സംസ്‌ഥാനത്ത് 1,16,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കി : മുഖ്യമന്ത്രി പിണറായി വിജയൻ
ആറന്മുള മണ്ഡലത്തിലെ പൂർത്തീകരിച്ച എട്ടു റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
സംസ്‌ഥാനത്ത് പത്തു വർഷത്തിനുള്ളിൽ കിഫ്‌ബി മുഖേന 1,16,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി നടപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.
ആറന്മുള മണ്ഡലത്തിലെ പൂർത്തീകരിച്ച എട്ടു റോഡുകളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. തീരദേശ ഹൈവേ , മലയോര ഹൈവേ, നാഷണൽ ഹൈവേ, എം സി റോഡ് വികസനം, വയനാട് തുരങ്ക പാത, ദേശീയ ജല പാത ഉൾപ്പടെ നിരവധി വികസന പദ്ധതികൾ സാധ്യമായി. ലോകത്താകെ അറിയപ്പെടുന്ന വിധം വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായി.
രാജ്യത്ത് ആദ്യമായി ലൈവ് സയൻസ് പാർക്ക് കേരളത്തിലെത്തി. ഡിജിറ്റൽ സയൻസ് പാർക്കും സാധ്യമാകുന്നു. മെഡിക്കൽ കോളേജ് വികസനമുൾപ്പെടെ സംസ്ഥാനത്തിന് മുന്നേറ്റം ഉണ്ടായി. പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആയി. പദ്ധതികൾ കടലാസിൽ ഒതുങ്ങാതെ പ്രാബല്യത്തിലെത്തുന്നതിന് കേരളം സാക്ഷ്യം വഹിച്ചു. സമാധാനത്തിന്റെ പുരോഗതി എല്ലാ ജില്ലയിലും വ്യക്തമാണ്. ഒരു ദശാബ്ദ കാലത്തിനുള്ളിൽ ബൃഹത് പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാരിന് സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
പശ്ചാത്തല വികസനത്തിൽ സംസ്‌ഥാനത്ത് മുന്നേറ്റം ഉണ്ടായതായി അധ്യക്ഷ പ്രസംഗത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. പത്തു വർഷത്തിനുള്ളിൽ
റോഡ്, പാലം, മേൽപ്പാലം,കെട്ടിടം എന്നിവയ്ക്കുണ്ടായത് നാട് അറിഞ്ഞ വികസനമാണ്. നാട് വികസിക്കണമെന്ന സർക്കാരിന്റെ ദീർഘവീക്ഷണമാണ് ഇതിനു കാരണം. സാധ്യമാകില്ലെന്ന് വിധി എഴുതിയ ദേശീയപാത 66 സാധ്യമായി.
ചരിത്രത്തിൽ ആദ്യമായി ദേശീയ പാതയ്ക്കായി സംസ്ഥാന സർക്കാർ പണം കണ്ടെത്തി എന്നുള്ളതും പ്രത്യേകതയാണ്.
കേരളം സ്വന്തമായി തുരങ്കപാത എന്ന സ്വപ്നത്തിലേക്ക് കടന്നു. 150 പാലങ്ങൾ പൂർത്തിയായി. നിർമ്മാണത്തിനൊപ്പം പരിപാലനത്തിലും സർക്കാർ ശ്രദ്ധ നൽകുന്നതായും മന്ത്രി പറഞ്ഞു.
നാടിന്റെ ആവശ്യവും സ്വപ്നവുമായ തുമ്പമൺ- കുളനട പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന
മണ്ണാക്കടവ് പാലം പൊതുജനങ്ങൾക്കായി അടുത്ത വാരം തുറന്നു നൽകുമെന്ന് മുഖ്യപ്രഭാഷണത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.വയറപ്പുഴ പാലം നിർമാണം പുരോഗമിക്കുന്നു. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ മേഖലയിലും മണ്ഡലത്തിൽ ജനക്ഷേമം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ സാധ്യമായി.ആറന്മുള മണ്ഡലത്തിലെ 69 റോഡുകൾ ബി എം ബി സി നിലവാരത്തിൽ നിർമ്മിച്ചതായും മന്ത്രി പറഞ്ഞു. കെ എസ് ടി പി എക്സിക്യൂട്ടീവ് എൻജിനീയർ ആർ ദീപ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം സവിത അജയകുമാർ, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ, വൈസ് പ്രസിഡന്റ് സാവിത്രി ഭദ്രൻ,
അംഗങ്ങളായ പിടി സുരേഷ്, എം എലിസബത്ത്, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ജി ബാബുരാജൻ, കെഎസ്ടിപി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്റ്റെമേഴ്സൺ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments