Skip to main content
ഗ്രാമീണ കലാകേന്ദ്രം

ഗ്രാമീണ കലാകേന്ദ്രം പദ്ധതി നൂറുകണക്കിന് കലാകാരന്മാർക്ക് ജീവനോപാധിയായി മാറി : മന്ത്രി സജി ചെറിയാൻ

ആറന്മുള വാസ്തുവിദ്യാ ഗുരുകുലം ആസ്ഥാന മന്ദിരം നിർമ്മാണ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

നാടിൻറെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാകുന്നുവെന്ന് മന്ത്രി വീണാ ജോർജ്

സാംസ്കാരിക വകുപ്പിന്റെ ഗ്രാമീണ കലാകേന്ദ്രം പദ്ധതി ( റൂറൽ ആർട്ട് ഹബ്ബ്) യിലൂടെ പരമ്പരാഗത തൊഴിൽ ചെയ്തുവരുന്ന നൂറുകണക്കിന് കലാകാരൻമാർക്ക് ജീവനോപാധി കണ്ടെത്താനായെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വാസ്തുവിദ്യാ ഗുരുകുലം ആസ്ഥാന മന്ദിരം നിർമ്മാണ ഉദ്ഘാടനം ആറന്മുള എൻജിനീയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.  വാസ്തുവിദ്യ ഗുരുകുലം നിർവഹണ ഏജൻസിയായുള്ള പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ച് വലിയ തോതിൽ നടത്താനുള്ള പരിശ്രമത്തിലാണ് സർക്കാർ . കേരളത്തിലെ പൈതൃക ഗ്രാമങ്ങളെ ഇതിൻറെ ഭാഗമാക്കും. ഉൽപന്നങ്ങൾ വാസ്തുവിദ്യ ഗുരുകുലത്തിലൂടെ തന്നെ വിപണനം ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്. വാസ്തുവിദ്യ ഗുരുകുലത്തിന് സ്വന്തമായി ഒരു ആസ്ഥാനമന്ദിരം എന്നത് നാടിൻറെ സ്വപ്നമായിരുന്നു. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വീണാ ജോർജിന്റെ ശ്രമഫലമായി കൂടിയാണ് പദ്ധതി യാഥാർത്ഥ്യമാകുന്നതെന്ന് മന്ത്രി പറഞ്ഞു. 

ആറന്മുളയുടെ മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ടാണ് വാസ്തുവിദ്യ ഗുരുകുലത്തിന് പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നതെന്ന് അധ്യക്ഷയായ മന്ത്രി വീണാ ജോർജ് പറഞ്ഞു. പരിസ്ഥിതി സൗഹാർദമായാണ് കെട്ടിടത്തിന്റെ നിർമ്മാണം .
മന്ദിരത്തോട് ചേർന്നുവരുന്ന ജലാശയത്തിലൂടെ ആറന്മുളയുടെ ഗ്രാമഭംഗി   കണ്ടറിഞ്ഞ് യാത്ര ചെയ്യാൻ കഴിയുന്ന രീതിയിൽ വികസിപ്പിച്ചെടുക്കുന്ന വിനോദസഞ്ചാര പദ്ധതിക്ക് ഏഴു കോടി രൂപയുടെ അനുമതിയായി. ആറന്മുള  ക്ഷേത്രകടവ് വരെയുള്ള  നടപ്പാതയും അനുബന്ധകാര്യങ്ങളും നിർമ്മിക്കുന്നതിനായി 10 കോടി രൂപയുടെ അനുമതിയും ലഭ്യമായതായി മന്ത്രി അറിയിച്ചു. 

വാസ്തുവിദ്യ ഗുരുകുലം എക്സിക്യൂട്ടീവ് ഡയറക്ടർ പി എസ് പ്രിയദർശൻ പദ്ധതി വിശദീകരണം നടത്തി. 
സാംസ്‌കാരിക സാമൂഹിക മൂല്യങ്ങളാലും കരകൗശല പൈതൃകങ്ങളാലും സമ്പന്നമായ ആറന്മുള  പൈതൃകഗ്രാമത്തിൻ്റെ ചെറുപതിപ്പ് എന്ന രീതിയിൽ വാസ്തു‌വിദ്യാ ഗുരുകുലത്തിന്റെ ഉടമസ്ഥതയിൽ ആറന്മുള പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഭൂമിയിലാണ് പദ്ധതി നടപ്പിലാകുന്നത്. അഡ്മിനിസ്ട്രേറ്റീവ്-അക്കാദമിക് ബ്ലോക്കുകൾ, ഹോസ്റ്റൽ സൗകര്യം, ഗ്രാമീണ കലാകേന്ദ്രം പദ്ധതിയിൽ ഉൾപ്പെട്ട സ്വയം സഹായസംഘങ്ങളുടെ ഉൽപന്നങ്ങളുടെ പ്രദർശനവും വില്പനയും, ഉൽപന്നങ്ങളുടെ ഉൽപാദന പ്രക്രിയയുടെ തത്സമയ പ്രദർശനം, വാസ്തുവിദ്യാ-ചുമർചിത്ര രചനാ മ്യൂസിയം, പൈതൃകഗ്രാമമായ ആറന്മുളയിൽ എത്തപ്പെടുന്ന ടൂറിസ്റ്റുകൾക്ക് താമസിക്കുന്നതിനായി ഗസ്റ്റ് റൂമുകൾ, ഓഡിറ്റോറിയം, കലാ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള സമ്മേളന ഹാളുകൾ എന്നിവ ഉൾപ്പെടെ 60000 ചതുരശ്ര അടി വിസ്‌തീർണ്ണത്തിൽ ആണ് 20 കോടി രൂപാ ചെലവ് പ്രതീക്ഷിക്കുന്ന ആസ്ഥാന മന്ദിരം വിഭാവനം ചെയ്‌തിരിക്കുന്നത്. തികച്ചും പരിസ്ഥിതി സൗഹാർദ്ദ നിർമ്മാണ രീതികൾ അവലംബിച്ചും ഭൂമിയുടെ സ്വാഭാവിക പ്രകൃതത്തിന് കോട്ടം വരാത്ത രീതിയിൽ ഏറ്റവും കുറച്ച് സ്ഥലം മാത്രം നികത്തിയും ആണ് നിർമ്മാണം ആസൂത്രണം ചെയ്‌തിട്ടുള്ളത്. 

വാസ്തുവിദ്യ ഗുരുകുലം വൈസ് ചെയർമാൻ ആർ അജയകുമാർ, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജി ചാക്കോ, മുൻ എംഎൽഎ മാലേത്ത് സരളാദേവി, ജില്ലാ പഞ്ചായത്ത് അംഗം  സവിതാ അജയകുമാർ, ഗ്രാമപഞ്ചായത്ത് അംഗം  പ്രസാദ് വേരുങ്കൽ, വാസ്തുവിദ്യ ഗുരുകുലം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജി വിജയൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date