3500 കോടി രൂപയുടെ പദ്ധതിയിലൂടെ കേരളത്തിലെ മുഴുവൻ സുനാമി വീടുകളും മാറ്റി നൽകും : മന്ത്രി സജി ചെറിയാൻ
തോട്ടപ്പള്ളിയിലെ 'സഫലം' ഭവന സമുച്ചയം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു
നബാർഡ് വഴി 3500 കോടി രൂപയുടെ പദ്ധതി തയ്യാറാണെന്നും താമസയോഗ്യമല്ലാത്ത കേരളത്തിലെ മുഴുവൻ സുനാമി വീടുകളും പുനർ നിർമിച്ച് നൽകുമെന്നും മത്സ്യബന്ധന, സാംസ്കാരിക, യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെയും ഫിഷറീസ് വകുപ്പിന്റെയും സ്വപ്നപദ്ധതിയായ 'പുനർഗേഹം' പദ്ധതിയിലൂടെ നിർമ്മിച്ച മണ്ണും പുറം 'സഫലം' ഭവന സമുച്ചയം ആദ്യഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടലാക്രമണ ഭീഷണിയിൽ കഴിഞ്ഞിരുന്ന നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സുരക്ഷിതമായ വീട് ഒരുക്കുന്നതിനൊപ്പം, അന്തസ്സുറ്റ ജീവിതസൗകര്യങ്ങളും നിലനിൽപ്പും ഉറപ്പാക്കാനാണ് സർക്കാർ പദ്ധതി വഴി ലക്ഷ്യമിട്ടതെന്നും അത് യാഥാർഥ്യമായതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 9108 കുടുംബങ്ങളാണ് വീടില്ലാത്തവരായിട്ട് ഉണ്ടായിരുന്നത്. ഇതിൽ 5478 വീടുകൾ പൂർത്തീകരണ ഘട്ടത്തിലാണ്. 3498 വീടുകളുടെ താക്കോൽ നൽകി കഴിഞ്ഞു.
സഫലം ഉൾപ്പെടെ 1980 ഫ്ലാറ്റുകൾ നിർമ്മാണം ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. മാറി താമസിക്കാൻ സമ്മതിച്ചിട്ടുള്ള വ്യക്തികളിൽ ഇനി 3630 പേർക്ക് മാത്രമേ വീടുകൾ നൽകാനുള്ളൂ എന്നും തീരദേശത്തുനിന്ന് മാറി താമസിക്കുവാൻ കുടുംബങ്ങൾ തയ്യാറല്ലാത്തതാണ് തടസ്സമായി നിൽക്കുന്നതെന്നും മന്ത്രി പറഞ്ഞു. തീരദേശത്തിന് അടുത്ത് തന്നെ സ്ഥലം കണ്ടെത്തി വേണ്ട നടപടികൾ ഉടൻ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2500 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഇതിനായി ചെലവിട്ടത്.
മത്സ്യത്തൊഴിലാളി സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക ഉന്നമനത്തിനായി ചെറുകിട തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ സാമ്പത്തിക-സാങ്കേതിക സഹായം നൽകുന്ന സാഫ് പദ്ധതിയിലൂടെ 200 കോടിയുടെ കച്ചവടമാണ് കഴിഞ്ഞ വർഷം ഉണ്ടായത് എന്ന് മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ഒരു വ്യക്തിക്ക് എങ്കിലും മറ്റ് മേഖലകളിൽ തൊഴിൽ ഉറപ്പാക്കുന്ന തൊഴിൽ തീരം പദ്ധതിയും സർക്കാർ നടപ്പിലാക്കുന്നുണ്ട്. ചെത്തി, അർത്തുങ്കൽ, വലിയഴിക്കൽ എന്നീ ഹാർബറുകൾക്ക് പുറമേ തോട്ടപ്പള്ളി ഹാർബറും ഉടൻ യാഥാർത്ഥ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി. ഫിഷറീസ് വകുപ്പ് ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി തയ്യാറാക്കാനുള്ള ആലോചനയിലാണ് എന്നും സർക്കാർ തുടർഭരണത്തിലേറിയാൽ ഇതോടൊപ്പം നബാർഡ് വഴി 3000 കോടിയുടെ മറ്റൊരു പദ്ധതിയും നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.
സഫലം പദ്ധതിയുടെ ആദ്യ ഗുണഭോക്താവായ ഗോപാലൻ എന്ന വ്യക്തിയുടെ ഭാര്യയെ ഗുണഭോക്താവാക്കിയുള്ള സഫലം 5A 01 എന്ന പേരിലുള്ള ഫ്ലാറ്റിലാണ് പാലുകാച്ചി മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.
വേലിയേറ്റ പരിധിയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിച്ചിരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ആദ്യഘട്ടത്തിൽ സുരക്ഷിതമായ ഈ ഫ്ലാറ്റുകളിലേക്ക് എത്തുക. അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയിൽ ഉൾപ്പെട്ട 40 കുടുംബങ്ങളും പുനർഗേഹം പദ്ധതിയുടെ ഭാഗമായ 44 മത്സ്യത്തൊഴിലാളി കുടുംബങ്ങളും പുതിയൊരു ജീവിതം കെട്ടിപ്പടുക്കുന്നതിന് ഒരു നാടും സർക്കാരും അഭിമാനത്തോടെ സാക്ഷിയാവുകയാണ്.
റവന്യൂ വകുപ്പ് ഫിഷറീസ് വകുപ്പിന് കൈമാറിയ മൂന്ന് ഏക്കർ 48 സെന്റ് ഭൂമിയിൽ 26.5 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ഈ പദ്ധതിയിൽ ആകെ 204 ഭവനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ ആദ്യഘട്ടത്തിലെ പൂർത്തിയായ 84 വീടുകളാണ് കൈമാറിയത്. ജില്ലയിൽ ഇതുവരെ 73 കോടിയിലധികം രൂപയാണ് "പുനർഗേഹം" പുനരധിവാസ പദ്ധതിക്കായി മാത്രം സർക്കാർ ചെലവഴിച്ചത്. ഇതിനോടകം തന്നെ പദ്ധതി വഴി 100 കുടുംബങ്ങൾ സുരക്ഷിത ഭവനങ്ങളിലേക്ക് മാറി കഴിഞ്ഞു. ഭൂരഹിതരായ 125 ഗുണഭോക്താക്കൾക്ക് ഭൂമി വാങ്ങാനും 568 കുടുംബങ്ങൾക്ക് വീട് വെക്കാനും 950 പേർക്ക് ഭവന പുനരുദ്ധാരണ പദ്ധതിക്ക് ധനസഹായങ്ങളും നൽകി.
ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനായി. സംസ്ഥാനത്ത് പുനർഗേഹം വഴി ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾക്ക് സൗകര്യം സിദ്ധിച്ച മണ്ഡലമാണ് അമ്പലപ്പുഴയെന്ന് എം.എൽ.എ പറഞ്ഞു. എഡിഎം ആശാ സി എബ്രഹാം, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കവിത, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത സതീഷ്, പുറക്കാട് ഗ്രാമപഞ്ചായത്ത് അംഗം ആർ രാജി, ഫിഷറീസ് വകുപ്പ് ഡയറക്ടർ വി ചെൽസാസിനി, കെ എസ് സി എ ഡി സി മാനേജിങ് ഡയറക്ടർ പി ഐ ഷെയ്ക്ക് പരീത്, ഫിഷറീസ് വകുപ്പ് അഡീഷണൽ ഡയറക്ടർ സ്മിത ആർ നായർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പദ്ധതി ഗുണഭോക്താക്കൾ, നാട്ടുകാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments