ ബൂക്ക, പലസ്തീൻ 36, ഷാഡോ ബോക്സ്, ദി ബോക്കെ ഓഫ് പ്രൈമൽ ലവ്, തീയേറ്റർ, ദി ക്രോണോളജി ഓഫ് വാട്ടർ എന്നീ സിനിമകൾ ക്ലാസ്സിക്, ക്രൗൺ തീയറ്ററുകളിലായി പ്രദർശിപ്പിച്ചു.
ഫെബ്രുവരി 23 തിങ്കളാഴ്ച സമസ്താ ലോക, ശേഷിപ്പ്, അന്യരുടെ ആകാശങ്ങൾ, സെന്റിമെന്റ്ൽ വാല്യൂ, സിറാത്ത്, വൺസ് അപ്പ് ഓൺ എ ടൈം ഇൻ ഗാസ, എ പോയറ്റ്, തന്തപ്പേർ എന്നിവ പ്രദർശിപ്പിക്കും.
പ്രേക്ഷക പ്രശംസ നേടി ജിയോ ബേബിയുടെ എബ്ബ്
പുരുഷ കാപട്യം, ഏകഭാര്യത്വം, ബഹുഭാര്യത്വം, പ്രണയത്തിലെ സ്വാർത്ഥത എന്നിവ വിഷയമാക്കി ജിയോ ബേബി സംവിധാനം ചെയ്ത എബ്ബ് ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി. ഐ എഫ് എഫ് കെ യിലും സിനിമ ജനശ്രദ്ധ നേടിയിരുന്നു.
ആധുനിക ലോകത്തെ തുറന്ന സ്ത്രീ പുരുഷ ബന്ധങ്ങൾ പിന്തുടരുന്ന യുവാവ് തൻ്റെ പങ്കാളി മറ്റൊരു സുഹൃത്തുമായി അടുക്കുന്നതോടെ മാനസികമായി തകരുന്നതും അധുനിക സങ്കൽപങ്ങളിൽ തുടരാനാവാതെ ആത്മവിശ്വാസം നശിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ആരും പറയാൻ മടിക്കുന്ന ജീവിത പരിസരം ഭംഗിയായി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കുന്നു. പുരുഷ മനശാസ്ത്രവും സമൂഹ്യ മനസ്തിതിയും ചിത്രത്തിലൂടെ സംവിധായൻ തുറന്നുകാട്ടി. തൻ്റെ സിനിമയിൽ പിന്തുടരുന്ന പുരുഷ വിമർശനങ്ങൾ ഈ സിനിമയിലും ഉപയോഗിച്ചിട്ടുണ്ടെന്ന് ജിയോ ബേബി ചേദ്യോത്തര വേളയിൽ പറഞ്ഞു.
അതിജീവനത്തിൻ്റെ കഥ പറഞ്ഞ് 'ഈഫ് ഓൺ എ വിൻ്റേഴ്സ് നൈറ്റ്'
ഒരു മഹാനഗരത്തിലെ അതിജീവനം, പ്രണയം, ബന്ധങ്ങളിലെ വെല്ലുവിളികൾ എന്നിവയ്ക്കൊപ്പം, വീട് എന്ന സങ്കല്പവും സാമൂഹിക അസമത്വങ്ങളുടേയും കഥ പറയുന്ന
സഞ്ജു സുരേന്ദ്രന്റെ 'ഇഫ് ഓൺ എ വിൻ്റേഴ്സ് നൈറ്റ്'എന്ന ചിത്രം എച്ച് ഐ എഫ് എഫ് കെ യിൽ പ്രദർശിപ്പിച്ചു.
ഒരു വലിയ നഗരത്തിൽ വീട് എന്ന സങ്കൽപം നൽകുന്ന സുരക്ഷയും സോഷ്യൽ പ്രിവിലേജിനെ പറ്റിയും സിനിമ ചർച്ചയായി. ചിത്രത്തിലെ കഥാപാത്രമായ സൈമൺ കൃത്യമായും ഐഡന്റിറ്റി ക്രൈസിലൂടെ കടന്നുപോകുന്ന വ്യക്തിയാണ്. കാമുകിയെ തൃപ്തിപ്പെടുത്താനായി തന്റെ യഥാർത്ഥ സാഹചര്യങ്ങൾ മറച്ചുവെച്ചുകൊണ്ട് പലപ്പോഴും അയാൾക്ക് കള്ളങ്ങൾ പറയേണ്ടി വരുന്നു. 'എനിക്ക് സ്വന്തമായി വീടില്ല' എന്ന അയാളുടെ വൈകാരികമായ സംഭാഷണം അടിസ്ഥാനവർഗ്ഗ മനുഷ്യരുടെ യാഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ്. സാമ്പത്തിക സുരക്ഷിതത്വമില്ലായ്മ യുവജനങ്ങളുടെ ജീവിത സ്വത്വത്തെ നിർണ്ണയിക്കുന്നതെന്ന വീക്ഷണവും സിനിമ മുന്നോട്ട് വയ്ക്കുന്നു. ഒരിക്കലൂം വീടായി മാറാത്ത നഗരത്തിൽ മനുഷ്യർ അതിജീവിക്കാൻ പൊരുതികൊണ്ടിരിക്കുന്നു. നഗരങ്ങൾ അതിന്റെ വേഗം നിലയ്ക്കാതെ മുന്നോട്ടും കുതിക്കുന്നു. സിനിമയിൽ പലപ്പോഴും ഡൽഹി ഒരു കഥാപാത്രമായി മാറുന്നുണ്ട്. ഡിസംബറിലെ തണുപ്പ് പ്രേക്ഷകരിലേക്കും പകരുന്ന ദൃശ്യങ്ങളാണ് ചിത്രത്തിലൊരുക്കിയിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങളായ അഭിയുടെയും സാറയുടെയും ഇന്റിമസിയുടെ ക്ലോസപ്പ് ഷോട്ടുകൾ മനോഹരമാണ്. അഭിയായി വേഷമിട്ട റോഷൻ, സാറയായി എത്തിയ ഭാനുപ്രിയ, സൈമൺ ആയി എത്തിയ ജിതേഷ്, ഗോപിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആരതി എന്നിവരുടെ മികച്ച പ്രകടനം തന്നെയാണ് സിനിമയെ മനോഹരമാക്കുന്നതും.
- Log in to post comments