Skip to main content

കാഴ്ചയുടെ വസന്തമൊരുക്കി കാര്‍ഷിക വിപണിയും വ്യൂ പോയിന്റും; ആദൂര്‍ കശുമാവ് സന്തതി തോട്ടം ഫാം ഫെസ്റ്റിന് ഒരുങ്ങുന്നു

ഗാളിമുഖം കശുമാവ് സന്തതി തോട്ടത്തിന്റെ പച്ചപ്പും പ്രകൃതി ഭംഗിയും ആസ്വദിക്കാന്‍ നാട്ടുകാര്‍ക്ക് സുവര്‍ണ്ണാവസരമൊരുങ്ങുന്നു. സര്‍ക്കാര്‍ അധീനതയിലുള്ള ഫാമുകള്‍ ജനകീയമാക്കണമെന്ന കൃഷി മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഫെബ്രുവരി 28, മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളിലായി വിപുലമായ ഫാം ഫെസ്റ്റ് സംഘടിപ്പിക്കുകയാണ്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഈ കാര്‍ഷിക പ്രദര്‍ശന വിപണന മേള ഗാളിമുഖം, ആദൂര്‍ പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കശുമാവ് തോട്ടത്തിന്റെ മനോഹാരിത പൊതുജനങ്ങള്‍ക്ക് അടുത്തറിയാന്‍ വേദിയൊരുക്കും.

 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം മേള ഉദ്ഘാടനം ചെയ്യും.കാറഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജനനിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. ഫെസ്റ്റ് നടക്കുന്ന ദിവസങ്ങളില്‍ രാവിലെ ഒമ്പത്  മുതല്‍ വൈകിട്ട് ആറ് മണി വരെ പൊതുജനങ്ങള്‍ക്ക് ഫാമിലേക്ക് സൗജന്യമായി പ്രവേശിക്കാവുന്നതാണ്.

ഗാളിമുഖത്തെ ഉദയാസ്തമനങ്ങളുടെ വിസ്മയ കാഴ്ചകള്‍ സമ്മാനിക്കുന്ന മാവിലാംകോട്ട് വ്യൂ പോയിന്റും അതിനോടനുബന്ധിച്ചുള്ള ഷെല്‍ട്ടറും ഫെസ്റ്റിന്റെ ഭാഗമായി ഉദ്ഘാടനം ചെയ്യുമെന്നത് സന്ദര്‍ശകര്‍ക്ക് വലിയ ആവേശമാകും. ഫാമിന്റെ പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനൊപ്പം കൃഷി വകുപ്പിന്റെയും വിവിധ കാര്‍ഷിക ഏജന്‍സികളുടെയും സ്റ്റാളുകളും മേളയില്‍ സജ്ജീകരിക്കും. ഗുണമേന്മയുള്ള കാര്‍ഷിക തൈകളും നടീല്‍ വസ്തുക്കളും നേരിട്ട് വാങ്ങാനുള്ള സൗകര്യവും ഇവിടെയുണ്ടാകും. ഗാളിമുഖം കശുമാവ് തോട്ടത്തെ ഒരു വലിയ വിനോദ-വിജ്ഞാന വിരുന്നാക്കി മാറ്റി നാടിന്റെ ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍

 

date