Skip to main content

അഴീക്കല്‍ മത്സ്യബന്ധന തുറമുഖം മുഖ്യമന്ത്രി ബുധനാഴ്ച നാടിന് സമര്‍പ്പിക്കും

 

ആധുനികവല്‍ക്കരണ പ്രവൃത്തികള്‍ പൂര്‍ത്തിയായ അഴിക്കല്‍ മത്സ്യബന്ധന തുറമുഖം ബുധനാഴ്ച വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. മത്സ്യബന്ധന ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും.

നബാര്‍ഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 25.36 കോടിരൂപ ചെലവഴിച്ചാണ് അഴീക്കല്‍ മത്സ്യബന്ധന തുറമുഖത്ത് ആധുനികവല്‍ക്കരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. പ്രവൃത്തികളുടെ ഭാഗമായി 186.15 മീറ്ററിലുള്ള വാര്‍ഫ്, ലേലപ്പുര, വാര്‍ഫ് പ്രൊസസിംഗ് യുനിറ്റിനായി ഹാള്‍, ലോക്കര്‍ മുറികള്‍, ഫിഷറീസ് ഓഫീസ്, കാന്റീന്‍ കെട്ടിടം, ടോയ്ലെറ്റ് ബ്ലോക്കുകള്‍ എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം നിലവിലുള്ള കെട്ടിടങ്ങളുടെയും ബെര്‍ത്തിംഗ് ജെട്ടിയുടെയും അറ്റകുറ്റ പ്രവൃത്തികളും നടത്തി. ചുറ്റുമതിലും മഴവെള്ള സംഭരണിയും സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും ഒരുക്കിയിട്ടുണ്ട്. 

കെ.വി സുമേഷ് എംഎല്‍എ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് 2022 ല്‍ സമഗ്ര പദ്ധതിരേഖ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചു. ഭരണാനുമതി ലഭിച്ചതോടെ 2023 ലാണ് ആധുനികവല്‍ക്കരണ പ്രവൃത്തി തുടങ്ങിയത്. 1960 ല്‍ ജലസേചന വകുപ്പാണ് അഴീക്കലില്‍ മത്സ്യബന്ധന തുറമുഖം നിര്‍മിച്ചത്. ഉത്തര കേരളത്തില്‍ ഏറ്റവും കൂടുതല്‍ മത്സ്യസമ്പത്ത് ലഭിക്കുന്ന ഹാര്‍ബറാണിത്. അതിഥി തൊഴിലാളികള്‍ ഉള്‍പ്പടെ ആയിരത്തിലേറെ തൊഴിലാളികള്‍ ഹാര്‍ബറിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്നു. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പാണ് നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കിയത്.

date